
തിരുവനന്തപുരം : 2024ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനേറ്റ പരാജയത്തിന്റെ മുഖ്യ കാരണമായിരുന്നു കാഫിർ സ്ക്രീൻഷോട്ട് വിവാദം. പിണറായികാലഘട്ടത്തിൽ പാർട്ടിക്കേറ്റ ക്ഷീണം ഒന്ന് മാറ്റിയെടുക്കാൻ വേണ്ടി സിപിഎമ്മിന്റെ ടീച്ചറമ്മയെ ഇറക്കി. പാർട്ടിയ്ക്ക് ജയിക്കാൻ സാധ്യതയുണ്ടെന്ന് തോന്നിയ ലിസ്റ്റിൽ ആദ്യത്തെ പേരും കെകെ ശൈലജ തന്നെയായിരുന്നു. എന്നാൽ പ്രതിപക്ഷത്തിനെതിരെ പദ്ധതികൾ മെനഞ്ഞ് പ്രതിപക്ഷ എതിരാളി വോട്ടുകളെല്ലാം വാരിക്കൂട്ടാം എന്ന് കരുതി . അതിന് വേണ്ടി ചില സൈബർ പോരാളികൾ തയ്യാറാക്കിയ കാഫിർ സ്ക്രീൻഷോട്ട് സിപിഎമ്മിന് തന്നെ വിനയായി.
പാലക്കാട് നിന്ന് കെകെ ശൈലജയോട് മത്സരം കടുപ്പിക്കാൻ പ്രതിപക്ഷം ഷാഫി പറമ്പിലിനെ ഇറക്കിയപ്പോൾ പാർട്ടി ശരിക്കും പെട്ട അവസ്ഥയായിലായിരുന്നു. അങ്ങനെയാണ് ഷാഫിയെ തകർക്കാൻ കാഫിർ സ്ക്രീൻ ഷോട്ട് ചില സൈബർ ഗ്രൂപ്പുകളിലൂടെ രാഷ്ട്രീയ കേരളത്തിന്റെ ചർച്ചയായത്. എന്നാൽ എതിരാളികളെ തകർക്കാൻ എറിയുന്ന അമ്പ് സ്വന്തം പാർട്ടിയിലേക്ക് തിരിച്ച് വരും എന്നതാണ് നിലവിലത്തെ സിപിഎമ്മിന്റെ അവസ്ഥ.
താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീഴും എന്ന അവസ്ഥയാണ് ഇടത് പക്ഷത്തിന്. ഉപതിരഞ്ഞെടുപ്പ് അടുത്തതോടെ കോൺഗ്രസ് ബിജെപി മത്സര പാളയത്തിലുള്ള പാലക്കാട് പിടിച്ചെടുക്കാൻ സിപിഎം കഴിവിൽ പരമാവധി ശ്രമിച്ച് കൊണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച പോലൊരു കത്ത് പല സമൂഹമാധ്യമങ്ങളിലുമായി കിടന്ന് കറങ്ങുന്നുണ്ട്. പ്രതിപക്ഷത്തെ തകർക്കാം എന്ന രീതിയിലാണ് ഇത് പ്രചരിക്കുന്നത് എന്നതിൽ സംശയമില്ല. പാലക്കാട് ഉപതിരഞ്ഞെടുപ്പ് മത്സരത്തിന് വേണ്ടി രാഹുൽ മാങ്കൂട്ടത്തിനെയായിരുന്നില്ല, മുരളീധരനെയായിരുന്നു തീരുമാനിച്ചത് എന്ന് തോന്നിക്കുന്ന തരത്തിലൊരു കത്താണ് പ്രചരിക്കുന്നത്. എന്നാൽ കൃത്യമായി ഒരു കോൺഗ്രസ് നേതാവിന്റെയോ സംഘടനയുടെയോ ഒപ്പ് പോലുമില്ലാത്ത കത്തിന് സ്വീകര്യത ഇല്ല എന്നുള്ളതാണ്.
അതേ സമയം പ്രതിപക്ഷത്തെ പ്രതിരോധത്തിലാക്കാൻ സൈബറിടങ്ങളിൽ നിന്ന് ഇത്തരം കത്ത് പ്രചരിക്കുന്നതിനിടെ സിപിഎം ബിജെപി ബന്ധം തെളിയിക്കുന്ന ചില രേഖ, കൃത്യമായി ഒപ്പും മറ്റ് ഒഫീഷ്യൽ സീലുമുള്ള ഒരു കത്ത് സിപിഎമ്മിനെയും ബിജെപിയേയും പ്രതിരോധത്തിലാക്കുകയാണ്. 1991ലെ സിപിഎം – ബിജെപി ബന്ധം വ്യക്തമാക്കുന്ന കത്താണ് അത്. മൂന്നു പതിറ്റാണ്ടു മുൻപ് ബിജെപി പിന്തുണ തേടി സിപിഎം നൽകിയ കത്താണത്. 1991ൽ പാലക്കാട് നഗരസഭയിൽ പ്രതിപക്ഷ നേതാവായിരുന്ന സിപിഎമ്മിലെ എം.എസ്.ഗോപാലകൃഷ്ണൻ അന്നത്തെ ബിജെപി ജില്ലാ പ്രസിഡന്റ് ടി.ചന്ദ്രശേഖരനു നൽകിയ കത്ത് ബിജെപി നേതാവ് സന്ദീപ് വാര്യരാണ് സമൂഹമാധ്യമങ്ങളിലൂടെ പുറത്തു വിട്ടത്.

കത്തിൽ പറയുന്നത് ഇങ്ങനെ: ‘1991 ഓഗസ്റ്റ് 9നു പാലക്കാട് നഗരസഭയിൽ നടക്കാൻ പോകുന്ന ചെയർമാൻ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കാൻ ആഗ്രഹിക്കുന്നു. ചെയർമാൻ തിരഞ്ഞെടുപ്പിൽ വിജയിക്കുന്നതിനു വേണ്ടി ഭാരതീയ ജനതാ പാർട്ടിയുടെ 6 കൗൺസിലർമാരും വോട്ടു നൽകി എന്നെ വിജയിപ്പിക്കുന്നതിനു വേണ്ട തീരുമാനം കൈക്കൊള്ളുന്നതിനു വിനീതമായി അഭ്യർഥിക്കുന്നു.’
അന്നു നഗരസഭയിൽ കോൺഗ്രസിനു 18, സിപിഎമ്മിനു 11, ബിജെപിക്ക് 6, ഒരു സ്വതന്ത്രൻ എന്നിങ്ങനെയായിരുന്നു കക്ഷിനില. ആകെ വാർഡ് 36. ചെയർമാൻ വോട്ടെടുപ്പിൽ സ്വതന്ത്രൻ നിഷ്പക്ഷത പാലിച്ചു. സിപിഎം അംഗങ്ങൾക്കു പുറമേ കോൺഗ്രസിന്റെ ഒരംഗവും ബിജെപിയുടെ 6 അംഗങ്ങളും എം.എസ്.ഗോപാലകൃഷ്ണനു വോട്ടു ചെയ്തു. ഇതോടെ അദ്ദേഹം 18 വോട്ടുകൾ ലഭിച്ച് അധ്യക്ഷനായി. കോൺഗ്രസ് സ്ഥാനാർഥിക്ക് 17 വോട്ടാണു കിട്ടയതെന്ന് അന്നത്തെ കൗൺസിലിലും അംഗമായിരുന്ന ബിജെപി ദേശീയ സമിതി അംഗം എൻ.ശിവരാജൻ പറഞ്ഞു. ചാനൽ ചർച്ചയിൽ ഇത്തരത്തിൽ ഒരു കത്തില്ലെന്ന് സിപിഎം പ്രതിനിധി വാദിച്ചതിനുള്ള മറുപടിയായാണ് കത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതെന്ന് ബിജെപി നേതാവ് സന്ദീപ് വാരിയർ പറയുന്നു.

ഇതിന് പിന്നാലെ മറ്റൊരു പത്ര കട്ടിങ് കൂടെ പുറത്ത് വന്നു. യുഡിഎഫ് എംഎൽഎ ടി സിദ്ദിഖാണ് ഇത് പുറത്ത് വിട്ടത്. തികച്ചും ആസൂത്രിതമായാണ് ബിജെപി സിപിഐഎമ്മിന് പിന്തുണ പ്രഖ്യാപിച്ചതെന്ന് പത്ര റിപ്പോർട്ടിലുണ്ട്. നടപടികൾ ആരംഭിക്കും മുൻപുതന്നെ ബിജെപി അമിതാവേശത്തോടെ സ്വന്തം സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. ഇതോടെ യുഡിഎഫും സിപിഐഎമ്മും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും, അവസാന നിമിഷം ബിജെപി തങ്ങളുടെ സ്ഥാനാർത്ഥിയെ പിൻവലിച്ച് സിപിഐഎമ്മിന്റെ എം എസ് ഗോപാലകൃഷ്ണന്റെ വിജയത്തിനായി വഴിയൊരുക്കുകയുമായിരുന്നു.
അതേസമയം, എം എസ് ഗോപാലകൃഷ്ണൻ ബിജെപി പിന്തുണ ആവശ്യപ്പെട്ടയച്ച കത്തിനെപ്പറ്റി ഇപ്പോൾ ചർച്ച ചെയ്യേണ്ടെന്നാണ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്. എന്തായാലും പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഎം ബിജെപി കൂട്ടുകെട്ട് പുറത്ത് വന്നിരിക്കുകയാണ്.