ജയിലിൽ പി പി ദിവ്യക്ക് ട്രിപ്പ് മൂഡ്

പി.കെ ശ്രീമതിക്കും പി. സതീദേവിക്കും കെ.കെ ശൈലജയ്ക്കും പിന്നാലെ സി.പി.എം കണ്ണൂരില്‍നിന്ന് വളര്‍ത്തിക്കൊണ്ടുവന്ന വനിതാ നേതാവ്. ഏതാനം വര്‍ഷങ്ങള്‍ക്കപ്പുറം പാര്‍ട്ടി മുന്‍നിരയിലേക്ക് കടന്നുവരേണ്ടിയിരുന്ന മുഖങ്ങളിലൊന്ന്. അടുത്ത തവണ എംഎല്‍എയോ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വന്നാല്‍ മന്ത്രി വരെയോ ആകേണ്ടിയിരുന്ന നേതാവ്. രാഷ്ട്രീയ ജീവിതത്തില്‍ പി.പി ദിവ്യയ്ക്ക് ഇങ്ങനെയൊരു വീഴ്ച സിപിഎം ഒരിക്കലും പ്രതീക്ഷിച്ചതല്ല. ‘ഒരു നിമിഷം മതി നമ്മുടെ ജീവിതത്തില്‍ എന്തും സംഭവിക്കാന്‍’, എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച അന്നത്തെ ആ ചടങ്ങില്‍ ദിവ്യ തന്നെ നടത്തിയ പ്രസംഗത്തിലെ ഒരു വാചകമായിരുന്നു ഇത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ ശോഭിച്ച ദിവ്യയുടെ രാഷ്ട്രീയ ജീവിതത്തിലും ആ വാക്കുകള്‍ അറംപറ്റി.

എന്നാൽ അറസ്റ്റിന് ശേഷവും തെല്ലുമൊരു കുറ്റബോധം ആ മുഖത്തുണ്ടായില്ല. കൂക്കിവിളികള്‍ക്കിടയിലൂടെ പോലീസ് വലയത്തില്‍ ജയിലിലേക്ക് പോകുമ്പോള്‍ പോലും ചെറു പുഞ്ചിരി. പാർട്ടിയും സര്‍ക്കാരും ഒപ്പമുണ്ടെന്ന ആത്മവിശ്വാസമാണോ ആ പുഞ്ചിരിക്ക് പിന്നിലുള്ളതെന്നും സംശയിക്കാം. കാരണം പള്ളിക്കുന്നിലെ കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പി.പി ദിവ്യയ്ക്ക് പിന്‍തുണയുമായി സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തെത്തിയിരിക്കുകയാണ്. ദിവ്യ റിമാന്‍ഡില്‍ കഴിയുന്ന പള്ളിക്കുന്നിലെ വനിതാ ജയിലിലാണ് കണ്ണൂര്‍ ജില്ലയിലെ ചില പ്രമുഖ നേതാക്കള്‍ രഹസ്യമായി സന്ദര്‍ശനം നടത്തിയത്. പാര്‍ട്ടി ഔദ്യോഗികമായി പിന്‍തുണയ്ക്കാതിരിക്കുമ്പോള്‍ നേതാക്കള്‍ ജയിലില്‍ എത്തിയിരിക്കുകയാണ്. ഇവരില്‍ പലരും ജയിലില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകരെ കാണാനെന്ന വ്യാജേനെയാണ് എത്തിയത്.

ഇതിനിടെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഭാഗമായ പള്ളിക്കുന്ന് വനിതാ ജയിലില്‍ ദിവ്യയ്ക്ക് വി.ഐ.പി പരിഗണനയാണ് ആഭ്യന്തരവകുപ്പിന്റെ നിര്‍ദ്ദേശത്താല്‍ അധികൃതര്‍ ഒരുക്കിയിട്ടുള്ളത്. പ്രത്യേക സെല്‍ ഇതിനായി സജ്ജീകരിച്ചു. ജയിലില്‍ ലഭ്യമാവുന്നതില്‍ ഏറ്റവും മികച്ച സെല്ലാണ് ദിവ്യയ്ക്കായി ഒരുക്കിയത്. ദിവ്യ റിമാന്‍ഡിലാവുമെന്ന് സൂചന ലഭിച്ചപ്പോള്‍ തന്നെ ജയിലിലും ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. റിമാന്‍ഡ് തടവുകാരിയായതിനാല്‍ പുറത്ത് വരാന്തയിലുടെ നടക്കാനും പുന്തോട്ടത്തിലും കൃഷിയിടത്തിലും പോകാന്‍ അനുമതിയുണ്ട്. കൂടാതെ ബെഡ്, പുതപ്പ്, തലയിണയും നല്‍കിയിട്ടുണ്ട്. ഭക്ഷണം ജയില്‍ മെനു അനുസരിച്ചിട്ടുള്ളതാണെങ്കിലും പ്രത്യേക ഭക്ഷണം എന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ എത്തിച്ചു കൊടുക്കാനും സംവിധാനങ്ങളുണ്ട്.

സി.പി.എം അനുകൂല ജയില്‍ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ ദിവ്യ ഉപയോഗിക്കുന്നതായും രഹസ്യവിവരമുണ്ട്. ഇതുപയോഗിച്ചാണ് ഇവര്‍ അഭിഭാഷകനായും കുടുംബവുമായി ബന്ധപ്പെടുന്നത്. ജയിലില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചട്ടവിരുദ്ധമാണെങ്കിലും ദിവ്യയക്കായി പ്രത്യേക ഇളവ് അനുവദിച്ചിരിക്കുകയാണ് സി.പി.എം അനുകൂല ഉദ്യോഗസ്ഥര്‍. കല്യാശേരി മണ്ഡലത്തിലെ ഒരു ജനപ്രതിനിധിയും ഡി.വൈ.എഫ്.ഐ നേതാവുമാണ് ദിവ്യയ്ക്കായി പാര്‍ട്ടിക്കുള്ളിലും പുറത്തും രക്ഷാപ്രവര്‍ത്തനം നടത്തിവരുന്നത്. ജില്ലാ നേതൃത്വത്തിലെ ചില നേതാക്കളുടെ പിന്‍തുണയും ഇവര്‍ക്കുണ്ട്.

എ.ഡി.എം നവീന്‍ ബാബു കൈക്കൂലി വാങ്ങിയെന്ന ക്യാംപയിനാണ് ഇവര്‍ പാര്‍ട്ടി വൃത്തങ്ങളില്‍ നടത്തുന്നത്. മാത്രമല്ല കണ്ണൂരില്‍ ജോലി ചെയ്യുന്ന കാലയളവില്‍ ഇദ്ദേഹം സി.പി.ഐയുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിച്ചിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. എന്തായാലും പുറത്ത് നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമെന്ന് പറയുമ്പോഴും ദിവ്യയ്ക്ക് എല്ലാ സൗകര്യവും ഒരുക്കി ഇത്രയും നാള്‍ കാത്തതിന് പിന്നിലും പാര്‍ട്ടിയുടെ കരങ്ങളുണ്ടായിരുന്നു. ആ സംരക്ഷണം സിപിഎം ഇനിയും തുടരുമോ? അതോ പൊതുജനമധ്യത്തില്‍ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ ആയിട്ടെങ്കിലും ദിവ്യയ്ക്കെതിരേ നടപടി ഉണ്ടാകുമോ? കാത്തിരുന്ന തന്നെ കാണേണ്ടിയിരിക്കുന്നു.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments