
മന്ത്രി സജി ചെറിയാൻ്റെ അടുക്കളയുടെ ചോർച്ച തടയാൻ 16.94 ലക്ഷം
തിരുവനന്തപുരം : മന്ത്രി സജി ചെറിയാൻ്റെ അടുക്കളക്ക് ചോർച്ച. ചോർച്ച തടയാൻ 16.94 ലക്ഷത്തിന്റെ ടെണ്ടർ ക്ഷണിച്ചു. അടുക്കളയുടെ ചോർച്ചക്കും ഔട്ട് ഹൗസിൻ്റെ സിവിൽ വർക്കിനും ആണ് 16.94 ലക്ഷത്തിന്റെ ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. സജി ചെറിയാൻ്റെ ഔദ്യോഗിക വസതിയായ മൻമോഹൻ ബംഗ്ലാവിലെ അടുക്കളയ്ക്കാണ് ചോർച്ച. പൊതുമരാമത്ത് വകുപ്പാണ് ഈ പ്രവൃത്തിക്ക് ടെണ്ടർ ക്ഷണിച്ചിരിക്കുന്നത്. ഒക്ടോബർ 29 നാണ് ടെണ്ടർ സമർപ്പിക്കേണ്ട അവസാന തീയതി.

അതേസമയം രാശിയില്ലെന്ന പേരുദോഷമുള്ള മൻമോഹൻ ബംഗ്ലാവിൽ മന്ത്രി സജീ ചെറിയാൻ താമസം മാറ്റിയത് ഈ അടുത്ത കാലത്താണ്. ഇതിന് മുമ്പ് ആൻ്റണി രാജുവിൻ്റെ ഔദ്യോഗിക വസതിയായിരുന്ന മൻമോഹൻ ബംഗ്ലാവിലേക്ക്, വാടക വീട്ടിൽ താമസിച്ചിരുന്ന സജീചെറിയാൻ എത്തിയതോടെ നാഥനില്ലാ ബംഗ്ലാവിന് ഒരു നാഥനായി എന്നായിരുന്നു ജനസംസാരം. 85000 രൂപ മാസവാടക നൽകി തൈക്കാട് ഈശ്വരവിലാസം റെസിഡന്റ്സ് അസോസിയേഷനിലെ 392-ാം നമ്പർ വീട്ടിലായിരുന്നു ബംഗ്ലാവിൽ എത്തുന്നത് വരെ സജി ചെറിയാൻ്റെ ഔദ്യോഗിക വസതിയായി ഉപയോഗിച്ചിരുന്നത്.
ഇവിടെ നിന്ന് ബംഗ്ലാവിലേക്ക് എത്തിയ സജീചെറിയാന് വേണ്ടുന്ന സൗകര്യങ്ങളൊക്കെ ഒരുക്കി നൽകി സർക്കാർ. 7 താൽക്കാലിക ജീവനക്കാരെയടക്കമാണ് മൻമോഹൻ ബംഗ്ലാവിലെ ജോലിക്കായി നിയമിച്ചത്. പൊതുവെ മൻമോഹൻ ബംഗ്ലാവിൽ താമസിക്കുന്നവർ അധികം വാഴില്ലെന്നൊരു അന്ധവിശ്വാസം ഉണ്ട്.
ഒന്നാം പിണറായി സർക്കാരിൽ തോമസ് ഐസക്ക് മൻമോഹൻ ബംഗ്ലാവിൽ അഞ്ച് വർഷം പൂർത്തിയാക്കിയിരുന്നു. പക്ഷേ, ഐസക്കിന് 2021 ൽ സീറ്റ് ലഭിച്ചില്ല. 2021 ൽ മൻമോഹൻ ബംഗ്ലാവിൽ താമസിച്ച ആൻ്റണി രാജു രണ്ടര വർഷം കഴിഞ്ഞപ്പോൾ രാജി വയ്ക്കേണ്ടി വന്നു. പഞ്ചാബ് മോഡൽ പ്രസംഗത്തിൻ്റെ പേരിൽ രാജി വയ്ക്കേണ്ടി വന്ന ബാലകൃഷ്ണപിള്ളയുടെ ഔദ്യോഗിക വസതിയും മൻമോഹൻ ബംഗ്ലാവ് ആയിരുന്നു.
മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനും ഒരു മാസത്തിനുള്ളിൽ മൻമോഹൻ ബംഗ്ലാവിൽ നിന്ന് ഇറങ്ങേണ്ടി വന്നു. വി.എസ് സർക്കാരിന്റെ കാലത്ത് കോടിയേരി ബാലകൃഷ്ണനാണ് മൻമോഹൻ ബംഗ്ലാവിൽ താമസിച്ചത്. കോടിയേരി ബംഗ്ലാവിൽ താമസം തുടങ്ങിയതിന് പിന്നാലെ വീടിനും ഗേറ്റിനും മാറ്റങ്ങൾ വരുത്താൻ 17.40 ലക്ഷം രൂപ ചെലവിട്ടെന്ന് ആരോപണങ്ങൾ ഉയർന്നു.
ഇതിന് പിന്നാലെ കോടിയേരി മൻമോഹൻ ബംഗ്ലാവിൽ നിന്നും താമസം സമീപത്തെ ഫ്‌ളാറ്റിലേക്ക് മാറ്റുകയും ചെയ്തു. തുടർന്ന് പൊതുമരാമത്ത് മന്ത്രി ടി.യു കുരുവിള മൻമോഹൻ ബംഗ്ലാവിൽ താമസം ആരംഭിച്ചു. എന്നാൽ ഭൂമിയിടപാടിലെ ക്രമക്കേടിന്റെ പേരിൽ 2007 സെപ്തംബറിൽ കുരുവിളയ്ക്ക് രാജിവെക്കേണ്ടി വന്നു. പകരം മന്ത്രിയായ മോൻസ് ജോസഫിന് ഈ കെട്ടിടം അനുവദിച്ചെങ്കിലും പി.ജെ ജോസഫ് കുറ്റവിമു്ക്തനായി തിരിച്ചുവന്നതോടെ മന്ത്രി മന്ദിരം മോൻസ് ജോസഫിന് ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു.
2010ൽ എൽഡിഎഫിൽ നിന്നും യുഡിഎഫിലേക്ക് മാറിയ പിജെ ജോസഫ് മന്ത്രിപദം രാജിവെച്ച് ബംഗ്ലാവ് ഒഴിഞ്ഞു. 2011ൽ മൻമോഹൻ ബംഗ്ലാവിൽ താമസിച്ചത് ആര്യാടൻ മുഹമ്മദാണ്. സോളാർ കേസിൽ നിരവധി ആരോപണങ്ങൾ നേരിട്ടെങ്കിലും ആര്യാടൻ കാലാവധി പൂർത്തിയാക്കിയെങ്കിലും ആര്യാടൻ്റെ രാഷ്ട്രീയ ജീവിതം അതോടെ അവസാനിച്ചു. അഞ്ച് വർഷം പൂർത്തിയായ ആര്യാടനും ഐസക്കും അടുത്ത തവണ മൽസരിച്ചില്ല. ഐസക്കിന് സീറ്റ് പിണറായി നിഷേധിച്ചു. ഇതുകൊണ്ടൊക്കെ തന്നെയാവണം മൻമോഹൻ ബംഗ്ലാവിലെ താമസം അത്ര പന്തിയല്ലെന്ന് പലരും വിശ്വസിച്ച് പോകുന്നത്.