തിരുവനന്തപുരം: സിപിഎമ്മിനെയും സര്‍ക്കാരിനെയും പ്രതിരോധിക്കാന്‍ സോഷ്യല്‍ മീഡിയയെ ശക്തിപ്പെടുത്താന്‍ നിര്‍ദ്ദേശം. സാമൂഹിക മാധ്യമങ്ങളില്‍ ലൈക്കുകളും ഷെയറും ഉറപ്പുവരുത്തണമെന്നും സര്‍ക്കാര്‍ വകുപ്പുകള്‍ക്കെതിരെയുണ്ടാകുന്ന പ്രചാരണങ്ങള്‍ തടയണമെന്നും സിപിഎം നിര്‍ദ്ദേശിക്കുന്നു.
സിപിഎം സംസ്ഥാന കമ്മിറ്റി അവലോകന രേഖയിലാണ് നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലൈക്കുകള്‍ ഉറപ്പുവരുത്തുന്നതില്‍ പ്രത്യേക ശ്രദ്ധ ഉണ്ടാകണമെന്നും നിര്‍ദ്ദേശമുണ്ട്. ബൂത്തുകളില്‍ 200 പേരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കണം. ഈ തീരുമാനം ഫലപ്രദമായി നടപ്പാക്കണം.
ഇതിലൂടെയേ എതിര്‍പ്രചരണങ്ങളെ പ്രതിരോധിക്കാനാവൂവെന്നും നിര്‍ദ്ദേശത്തില്‍ പറയുന്നു. നവമാധ്യമരംഗത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതില്‍ ഇപ്പോള്‍ വലിയ പോരായ്മയുണ്ടെന്നാണ് പാര്‍ട്ടി നിരീക്ഷണം. സര്‍ക്കാരിന്റെ വികസന നേട്ടം എല്ലാ വീടുകളിലുമെത്തിക്കണം. ഇതിനായി പിആര്‍ഡിയുമായി സഹകരിച്ച് പദ്ധതി തയാറാക്കണം. സര്‍ക്കാരിന്റെ പ്രവര്‍ത്തനം തെറ്റായി എത്തിക്കാന്‍ സംഘടിത ശ്രമം നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വലതുപക്ഷ മാധ്യമങ്ങള്‍ മത്സരിക്കുകയാണ്. ലോകസഭാ തെരഞ്ഞെടുപ്പില്‍ എതിരാളികള്‍ക്ക് വിപുലമായ പ്രചരണ സംവിധാനം.
പ്രചരണ വാചകങ്ങള്‍ പോലും ഇത്തരം സംവിധാനങ്ങളാണ് നല്‍കുന്നത്. ഓരോ വകുപ്പിന് നേരെയും ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ അതാത് ഘട്ടങ്ങളില്‍ പ്രതിരോധിക്കണം. മന്ത്രി ഓഫീസുകളുടെ ഏകോപനത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് മുന്‍കൈയ്യെടുക്കണം. പിആര്‍ഡി സംവിധാനം ഏറെ മെച്ചപ്പെടുത്തണമെന്നും സിപിഐഎം സംസ്ഥാന കമ്മിറ്റി രേഖയില്‍ പറയുന്നു.