ആഗ്ര : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. പതിമൂന്നുകാരിയെ ഹോട്ടൽമുറിയിൽ വച്ചാണ് പീഡിപ്പിച്ചത്. പിതാവിന്റെ ഹോട്ടലിൽ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചു വരുത്തുകയായിരുന്നു. ഹോട്ടലുടമയുടെ മകൻ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പീഡിപ്പിച്ചതായാണ് പരാതി.
പെൺകുട്ടിയുടെ മാതാവ് താജ്ഗഞ്ച് പൊലീസിൽ പരാതി നൽകി. ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഹോട്ടലുടമയുടെ മകനായ രാഗേഷ് രജ്പുതും പെൺകുട്ടിയും സമൂഹ മാധ്യമങ്ങൾ വഴിയാണ് പരിചയപ്പെടുന്നത്. തന്റെ സുഹൃത്തായാൽ പിതാവിന്റെ ഹോട്ടലിൽ ജോലി നൽകാമെന്നായിരുന്നു രാഗേഷ് പെൺകുട്ടിയോട് പറഞ്ഞത്.
തുടർന്ന് പെൺകുട്ടിയോട് മാരുതിചൗക്കിലേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു. ഇവിടെയെത്തിയ പെൺകുട്ടിയെ ഹോട്ടൽ റൂമിലേക്ക് കൂട്ടികൊണ്ടുപോയി തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. രണ്ടുമണിക്കൂറോളം പീഡനത്തിനിരയാക്കിയതായാണ് പരാതിയിൽ പറയുന്നത്. പെൺകുട്ടിയുടെ മൊഴിയെടുത്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി.