ബിഗ് ബോസ് മലയാളം സീസൺ ആറിൽ മത്സരാർത്ഥികളായി എത്തി അടുത്ത സൗഹൃദത്തിലായവരാണ് നടനായ ഗബ്രി ജോസും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറായ ജാസ്മിൻ ജാഫറും. ജാസ്മിനുമായി ഗബ്രി അടുത്തപ്പോൾ ഇരുവരും ഹൗസിൽ നിലനിൽക്കാൻ വേണ്ടി ലവ് കോമ്പോ കളിക്കുകയാണെന്നും ആക്ഷേപമുണ്ടായിരുന്നു. കൂടാതെ ഷോ കഴിഞ്ഞ് ഇറങ്ങുമ്പോൾ രണ്ടുപേരും രണ്ട് വഴിക്ക് പോകുമെന്നും ഒരു വിഭാഗം ബിഗ് ബോസ് ഷോ ആരാധകർ പ്രവചിച്ചിരുന്നു. എന്നാൽ സംഭവിച്ചതെല്ലാം മറിച്ചായിരുന്നു എന്നതാണ് സത്യം. ജാസ്മിനെ സൈബർ ആക്രമണത്തിന് വിട്ടുകൊടുക്കാതെ ഏറ്റവും നല്ല സുഹൃത്തായി ഗബ്രി ഹൗസിൽ ഉള്ളതുപോലെ തന്നെയാണ് പുറത്തും. ഇരുവരും ഇപ്പോഴൊരു യാത്രയിലാണ്. പഞ്ചാബിലാണ് ഇരുവരും ഉള്ളതെന്നാണ് പുതിയ വിഡിയോയിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്.
ഗബ്രിയുടെ സുഹൃത്തിന്റെ വിവാഹമാണ് ഇന്ന്. ജയ്പൂരിൽ വെച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുന്നത്. അതിൽ പങ്കെടുക്കാനായി പോകുന്ന യാത്രയിൽ ജാസ്മിനേയും ഒപ്പം കൂട്ടിയതായിരുന്നു ഗബ്രി. അതേസമയം, ലോക പ്രശസ്തമായ സുവർണ്ണക്ഷേത്രം സന്ദർശിക്കണമെന്നത് ഗബ്രിയുടെ വളരെ വർഷങ്ങളായുള്ള ആഗ്രഹങ്ങളിൽ ഒന്നായിരുന്നു. ആ ആഗ്രഹം സഫലമാക്കുന്നതിനായി ജയ്പൂർ യാത്ര മധ്യേ ഇരുവരും അമൃത്സറിൽ ഇറങ്ങുകയും സുവർണ്ണക്ഷേത്രവും അതിന് അടുത്തായി സ്ഥിതി ചെയ്യുന്ന ജാലിയൻ വാലാബാഗ് സ്മാരകവും സന്ദർശിച്ചതിന്റെ വിശേഷങ്ങളാണ് ജാസ്മിന്റെ ചാനലിലൂടെ പുറത്ത് വിട്ട പുതിയ വ്ലോഗ് വീഡിയോയിൽ ഇരുവരും പങ്കുവെച്ചിരിക്കുന്നത്. സുവർണ്ണക്ഷേത്രത്തിന് സമീപത്തുള്ള ഒരു ഹോട്ടലിലാണ് ഇരുവരും താമസിച്ചത്.
സുവർണ്ണക്ഷേത്രവും പരിസരവും എപ്പോഴും മഞ്ഞ് മൂടി കിടക്കുന്ന പ്രതീതിയാണ്. എന്നാൽ അത് മഞ്ഞല്ല പൊല്യൂഷനാണെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞതെന്നും ഇരുവരും വീഡിയോയിൽ പറയുന്നു. സുവർണ്ണക്ഷേത്രം സന്ദർശിച്ചത് വളരെ നല്ലൊരു അനുഭവമായി തോന്നിയെന്നാണ് ഇരുവരും പറയുന്നത്. അതിനിടയിൽ ഗബ്രിക്കൊപ്പമുള്ള യാത്രയിലെ ചില രസകരമായ കാര്യങ്ങളും ജാസ്മിൻ പങ്കുവയ്ക്കുന്നുണ്ട്. സുവർണ്ണക്ഷേത്രം പ്രശസ്തമായ ടൂറിസ്റ്റ് പ്ലെയ്സ് ആയതുകൊണ്ട് തന്നെ നല്ല തിരക്കുണ്ടായിരുന്നു. താൻ ഗബ്രിയുടെ സമീപത്ത് നിന്ന് മാറി പോകുന്നുവെന്ന് തോന്നുമ്പോൾ ഗബ്രി വഴക്ക് പറയുമെന്നും എന്നാൽ അടുത്ത് ചേർന്ന് നടന്നാൽ ആളുകൾ ശ്രദ്ധിക്കുന്നുവെന്ന് പറഞ്ഞ് അപ്പോഴും വഴക്ക് പറയുകയും മുഖം വീർപ്പിക്കുകയും ചെയ്യും.
ഗബ്രിയുടെ ഈ പെരുമാറ്റം കാണുമ്പോൾ തനിക്ക് ചിലപ്പോഴൊക്കെ ദേഷ്യം വരാറുണ്ടെന്നും ജാസ്മിൻ പറയുന്നു. അതേസമയം, വെളുത്ത ചുരിദാറിൽ അതീവ സുന്ദരിയായാണ് വീഡിയോയിൽ ജാസ്മിനെ കാണാനാകുക. വെളുത്ത നിറത്തിലുള്ള കുർത്ത ഷർട്ടായിരുന്നു ഗബ്രിയുടെ വേഷം. അടുത്തിടെ ഇരുവരും മേഘാലയ ട്രിപ്പ് നടത്തിയതും വൈറലായിരുന്നു. ഗബ്രിക്കൊപ്പം കൂടിയതോടെയാണ് ജാസ്മിൻ നീണ്ട യാത്രകൾ ചെയ്ത് തുടങ്ങിയത്. ഇരുവരും ബിഗ് ബോസിലായിരുന്നപ്പോൾ കോമ്പോയായാണ് ഹൗസിൽ നിന്നതും നിലപാടുകൾ പറഞ്ഞതും ഗെയിം കളിച്ചതുമെല്ലാം. എന്നാൽ അന്ന് ഇരുവർക്കും ലഭിച്ചതേറെയും വിമർശനമായിരുന്നു. അതിന് കാരണം വിവാഹനിശ്ചയം കഴിഞ്ഞ ജാസ്മിൻ ഗബ്രിയുമായി അടുത്ത് ഇടപഴകുന്നു, ക്ലാരിറ്റി ഇല്ലാത്ത റിലേഷൻഷിപ്പുമായി മുന്നോട്ട് പോകുന്നുവെന്നതായിരുന്നു.
എന്നാൽ ഷോ കഴിഞ്ഞ് അടിച്ചു പിരിയുമെന്ന് പറഞ്ഞവർക്ക് മുന്നിൽ ഗബ്രിയും ജാസ്മിനും തങ്ങളുടെ സൗഹൃദം ഇപ്പോഴും തുടരുകയാണ്. അതേസമയം, ഇന്ന് ജാസ്മിൻ മാത്രമല്ല ഗബ്രിയും ഒരു കുട്ടി യുട്യൂബറാണ്. ചാനൽ തുടങ്ങി വളരെ വൈകാതെ തന്നെ ഒരു ലക്ഷത്തിന് മുകളിൽ സബ്സ്ക്രൈബേഴ്സിനേയും ഗബ്രി സ്വന്തമാക്കി കഴിഞ്ഞു. ബിഗ് ബോസ് ഷോയ്ക്കുശേഷം ലൈം ലൈറ്റിൽ സജീവമായതിനാൽ ജാസ്മിൻ ഇപ്പോൾ സ്വന്തം നാട്ടിൽ നിന്നും മാറി കൊച്ചിയിൽ ഫ്ലാറ്റെടുത്താണ് താമസം. മാത്രമല്ല ഗബ്രിക്കൊപ്പം നിരന്തരമായി യാത്രകളും ജാസ്മിൻ നടത്തുന്നുണ്ട്.