
ന്യൂഡൽഹി: മലയാളി ഫുട്‌ബോൾ ആരാധകരുടെ പ്രിയപ്പെട്ട കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിക്ക് കനത്ത തിരിച്ചടി. പ്രീമിയർ 1 ലൈസൻസ് അപേക്ഷ തള്ളി അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷന്റെ ക്ലബ് ലൈസൻസിംഗ് കമ്മിറ്റി.
ലൈസൻസിനുവേണ്ടിയുള്ള ചില നിയമപരമായ ആവശ്യകതകൾ ക്ലബ്ബിന്റെ നിയന്ത്രണത്തിന് അതീതമായതിനാൽ, 2025-26 സീസണിലേക്കുള്ള ക്ലബ്ബ് ലൈസൻസിംഗ് പ്രക്രിയയിൽ കെബിഎഫ്സിക്ക് അനുമതി ലഭിച്ചിട്ടില്ലെന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ് അധികൃതർ പറയുന്നത്.

മെയ് 15 ന് ചേർന്ന കമ്മിറ്റി യോഗത്തിലാണ് ക്ലബുകളുടെ ലൈസൻസ് അപേക്ഷകളിൽ അന്തിമ തീരുമാനം കൈക്കൊണ്ടത്. ലൈസൻസിനായി 15 ക്ലബ്ബുകൾ അപേക്ഷിച്ചിരുന്നു. വിശദമായ റിപ്പോർട്ടുകളും രേഖകളും പരിശോധിച്ച ശേഷമാണ് കമ്മിറ്റി തീരുമാനങ്ങൾ പ്രഖ്യാപിച്ചത്. പഞ്ചാബ് എഫ്‌സിയുടെ അപേക്ഷ മാറ്റങ്ങളൊന്നുമില്ലാതെ അംഗീകരിച്ച് ലൈസൻസ് അനുവദിച്ചു.
മുംബൈ സിറ്റി എഫ്‌സി, മോഹൻ ബഗാൻ സൂപ്പർ ജയന്റ്, ബംഗളൂരു എഫ്‌സി, ജംഷഡ്പൂർ എഫ്‌സി, എഫ്‌സി ഗോവ, ചെന്നൈയിൻ എഫ്‌സി, ഈസ്റ്റ് ബംഗാൾ എഫ്‌സി എന്നീ ക്ലബുകൾക്ക് ലൈസൻസ് അനുവദിച്ചുണ്ട്. ചെറിയ പോരായ്മകൾ പരിഹരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ലൈസൻസ് നിഷേധിക്കപ്പെട്ട ക്ലബുകള്‍
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി
ഹൈദരാബാദ് എഫ്‌സി
ഒഡീഷ എഫ്‌സി
നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി
മുഹമ്മദൻ സ്‌പോർട്ടിംഗ് ക്ലബ്
ചർച്ചിൽ ബ്രദേഴ്‌സ് എഫ്‌സി ഗോവ
ഇന്റർ കാശി
ഈ ക്ലബ്ബുകൾക്ക് എ, ബി മാനദണ്ഡങ്ങളിൽ ഒന്നിലധികം വീഴ്ചകൾ സംഭവിച്ചതിനാലാണ് ലൈസൻസ് നിഷേധിച്ചത്.
ലൈസൻസ് നിഷേധിക്കപ്പെട്ട ക്ലബ്ബുകൾക്ക് ഈ തീരുമാനത്തിനെതിരെ അപ്പീൽ നൽകാനോ, ബാധകമായ ലൈസൻസിംഗ് നിയമങ്ങൾ അനുസരിച്ച് ദേശീയ ക്ലബ്ബ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഇളവ് അഭ്യർത്ഥിക്കാനോ അവകാശമുണ്ട്.
ഇന്ത്യൻ ക്ലബ്ബ് ലൈസൻസിംഗ് സമ്പ്രദായം ഇന്ത്യൻ ഫുട്‌ബോൾ ക്ലബ്ബുകളുടെ ഗുണമേന്മ, പ്രൊഫഷണലിസം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നിലനിർത്തുന്നതിൽ നിർണായക പങ്ക് വഹിക്കുന്നു. ഓരോ സീസണിലും എഎഫ്സി, ദേശീയ ക്ലബ്ബ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ക്ലബ്ബുകൾക്ക് ആവശ്യമായ ലൈസൻസ് നേടുന്ന വാർഷിക പ്രക്രിയയാണിത്. ഈ ലൈസൻസുകളെ ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബുകൾക്കായി ‘പ്രീമിയർ 1’ എന്നും ഐ-ലീഗ് ക്ലബ്ബുകൾക്കായി ‘പ്രീമിയർ 2’ എന്നും തരം തിരിച്ചിരിക്കുന്നു.