സംസ്ഥാനം ഇപ്പോൾ ഉപതിരഞ്ഞെടുപ്പ് ചൂടിലാണ്. പാലക്കാട്, ചേലക്കര, വയനാട് തിരഞ്ഞെടുപ്പുകൾ അടുത്തതോടെ മലയാള വാർത്ത ചാനലുകൾക്ക് പൊടിപൊടിക്കാനുള്ള ഉത്സവസീസൺ ആരംഭിച്ചിരിക്കുകയാണ്. പരസ്പരം കടുത്തമത്സരമാണ് ചാനലുകൾ തമ്മിൽ അങ്ങോട്ടും ഇങ്ങോട്ടും നടത്തുന്നത്. റേറ്റിംഗിൽ ഒന്നാമതെത്താൻ വളരെയേറെ പെടാപാടുകളാണ് ചാനലുകൾ നടത്തുന്നത്. എഡിഎം നവീൻ ബാബുവിന്റെ മരണവും, അർജുൻ വിഷയവും ഉൾപ്പെടെയുള്ളവ വളരെ വൈകാരികതയോടെയാണ് ചാനലുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
എന്നാൽ, പതിവ് തെറ്റാതെ ഇത്തവണയും ചാനൽ റേറ്റിംഗിൽ ഒന്നാമതായി തുടരുകയാണ് ഏഷ്യാനെറ്റ്. 42ാം ആഴ്ച്ചയിലെ ബാര്‍ക്ക് റേറ്റിംഗില്‍ നൂറ് പോയിന്റുകൾ കടന്നുകൊണ്ടാണ് ഏഷ്യാനെറ്റിന്റെ ഉയർച്ച. 104 പോയിന്റാണ് ഏഷ്യാനെറ്റ് ന്യൂസ് നേടിയിരിക്കുന്നത്. 99.78 ആയിരുന്നു ഏഷ്യാനെറ്റ് ന്യൂസിന്റെ കഴിഞ്ഞ തവണത്തെ പോയിന്റ്. ഇതോടെ ഏഷ്യാനെറ്റിനെ പിന്തള്ളി ഒന്നാം സ്ഥാനത്തെത്താൻ ആഗ്രഹിച്ച റിപ്പോർട്ടർ ടിവിയ്ക്ക് നിരാശയാണ് പരിണിത ഫലമായി ലഭിച്ചിരിക്കുന്നത്. കോടികൾ മുടക്കിയുള്ള പരിശ്രമങ്ങൾ എല്ലാം ഏഷ്യാനെറ്റിന്റെ രാഷ്ട്രീയ വാർത്തകളുടെ മുന്നിൽ നിഷ്പ്രഭം പാഴായിപ്പോയി.
പ്രൈംബാന്‍ഡ് ലഭിക്കുന്നതിന് കോടികള്‍ ചിലവാക്കിയിട്ടുണ്ട് ചാനല്‍ അധികാരികള്‍. 104 പോയിന്റ് നേടി ഏഷ്യാനെറ്റ് മുന്നിൽ നിൽക്കുമ്പോൾ, 6 പോയിന്റ് പിന്നിലായി 98 പോയിന്റുകളാണ് റിപ്പോർട്ടർ ടിവിയ്ക്ക് കഴിഞ്ഞ ആഴ്ച നേടാൻ സാധിച്ചത്. കഴിഞ്ഞ തവണയും ഇതേ പോയിന്റ് തന്നെയായിരുന്നു റിപ്പോർട്ടർ ടിവിയുടേത്. കോടികൾ മുടക്കി കേരളാ വിഷന്റെ ലാന്‍ഡിംഗ് പേജ് വാങ്ങിയിട്ടും, റിപ്പോർട്ടർ ടിവിയ്ക്ക് റേറ്റിംഗിൽ ഒന്നാം സ്ഥാനം എത്താൻ സാധിച്ചില്ല. ഒന്നാം സ്ഥാനത്ത് എത്തുന്നതിന് വേണ്ടി റിപ്പോർട്ടർ ടിവി വലിയ രീതിയിൽ ഒരുക്കങ്ങൾ നടത്തിയെങ്കിലും, ഏഷ്യാനെറ്റിന്റെ സ്ഥാനം കളയാൻ എത്ര പണിപെട്ടിട്ടും അവർക്ക് സാധിച്ചില്ല. ഇത് ഏഷ്യാനെറ്റിന്റെ വിശ്വസനീയതയുടെ ഫലമെന്ന് തന്നെ പറയാം. കേരളാ വിഷന്റെ ബോക്സ് ഓണ്‍ ആക്കിയാല്‍ റിപ്പോര്‍ട്ടര്‍ ചാനലാണ് വരുന്നതെങ്കിലും ഒന്നാം സ്ഥാനം അവർക്ക് വിദൂരമായി നിൽക്കുകയാണ്.
അതേസമയം മൂന്നാം സ്ഥാനത്തേക്ക് വീണ 24 ന്യൂസ് ചാനല്‍ 79 പോയിന്റാണ് ബാര്‍ക്കില്‍ നേടിയത്. രണ്ടാം സ്ഥാനത്തേക്കുള്ള കുതിപ്പ് അവര്‍ക്ക് അത്രപെട്ടെന്നും കിട്ടാൻ സാധ്യതയില്ലെന്നാണ് വിലയിരുത്തൽ.