തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ സോഷ്യല്‍ മീഡിയയില്‍ സജീവമാക്കി നിര്‍ത്താന്‍ ഖജനാവില്‍ നിന്ന് ചെലവിടുന്നത് കോടികളാണ്. ഇതിനെ നിയന്ത്രിക്കുന്ന ടീം അംഗങ്ങള്‍ക്ക് ശമ്പളം നല്കാന് വേണ്ടി മാത്രം ഇതുവരെ ചെലവിട്ടത് 5.60 കോടി രൂപയെന്ന് കണക്കുകള്‍. പ്രതിവർഷം 80 ലക്ഷത്തിന് മുകളിലാണ് ഇവരുടെ ശമ്പള ചെലവ്.
കേരളം ഭരിക്കുന്ന മുഖ്യമന്ത്രിക്ക് ജനങ്ങളോട് സംവദിക്കാന്‍ സോഷ്യല്‍ മീഡിയ വേണമെന്നും ഈ സോഷ്യല്‍ മീഡയയിലൂടെ എന്ത് സംവദിക്കണമെന്ന് 12 അംഗ ടീം തീരുമാനിക്കുകയും ചെയ്യുമെന്നതാണ് അവസ്ഥ. ഫേസ്ബുക്കില്‍ ഏത് പോസ്റ്റ് ഇടണമെന്ന തന്ത്രങ്ങള്‍ മെനയാന്‍ കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് ഒക്കെയുള്ള മുഖ്യമന്ത്രിയാണ് കേരളത്തിനുള്ളത്.
12 അംഗ ടീമിന്റെ തസ്തികകള്‍ പോലും സാധാരണക്കാര്‍ക്ക് അതിശയമുണ്ടാക്കുന്നതാണ്. ഇവരുടെ ശമ്പളവും ഭീമമാണ്. സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റര്‍, സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് എന്നിവരുടെ ശമ്പളം പ്രതിമാസം 65000 രൂപ വീതമാണ്. ഡെലിവറി മാനേജര്‍, റിസര്‍ച്ച് ഫെല്ലോ, കണ്ടന്റ് ഡെവലപ്പര്‍, കണ്ടന്റ് അഗ്രഗേറ്റര്‍, 2 ഡാറ്റ റിപ്പോസിറ്ററി മാനേജര്‍, കമ്പ്യൂട്ടര്‍ അസ്റ്റിസ്റ്റന്റ്. ഇങ്ങനെ പോകുന്നു തസ്തികകള്‍.
മുഹമ്മദ് യഹിയയുടെ നേതൃത്വത്തിലാണ് പിണറായി വിജയന്റെ സോഷ്യല്‍ മീഡിയ ടീം പ്രവര്‍ത്തിക്കുന്നത്. ഇദ്ദേഹത്തിന്റെ പ്രതിമാസ ശമ്പളം 75000 രൂപയാണ്. കണ്ടന്റ് മാനേജര്‍ സുദീപ് ജെ. സലീമിന്റെ ശമ്പളം 70000 രൂപ.
സീനിയര്‍ വെബ് അഡ്മിനിസ്ട്രേറ്റര്‍, സോഷ്യല്‍ മീഡിയ കോ ഓര്‍ഡിനേറ്റര്‍, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് എന്നിവരുടെ ശമ്പളം പ്രതിമാസം 65000 രൂപ വീതമാണ്. ഡെലിവറി മാനേജര്‍, റിസര്‍ച്ച് ഫെല്ലോ, കണ്ടന്റ് ഡെവലപ്പര്‍, കണ്ടന്റ് അഗ്രഗേറ്റര്‍, 2 ഡാറ്റ റിപ്പോസിറ്ററി മാനേജര്‍, കമ്പ്യൂട്ടര്‍ അസ്റ്റിസ്റ്റന്റ് എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയ ടീമിലെ മറ്റ് തസ്തികകള്‍. മുന്‍ മുഖ്യമന്ത്രിമാരെല്ലാം പി.ആര്.ഡിയെ ആശ്രയിച്ച സ്ഥാനത്താണ് സ്വന്തം സോഷ്യല്‍ മീഡിയ ടീമിനെ പിണറായി സൃഷ്ടിച്ചത്. പി.ആര്.ഡി ഡയറക്ടര്‍ തലവനായി പബ്ളിക്ക് റിലേഷന്‍സ് വകുപ്പില്‍ 243 സ്ഥിരം ജീവനക്കാര്‍ ഉള്ളപ്പോഴാണ് സോഷ്യല്‍ മീഡിയക്കായി 12 പേരെ മുഖ്യമന്ത്രി നിയോഗിച്ചിരിക്കുന്നത്.
വാര്‍ത്ത വിതരണവും പ്രചരണവും എന്ന ധനാഭ്യര്‍ഥനക്ക് പദ്ധതി, പദ്ധതിയേതര ചെലവുകള്‍ക്ക് 2023 – 24 സാമ്പത്തിക വര്‍ഷം വകയിരിത്തിയിരിക്കുന്നത് 108.87 കോടി രൂപയാണ്. പി.ആര്.ഡി, സോഷ്യല്‍ മീഡിയ ടീം ഇവയെല്ലാം ഉണ്ടെങ്കിലും നിര്‍ണ്ണായക സമയങ്ങളില്‍ പുറത്ത് നിന്നുള്ള ഏജന്‍സിയുടെ സഹായവും മുഖ്യമന്ത്രി തേടും.
എല്‍.ഡി.എഫ് വരും എല്ലാം ശരിയാകും എന്ന മുദ്രാവാക്യം മൈത്രി എന്ന പി.ആര്. ഏജന്‍സിയുടേതായിരുന്നു. മുംബെയില്‍ നിന്നുള്ള വന്‍കിട പി.ആര് എജന്‍സി ആയിരുന്നു ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന രണ്ട് വര്‍ഷം പിണറായിയെ ഉപദേശിച്ചതും നയിച്ചതും എന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് പത്ര സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഇതിന് മൗനമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ ഖജനാവില്‍ നിന്ന് ചെലവഴിക്കുന്നത് കോടികള്‍ എന്ന് വ്യക്തം.