
കണ്ണൂര് : എഡിഎം നവീൻ ബാബുവിന്റെ പകര ചുമതലക്കാരനായി ഇനി പത്മചന്ദ്രകുറിപ്പ്. ഇന്ന് പുതിയ എഡിഎമ്മായി ചുമതലയേറ്റു. കൊല്ലത്ത് നിന്ന് വിടുതൽ നേടിയാണ് പത്മചന്ദ്രകുറിപ്പ് കണ്ണൂരിലെത്തി ചുമതലയേറ്റത്. പ്രതീക്ഷയോടെയാണ് പുതിയ ചുമതല ഏറ്റെടുക്കുന്നതെന്ന് പത്മചന്ദ്രക്കുറുപ്പ് മാധ്യമങ്ങളോട് പ്രതികരിച്ചു. വിവാദങ്ങൾ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
” കണ്ണൂരിൽ എഡിഎം ആത്മഹത്യ ചെയ്ത സംഭവത്തിൽ നിയമപരമായ നടപടികൾ കഴിഞ്ഞിട്ടുണ്ട്. നിയമപരമായ രീതിയിൽ തന്നെയായിരിക്കും കാര്യങ്ങൾ ഇനിയും മുന്നോട്ട് പോകുന്നത്. 23ാം തിയതിയാണ് കൊല്ലത്ത് നിന്ന് വിടുതൽ ഉണ്ടായത്. ദേശീയപാത വിഭാഗത്തിൽ ആയിരുന്നു. ചുമതല ഏറ്റെടുക്കുന്നതിൽ കാലതാമസം ഉണ്ടായിട്ടില്ല. ശുഭാപ്തി വിശ്വാസത്തോടെയാണ് വന്നിരിക്കുന്നതെന്നും” അദ്ദേഹം വ്യക്തമാക്കി.
അതേസമയം എഡിഎമ്മിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ റിമാന്റിലുള്ള പി പി ദിവ്യ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട് നടപടികൾ പുരോഗമിക്കുകയാണ്.