
ചെന്നൈ : തമിഴകത്തെ നമ്പർ വൺ താരങ്ങളാണ് വിജയ്‍യും രജനികാന്തും. തലൈവരും ഇളയ ദളപതിയെന്നുമാണ് ഇരുവരെയും ആരാധകർ വിശേഷിപ്പിക്കാറുള്ളത്. സിനിമയിൽ കത്തി നിൽക്കുന്ന സമയത്ത് ചലച്ചിത്ര ലോകം ഉപേക്ഷിച്ച് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് നടൻ വിജയ്. ഇപ്പോഴിതാ, ഇളയ ദളപതിക്ക് ആശംസ അറിയിച്ചെത്തിയിരിക്കുകയാണ് തലൈവർ.

“എല്ലാവർക്കും എന്റെ ദീപാവലി ആശംസകൾ. എല്ലാവരും സന്തോഷത്തോടെയും ആരോഗ്യത്തോടെയും ഇരിക്കട്ടെ. വിജയ്‌യുടെ ആദ്യ സംസ്ഥാന സമ്മേളനം തീർച്ചയായും ഒരു വലിയ വിജയമായിരുന്നു, അദ്ദേഹത്തിന് എന്റെ ആശംസകൾ” എന്നാണ് രജനീകാന്ത് പറഞ്ഞത്. ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം, ദളപതി 69 എന്ന് താൽകാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലാകും വിജയ് അവസാനമായി അഭിനയിക്കുക. ചിത്രത്തിൽ നടൻ വമ്പൻ തുക പ്രതിഫലം കൈപറ്റുന്നതായി റിപ്പോർട്ടുകളുണ്ട്. പൂജ ഹെഗ്‌ഡെ നായികയായെത്തുന്ന ചിത്രത്തിൽ മലയാളി താരം മമത ബൈജുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.