
ശൂന്യമായി കിടക്കുന്ന ബഹിരാകാശത്തു ഭക്ഷണം കിട്ടാൻ യാതൊരു സാധ്യതയുമില്ല. ഉറപ്പിക്കാൻ വരട്ടെ ബഹിരാകാശത്തു നിന്നും ഭക്ഷണം ലഭിക്കും. ഛിന്നഗ്രഹങ്ങൾ ഉപയോഗിച്ച് ഭക്ഷണം കണ്ടെത്താൻ സാധിക്കുമെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. ഭാവിയിൽ ബഹിരാകാശത്തേക്കു ദീർഘയാത്രകൾ പോകുന്ന ഡീപ് സ്‌പേസ് ദൗത്യങ്ങളിലായിരിക്കുമത്രേ ഇത് വളരെ നിർണായകമായി മാറുന്നത്.
ഛിന്നഗ്രഹം എടുത്ത് ബഹിരാകാശയാത്രികർക്ക് എങ്ങനെ കഴിക്കാൻ പറ്റും? ഇതിനുള്ള വഴിയും ശാസ്ത്രജ്ഞർ പറഞ്ഞു തരുന്നു. ഛിന്നഗ്രഹത്തിലെ കല്ലും കട്ടയുമായിരിക്കില്ല യാത്രികർക്ക് ഭക്ഷണമാകുന്നതും കഴിക്കുന്നതും. മറിച്ച് ഛിന്നഗ്രഹത്തിലെ കാർബൺ ഭക്ഷിക്കാവുന്ന രീതിയിലേക്കു മാറ്റി ഉപയോഗിക്കുകയാകും അവർ ചെയ്യുക.
നിലവിൽ ബഹിരാകാശയാത്രികർ കൊണ്ടുപോകുന്നതുപോലത്തെ ഡ്രൈഫുഡ്, സ്‌പേസ് ഫാമിങ് മാതിരിയുള്ള ചെലവേറിയ രീതികൾ എന്നിവയുടെ ആവശ്യം ഇതോടെ ഇല്ലാതെയാകുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടി. ഛിന്നഗ്രഹത്തിലൂടെ ഭക്ഷണം കണ്ടെത്താമെന്ന പഠനം നടത്തിയത് മിഷിഗൻ ടെക്‌നോളജിക്കൽ സർവകലാശാലയുടെ കീഴിലാണ്. യുഎസിലെ പ്രതിരോധവകുപ്പ് നടത്തിയ ഒരു പഠനമാണ് ഇതിന് തുടക്കം കുറിച്ചത്.
കാർബൺ നല്ലരീതിയിലുള്ള ബെന്നു എന്ന ഛിന്നഗ്രഹത്തിൽ ബഹിരാകാശ സഞ്ചാരികൾക്ക് കാലങ്ങളോളം കഴിയാനാകുമെന്നും ഗവേഷകർ പറയുന്നു. എന്നാൽ ഇപ്പോഴേ ഛിന്നഗ്രഹത്തെ അങ്ങ് ഭക്ഷണമാക്കിയേക്കാം എന്നു കരുതേണ്ട. ഛിന്നഗ്രഹത്തിൽ നിന്നുള്ള ഭക്ഷ്യയോഗ്യമായ വസ്തുക്കളിൽ ഗഹനമായ ടോക്‌സിസിറ്റി ടെസ്റ്റുകൾ നടത്തിയ ശേഷമേ ഇതുറപ്പിക്കാൻ സാധിക്കൂ എന്നും കൂട്ടിചേർത്തു.