
സിനിമ കാണാൻ ഇനി ചെലവേറും; കെഎസ്എഫ്ഡിസി തീയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് 10% വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ (കെഎസ്എഫ്ഡിസി) കീഴിലുള്ള തീയേറ്ററുകളിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു. നിലവിലെ നിരക്കിൽ നിന്ന് 10 ശതമാനം വർധന വരുത്താൻ അനുമതി നൽകി സാംസ്കാരികകാര്യ വകുപ്പ് ഉത്തരവിറക്കി. കെഎസ്എഫ്ഡിസി മാനേജിംഗ് ഡയറക്ടറുടെ അഭ്യർത്ഥന പ്രകാരമാണ് ഈ നടപടി.
കെഎസ്എഫ്ഡിസി തീയേറ്ററുകളിലെ ടിക്കറ്റ് നിരക്ക് വർധിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് 2025 മെയ് 9-നാണ് മാനേജിംഗ് ഡയറക്ടർ സർക്കാരിന് കത്ത് നൽകിയത്. ഈ വിഷയം പരിശോധിച്ചതിന് ശേഷമാണ് സർക്കാർ 10% വർധനവിന് അനുമതി നൽകിയത്.
ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് (സ.ഉ.(സാധാ) നം.403/2025/CLAD) 2025 ജൂലൈ 21-ന് സർക്കാർ പുറത്തിറക്കി. പുതിയ നിരക്കുകൾ എന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ ഉത്തരവിൽ വ്യക്തതയില്ല. ഈ വർധനവ്, കെഎസ്എഫ്ഡിസി തീയേറ്ററുകളിൽ സിനിമ കാണുന്ന സാധാരണക്കാരായ പ്രേക്ഷകർക്ക് അധിക ഭാരമാകും.