യു.ഡി.എഫിന്റെ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലിയുണ്ടായ പൊട്ടിത്തെറിയാണ് ഉപതിരഞ്ഞെടുപ്പില്‍ പാലക്കാടിനെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്. ബി.ജെ.പിക്കു ശക്തമായ സ്വാധീനമുള്ള മണ്ഡലത്തില്‍ മുന്‍ കോണ്‍ഗ്രസുകാരനെ ഇറക്കിയുള്ള ഇടതുപോരാട്ടം കൂടിയായതോടെ ത്രികോണ മത്സരമായി. എന്നാല്‍, സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ മുന്നണികളിലുള്ള മുറുമുറുപ്പ് അടിയൊഴുക്കാകുമോ എന്ന ആശങ്ക ബാക്കി നിൽക്കുകയാണ്.
കോൺഗ്രസ് ഹാട്രിക് വിജയം നേടിയെങ്കിലും അവസാന മത്സരത്തില്‍ ഷാഫിയെ വിറപ്പിക്കാനായതിന്റെ ആത്മവിശ്വാസമാണു ബി.ജെ.പി പാളയത്തില്‍. പക്ഷേ, അവിടെയും പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കിയതിൽ ചിലര്‍ക്കു മുറുമുറുപ്പുണ്ട്. ശോഭാ സുരേന്ദ്രനെ വരവേല്‍ക്കുന്ന ഒരു ബോര്‍ഡും നഗരത്തില്‍ ഉയര്‍ന്നിരുന്നു. പാലക്കാട് നഗരസഭ ഭരണത്തെച്ചൊല്ലിയുള്ള ചില അസ്വാരസ്യങ്ങളും സ്വാധീനമേഖലയിലെ വോട്ട് കുറയ്ക്കുമോയെന്ന ആശങ്ക ഉയര്‍ത്തുന്നുണ്ട്. ആര്‍.എസ്.എസ്. ഇടപെട്ട് ഇക്കാര്യങ്ങളിലെല്ലാം പരിഹാരമുണ്ടാക്കിയെന്നാണു പാര്‍ട്ടി കേന്ദ്രങ്ങള്‍ പറയുന്നത്.
അതേസമയം, സീറ്റ് കിട്ടാതെ കോണ്‍ഗ്രസ് വിട്ടയാളെ സ്വീകരിച്ച് മുന്നണിയുടെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിപ്പിച്ചതിനോട് ഇടതുപക്ഷ അണികള്‍ക്കു പൂര്‍ണ തൃപ്തിയില്ലെന്നാണ് വിവരം. പാര്‍ട്ടിയെയും മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും സാമൂഹിക മാധ്യമങ്ങളിലൂടെ അടച്ചാക്ഷേപിച്ചിരുന്നയാളെ കണ്ണടച്ചു തുറക്കുന്ന നേരംകൊണ്ട് അംഗീകരിക്കേണ്ടി വരുന്നതില്‍ താഴേത്തട്ടില്‍ അസ്വസ്ഥതയുണ്ട്. പാര്‍ട്ടി ചിഹ്‌നംകൂടി ഇല്ലാതെ വരുന്നതും ആശങ്ക കൂട്ടുന്നു.
ഇതിനിടയിൽ പാലക്കാട് സിപിഎം ഏരിയാ കമ്മറ്റി അംഗം അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടിരിക്കുകയാണ്. പാർട്ടിയിൽ കടുത്ത അവഗണന എന്ന് ആരോപിച്ചാണ് അബ്ദുൾ ഷുക്കൂർ പാർട്ടി വിട്ടിരിക്കുന്നത്. സമാന അനുഭവസ്ഥർ പാർട്ടിയിൽ വേറെയുമുണ്ടെന്നും ഷുക്കൂർ പറയുന്നു. ജില്ലാ സെക്രട്ടറി ഏകാധിപതിയെ പോലെ പെരുമാറുന്നു. തെരഞ്ഞെടുപ്പിൽ ജയിക്കണമെന്നു ജില്ലാ സെക്രട്ടറിക്ക് ആഗ്രഹമില്ലെന്നും ഷുക്കൂർ ആരോപിക്കുന്നു. പാലക്കാട് ഓട്ടോ ടാക്സി യൂണിയൻ ജില്ലാ ട്രഷററും മുൻ നഗരസഭ കൗൺസിലറുമാണ് ഷുക്കൂർ.
ഇദ്ദേഹം നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ പാലക്കാട്ടെ പ്രധാന സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ് ഷുക്കൂറിൻ്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുമായി സംസാരിച്ചു. ഷുക്കൂറിനെ അനുനയിപ്പിച്ച് പാർട്ടിയിൽ നിലനിർത്താനാണ് ശ്രമം. കഴിഞ്ഞ ദിവസം പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ്ബാബുവും ഷുക്കൂറും തമ്മിൽ വാക്കുതർക്കം ഉണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നേതൃത്വത്തെ വിമർശിച്ച് കുറിപ്പിട്ട ശേഷം താൻ പാർട്ടി വിടുകയാണെന്ന് അബ്ദുൾ ഷുക്കൂർ പറഞ്ഞത്. എന്തായാലും ബിജെപിയിലെയും സിപിഎമ്മിലെയും തമ്മിൽ തല്ല് ഗുണം ചെയ്യുന്നത് കോൺഗ്രസിന് തന്നെയാണ്.