ഇന്ത്യൻ സൂപ്പർ ലീഗിലെ എൽ ക്ലാസിക്കോ പോരാട്ടമാണ് ബ്ലാസ്റ്റേഴ്സും ബെംഗുളൂരുവും തമ്മിൽ നടക്കാറുള്ളത്. കളത്തിലെ താരങ്ങളുടെ പോരാട്ടത്തേക്കാൾ കളിക്കളത്തിന് പുറത്തുള്ള കാണികൾ തമ്മിലുള്ള മത്സരമാണ് ഇരുടീമുകളെയും വ്യത്യസ്തമാക്കുന്നത്. ഐ.എസ്.എൽ സീസണിൽ തോൽവിയറിയാതെ കുതിക്കുന്ന ബെംഗളുരു എഫ്.സിക്കു മുന്നിൽ മുട്ടുകുത്തി കേരള ബ്ലാസ്റ്റേഴ്സ്.
കിട്ടിയ അവസരങ്ങൾ തുലച്ച ബ്ലാസ്റ്റേഴ്സിനെ സ്വന്തം തട്ടകത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ബംഗളുരു തോൽപിച്ചത്. സ്വന്തം മഞ്ഞപ്പടയ്ക്കുമുന്നിൽ തലകുനിച്ചാണ് ബ്ലാസ്റ്റേഴ്‌സ് പ്ലയേഴ്സ് കളം വിട്ടത്.
കേരള ബ്ലസ്റ്റേഴ്സിന്റെ മുൻ പരിശീലകൻ ഇവാൻ വുക്കോവാനോവിച്ച് ഉള്ളപ്പോഴുള്ള പകയാണ് ബ്ലാസ്റ്റേഴ്സിന് ബെംഗളുരുവിനോട്. ടീമുകൾ തമ്മിൽ കഴിഞ്ഞ സീസണിൽ ഒരു മത്സരംപോലും റദ്ദാക്കിയിരുന്നു.
തട്ടകത്തിൽ കലമുടച്ച് ബ്ലാസ്റ്റേഴ്‌സ്
മത്സരത്തിന്റെ എട്ടാം മിനിറ്റിൽ ബംഗളുരുവിന്റെ മുന്നേറ്റക്കാരൻ പെരേര ഡയസ് നേടിയ ഗോളിന് ആദ്യ പകുതിയിൽ തന്നെ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിക്കാനായി. ആദ്യ പകുതിയിൽ സമനിലയിൽ എത്തിയെങ്കിലും രണ്ടാം പകുതിയിൽ എഡ്ഗാർ മെൻഡസ് നേടിയ ഇരട്ട ഗോളിന്റെ മികവിലാണ് ബെംഗളൂരു ജയം നേടിയത്.
എട്ടാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിര താരം പ്രീതം കോട്ടാലിന് സംഭവിച്ച പിഴവ് ബെംഗളൂരു ഗോളാക്കി മാറ്റുകയായിരുന്നു. ഓടിയടുത്ത പെരേര ഡയസ് പന്ത് കാൽപ്പിടിയിലാക്കുകയും നേരെ വലയിലേക്കു വീഴ്ത്തുകയും ചെയ്തു. അതുവരെ നിലക്കാത്ത ആവേശാരവങ്ങളുയർന്ന ഗാലറി കുറച്ചു നേരത്തേക്ക് നിശബ്ദമായി. പിന്നീട് യാഥാർഥ്യത്തിലേക്ക് തിരിച്ചുവന്ന മഞ്ഞപ്പട തിരിച്ചടിക്കാനുള്ള നീക്കങ്ങൾ തുടർച്ചയായി നടത്തിയെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിയില്ല. ജീസസ് ജിമിനസിന്റെ ഷോട്ട് ക്രോസ്ബാറിൽ ഇടിച്ച് മടങ്ങിയതുൾപ്പടെ നിരവധി ഗോൾ അവസരങ്ങൾ തലനാരിഴക്ക് നഷ്ടമായി.
കളി മാറിയത് 45ാം മിനിറ്റിലാണ്. പന്തുമായി ബംഗളുരുവിെൻറ ഗോൾവല ലക്ഷ്യമാക്കി കുതിച്ച ക്വാമെ പെപ്രയെ ബോക്സിൽ വെച്ച് രാഹുൽ ബെക്കെ ഫൗൾ ചെയ്തപ്പോൾ റഫറി ശിക്ഷ വിധിച്ചത് മഞ്ഞക്കാർഡിനൊപ്പം പെനാൽറ്റിയും. ബംഗളുരുവിെൻറ ഗോൾവലയുടെ കാവൽക്കാരൻ ഗുർപ്രീത് സിങ് സന്ധുവിനെ കാഴ്ചക്കാരനാക്കി ജീസസ് ജെമിനിസ് പെനാൽറ്റി കിക്കെടുത്തപ്പോൾ ഗോളിനൊപ്പം പെയ്തിറങ്ങിയത് ആശ്വാസത്തിെൻറ മഞ്ഞക്കടലിരമ്പം.
രണ്ടാം പകുതിയിലും ഇരു ടീമുകളും അങ്ങേയറ്റം പോരാട്ടമാണ് നടത്തിയത്. 50ാം മിനിറ്റിൽ ബംഗളുരുവിെൻറ നിഖിൽ പൂജാരിക്ക് റഫറി വക മഞ്ഞക്കാർഡ്. മിനിറ്റുകൾക്കകം പരിക്കിനെ തുടർന്ന് പുറത്തിറങ്ങിയ പൂജാരിക്കു പകരം എൽ. ഫനായിയെ ഇറക്കി.
63ാം മിനിറ്റിൽ പെരേര ഡയസിനു പകരം എഡ്ഗാർ മെൻഡസും ഇറങ്ങി. 74ാം മിനിറ്റിൽ ബ്ലാസ്റ്റേഴ്സിെൻറ ഗോൾവല കുലുങ്ങിയപ്പോൾ മഞ്ഞപ്പടയുടെ തല വീണ്ടും താഴ്ന്നു. ഇൻജുറി ടൈമിലാണ് ബംഗളൂരുവിനായി മെൻഡസ് മൂന്നാം ഗോൾ സ്കോർ ചെയ്തത്.
രണ്ടു ഗോളുകളുടെ ആധിപത്യത്തിലേക്ക് കടന്ന ബെംഗളൂരു ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കടലിനെ പോലും നിശ്ശബ്ദരാക്കി. കൊച്ചിയുടെ മണ്ണിലേറ്റ തോൽവി കേരള ബ്ലാസ്റ്റേഴ്‌സ് എന്നും ഓർത്തുവെക്കും, ഇനി ചുവടുകൾ മാറ്റിചവിട്ടാൻ സ്റ്റാറയും പിള്ളാരും തയ്യാറാവും.