
ഷുഗര്‍ പരിശോധിക്കാന്‍ ആപ്പുമായി ആപ്പിള്‍
ടെക്നോളജിയില്‍ ലോക വിപണി കീഴടക്കിയ ആപ്പിള്‍ ആരോഗ്യ രംഗത്തും ചുവടുറപ്പിക്കുന്നു. ഷുഗര്‍ ഉള്ള ആളുകളുടെ ഭക്ഷണക്രമം നിയന്ത്രിക്കാനും ജീവിതശൈലികളില്‍ മാറ്റങ്ങള്‍ വരുത്താനും സഹായിക്കുന്നതിന് ഒരു ആപ്പ് പരീക്ഷിക്കുകയാണ് ആപ്പിള്‍. ആപ്പ് പുറത്തിറക്കാന്‍ ആപ്പിളിന് പദ്ധതിയില്ലെങ്കിലും, കമ്പനി ഒരു ദശാബ്ദത്തിലേറെയായി വികസിപ്പിച്ചു കൊണ്ടിരിക്കുന്ന ഗ്ലൂക്കോസ് ട്രാക്കര്‍ ഉള്‍പ്പെടെ ഭാവിയിലെ ആരോഗ്യ ഉല്‍പ്പന്നങ്ങളിലേക്ക് ഈ സാങ്കേതിക വിദ്യയും എത്തുമെന്നാണ് സൂചന.
ഇത് ആദ്യം തങ്ങളുടെ ജീവനക്കാരില്‍ തന്നെ ആപ്പിള്‍ പരീക്ഷിച്ചിരുന്നു. പരിശോധനയുടെ ഭാഗമായി, അവര്‍ വിപണിയില്‍ ലഭ്യമായ വിവിധ ഉപകരണങ്ങളിലൂടെ അവരുടെ രക്തത്തിലെ പഞ്ചസാര സജീവമായി നിരീക്ഷിക്കുകയും ഭക്ഷണത്തിന്റെ പ്രതികരണമായി ഗ്ലൂക്കോസ്-ലെവല്‍ മാറ്റങ്ങള്‍ രേഖപ്പെടുത്തുകയും ചെയ്തു. ചില ഭക്ഷണങ്ങള്‍ രക്തത്തിലെ പഞ്ചസാരയെ എങ്ങനെ ബാധിക്കുമെന്ന് ഉപഭോക്താക്കളെ കാണിക്കുക എന്നതാണ് ഈ ആപ്പിന് പിന്നിലെ ആശയം.