തിരുവനന്തപുരം: നികുതി അടയ്ക്കാത്ത ബാര്‍ മുതലാളിമാരെ പൂട്ടാനുള്ള ജി.എസ്.ടി വകുപ്പിന്റെ നീക്കം അട്ടിമറിച്ച് സര്‍ക്കാര്‍. കുടിശ്ശിക വരുത്തിയ ബാറുകള്‍ക്ക് മദ്യ വിതരണം നിര്‍ത്തിവെച്ച നടപടി മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് മരവിപ്പിച്ചു.
നികുതി കുടിശ്ശിക വരുത്തിയ ബാര്‍ ഉടമകള്‍ക്ക് മദ്യം നല്‍കുന്നത് നിര്‍ത്തി വെക്കുമെന്ന് ധനമന്ത്രി നിയമസഭയില്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ കുടിശ്ശികക്കാര്‍ക്ക് മദ്യം നല്‍കരുതെന്ന് ജി.എസ്.ടി വകുപ്പ് സംസ്ഥാന ബിവറേജസ് കോര്‍പ്പറേഷനോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
അബ്കാരി നിയമപ്രകാരവും കെ.ജി.എസ്.ടി നിയമപ്രകാരവും നികുതി കുടിശ്ശിക വരുത്തിയാല്‍ ബാറുകള്‍ക്കുള്ള പ്രവര്‍ത്തന അനുമതി റദ്ദാക്കാനുള്ള നിയമങ്ങളുണ്ട്. ഇതിനെതിരെ ബാറുടമകള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും നികുതി വകുപ്പിന് അനുകൂലമായ നിലപാടാണ് ഹൈക്കോടതി കൈക്കൊണ്ടത്.
ചുരുങ്ങിയത് 300 കോടി രൂപയെങ്കിലും ബാറുകളില്‍ നിന്ന് നികുതി കുടിശിക പിരിക്കാനുണ്ട്. കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുമ്പോഴും കുടിശിക പിരിക്കുന്നതില്‍ സര്‍ക്കാരിന് ആത്മാര്‍ഥതയില്ലെന്നതിന് തെളിവാണ് കുടിശ്ശികയുള്ള ബാറുകള്‍ക്ക് മദ്യവിതരണം പുനഃസ്ഥാപിച്ചത്.
അതേസമയം, ബാര്‍ മുതലാളിമാരുടെ വാദങ്ങള്‍ ഉയര്‍ത്തിയുള്ള മനോരമയുടെ വാര്‍ത്തക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. 200 കോടി രൂപ ബാറുടമകള്‍ കുടിശ്ശിക വരുത്തിയെന്ന് സര്‍ക്കാര്‍ പറയുമ്പോള്‍ 70 കോടിയെന്ന മുതലാളിമാരുടെ കണക്കാണ് മനോരമ വാര്‍ത്തയില്‍ ഉയര്‍ത്തിക്കാട്ടുന്നത്. കുടിശ്ശിക പിരിച്ചെടുക്കാത്തത് നികുതി വകുപ്പിന്റെ വീഴ്ച്ചയാണെന്നും മലയാള മനോരമ പ്രസിദ്ധീകരിച്ച വാര്‍ത്തയില്‍ ആക്ഷേപിക്കുന്നുണ്ട്. ഗഡുക്കളായി നികുതി കുടിശ്ശിക പിരിക്കാനുള്ള വഴികളാണ് മനോരമ നിര്‍ദ്ദേശിക്കുന്നത്.
ഉമ്മന്‍ചാണ്ടിയുടെ കാലത്ത് പൂട്ടിയ ബാറുകള്‍ക്ക് പകരം പിണറായിയുടെ ഭരണകാലത്ത് 717 ബാറുകളാണ് കേരളത്തില്‍ തുറന്നത്. എന്നാല്‍ പ്രളയം, കോവിഡ് തുടങ്ങിയ തടസ്സവാദങ്ങള്‍ നിരത്തി ഭൂരിഭാഗം ബാര്‍ ഹോട്ടലുകളും യഥാസമയം റിട്ടേണുകള്‍ ഫയല്‍ ചെയ്യുകയോ ടി.ഒ.ടി അടക്കുകയോ ചെയ്തില്ല ഇതിന് സര്‍ക്കാരിന്റെ മൗനാനുവാദവും ഉണ്ടായിരുന്നു.
2023 ജനുവരിയില്‍ നിയമസഭയില്‍ പ്രതിപക്ഷ നേതാവ് ഈ വിഷയം ഉന്നയിക്കുകയും ഉമാ തോമസ് എം.എല്‍.എ ചോദ്യം ഉയര്‍ത്തുകയും ചെയ്തതോടെ സര്‍ക്കാര്‍ നികുതി കുടിശ്ശികക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി രേഖാമൂലം മറുപടി നല്‍കി. ഈ മറുപടി അനുസരിച്ച് 2022-2023 കാലയളവില്‍ മാത്രം 328 ബാറുകള്‍ പ്രതിമാസ റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നതില്‍ വീഴ്ചവരുത്തിയെന്ന് ധനമന്ത്രിക്ക് സമ്മതിക്കേണ്ടി വന്നു.
ഈ കഴിഞ്ഞ 9-ാം സമ്മേളനത്തിലും പ്രതിപക്ഷ ആരോപണത്തിന് മറുപടിയായി കുടിശ്ശിക വരുത്തിയ ബാര്‍ ഹോട്ടലുകള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ഇത്തരത്തിലുള്ള ബാറുകള്‍ക്ക് ബിവറേജസ് കോര്‍പ്പറേഷനില്‍ നിന്ന് മദ്യം വിതരണം ചെയ്യുന്നത് നിര്‍ത്തുമെന്നും പ്രഖ്യാപിച്ചു.
എന്നാല്‍ നികുതി കുടിശ്ശിക വരുത്തിയ ബാറുടമകള്‍ക്ക് അനുകൂലമായ നിലപാടാണ് ബിവറേജസ് കോര്‍പ്പറേഷന്‍ എം.ഡി സ്വീകരിച്ചത്. കുടിശ്ശികയുള്ള ബാറുകള്‍ക്ക് മദ്യം നല്‍കാതിരുന്നാല്‍ വ്യാജ മദ്യം വില്പന കൂടുമെന്നും സ്വാഭാവികമായ വില്പന നികുതിയില്‍ കുറവ് സംഭവിക്കുമെന്നും അതുകൊണ്ട് നിലപാടില്‍ വ്യക്തത വേണമെന്നും ആവശ്യപ്പെട്ട് എം.ഡി കത്ത് നല്‍കുകയായിരുന്നു.
കുടിശിക അടയ്ക്കാത്ത ബാറുകള്‍ക്ക് മദ്യം കൊടുക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തി വെച്ച തീരുമാനം പിന്‍വലിക്കാന്‍ ബാറുടമകള്‍ മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെടുകയായിരുന്നു. അനുകൂല തീരുമാനം ഉണ്ടാകുവാന്‍ ബാറുടമകള്‍ സംഘടനാതലത്തില്‍ പണപ്പിരിവ് നടത്തിയെന്നും അറിയുന്നു. ഇതോടെ ബാര്‍ മുതലാളിമാരില്‍ നിന്ന് സര്‍ക്കാരിലേക്ക് കിട്ടേണ്ടുന്ന തുക പിരിച്ചെടുക്കുന്ന നടപടികള്‍ തടസ്സപ്പെടുകയായിരുന്നു.