ഇന്ത്യൻ ഷെയർ മാർക്കറ്റ് കൂപ്പുകുത്തി എന്ന വാർത്ത രാജ്യത്തെ നിക്ഷേപകരെ വലിയ ആശങ്കയിലാണ് കൊണ്ടെത്തിച്ചത്. ഈ വർഷം ജൂൺ മുതലുള്ള റാലിയിൽ സെൻസെക്സും നിഫ്റ്റിയും ചരിത്രത്തിൽ ഏറ്റവും വലിയ ഉയരത്തിലെത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് പ്രധാനമന്ത്രിയും കേന്ദ്ര മന്ത്രിമാരും നൽകിയ ഹൈപ്പ് കൂടി ആയതോടെ ബുള്ളിഷ് ആക്കം ഉണ്ടായിരുന്ന മാർക്കറ്റ് കുതിച്ചുകയറി.
പിന്നാലെ തിരഞ്ഞെടുപ്പ് ഫലം വന്ന ദിവസവും ഈ കുതിപ്പ് തുടർന്നു. ജൂൺ മാസത്തിൽ സെൻസെക്സിൽ ഏകദേശം 1500 പോയിന്റിന് മുകളിൽ ചാഞ്ചാട്ടം പ്രകടമായിരുന്നു.
കഴിഞ്ഞ അഞ്ച് ലോക്സഭാ തിരഞ്ഞെടുപ്പിലും വിപണിയിൽ വലിയ മാറ്റം ദൃശ്യമായിരുന്നു. 2004, 2009 ലോക്സഭാ തിരഞ്ഞെടുപ്പുകളിലും ഈ കുതിപ്പ് പ്രകടമായി, 2004 ൽ യൂപിഎ സർക്കാർ അധികാരത്തിലേറുമ്പോൾ സെൻസെസ് .77 ശതമാനം കുതിച്ച് 5399 ലെത്തി, നിഫ്റ്റി .37 ശതമാനം ഉയർന്ന് 1717 ലെത്തിയിരുന്നു. 2009 ൽ രണ്ടാം മൻമോഹൻ സർക്കാർ അധികാരം നിലനിർത്തിയപ്പോഴും ഷെയർ മാർക്കറ്റിൽ ഉയർച്ച പ്രകടമായിരുന്നു. ഈ സമയത്ത് നിഫ്റ്റി 17.74 ശതമാനം കുതിച്ച് കയറി 4323 ലും, സെൻസെക്സ് 2.53 ശതമാനം കയറി 12173 ലും എത്തിയിരുന്നു.
2014 ൽ ബിജെപിയുടെ നേതൃത്വത്തിൽ നരേന്ദ്ര മോദി സർക്കാർ ആദ്യമായി അധികാരത്തിൽ കയറുമ്പോൾ നാമമാത്രമായ ഉയർച്ച മാത്രമാണ് വിപണിയിൽ കണ്ടത്. സെൻസെക്സ് .9 ശതമാനം ഉയർന്ന് 24,123 ലും നിഫ്റ്റി 1.24 ശതമാനം ഉയർന്ന് 7203 ലുമെത്തി. എന്നാൽ രണ്ടാം മോദി സർക്കാർ 2019 അധികാരത്തിൽ ഏറിയപ്പോൾ നേരിയ ഇടിവും വിപണിയിൽ പ്രകടമായിരുന്നു. ഇക്കാലയളവിൽ സെൻസെക്സ് .76 ശതമാനം ഇടിവ് രേഖപ്പെടുത്തി 38811 ലും. നിഫ്റ്റി 0.69 ശതമാനം ഇടിഞ്ഞ് 11657 ലും എത്തി.
എന്നാൽ 2024 ൽ മൂന്നാമതും മോദി സർക്കാർ അധികാരത്തിൽ എത്തുമ്പോൾ വലിയ കുതിച്ച് കയറ്റവും പ്രകടമായിരുന്നു. തിരഞ്ഞെടുപ്പ് ദിനത്തിലും ഫലം വന്നപ്പോഴും ഈ കുതിച്ചുകയറ്റം തുടർന്നു.
എന്നാൽ മോദി 3.0 അധികാരത്തിലേറി അഞ്ച് മാസം പിന്നിടുമ്പോൾ മാർക്കറ്റ് തകർന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. ബെയറിഷ് നിക്ഷേപകരെ സംബന്ധിച്ച് ഈ ഇടിവ് പ്രതീക്ഷിച്ച തിരുത്തൽ മാത്രമാണ്. എന്നാൽ ബുള്ളിഷ് നിക്ഷേപകർക്ക് തിരിച്ചടിയും.
ഈ വർഷത്തെ ബജറ്റിൽ കൊണ്ടുവന്ന മൂലധന നികുതി വർധനവും നിക്ഷേപകരെ സമ്മർദ്ദത്തിലാക്കുന്ന നികുതി നടപടികളും പതിയെ വിദേശ നിക്ഷേപകരെ ഇന്ത്യൻ മാർക്കറ്റിൽ നിന്ന് പിൻവലിച്ചു എന്നത് കാണാനാകും. വിദേശ നിക്ഷേപകർക്ക് ഇടയിലെ ‘സെൽ ഇന്ത്യ, ബൈ ചൈന’ നീക്കം ഇന്ത്യൻ മാർക്കറ്റിനെ തളർച്ചയിലേക്ക് തള്ളി വിടുന്നു എന്ന നിരീക്ഷണവും ശക്തമാണ്.
ഇന്ത്യൻ മാർക്കറ്റിൽ നിന്ന് പിൻവലിയുന്ന വിദേശ നിക്ഷേപകർ ചൈനയിലേക്ക് ചേക്കേറുന്നതും കാണാനാകും. ഇന്ത്യൻ വിപണി സൂചികകൾ ഇടിയുമ്പോൾ ചൈനീസ് മാർക്കറ്റ് കുതിച്ച് കയറുകയാണ്. ചൈനീസ് വിപണിയുടെ ഭാവിയിൽ വിദേശ നിക്ഷേപകർക്ക് ഉണ്ടായ വിശ്വാസവും ഈ മാറ്റത്തിന് ഒരു കാരണമാണ്.
അസാധാരണമാം വിധം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നിക്ഷേപത്തിന്മേൽ സ്വീകരിച്ച നികുതി നയവും ഈ തിരിച്ചടിക്ക് കാരണമായി എന്നാണ് വിലയിരുത്തൽ. അതേസമയം സെബി (SEBI) അധ്യക്ഷയ്ക്ക് എതിരെ ഉയർന്ന ഹിൻഡൻബർഗ് ആരോപണങ്ങളും, അന്വേഷണമോ നടപടിയോ സ്വീകരിക്കാതിരുന്ന കേന്ദ്രസർക്കാർ നടപടി നിക്ഷേപകർക്ക് ഇടയിലെ വിശ്വാസ്യത തകർത്തു എന്നും വിമർശനമുണ്ട്.
കഴിഞ്ഞ ഒരു മാസത്തിൽ നിഫ്റ്റി ഏകദേശം 5.78 ശതമാനമാണ് ഇടിഞ്ഞത്, 52 ആഴ്ചയിലെ ഉയർന്ന നിരക്കായ 26277 ലേക്ക് കുതിച്ചുകയറിയ നിഫ്റ്റി 1500 പോയിൻറ് താഴ്ന്ന് 24411 എന്ന നിലയിലാണ് ഇപ്പോഴെത്തി നിൽക്കുന്നത്. സെപ്റ്റംബർ 27 മുതൽ ആരംഭിച്ച തിരുത്തൽ ഒക്ടോബർ 23 നും തുടരുകയാണ്. സെൻസെക്സ് 85978 എന്ന സർവകാല ഉയരത്തിൽ നിന്ന് 5.6 ശതമാനം ഇടിഞ്ഞ് 80160 ൽ എത്തി നിൽക്കുകയാണ്. കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ സെൻസെക്സ് ഏകദേശം 4700 പോയിൻറ്റാണ് ഇടിഞ്ഞത്.
ഈ ഇടിവ് ദീർഘകാല നിക്ഷേപകർക്ക് വാങ്ങിക്കൂട്ടാനുള്ള അവസരമാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നുണ്ടെങ്കിലും ഇനി എത്ര നാളെടുത്താകും വിപണി തിരിച്ചുകയറുക എന്നത് പ്രവചനാതീതമാണ്. കഴിഞ്ഞ 52 ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിഫ്റ്റി നിരക്ക് 18926 ഉം, സെൻസെക്സ് 63092 മായിരുന്നു. ഇപ്പോഴുള്ള തിരുത്തൽ ഈ നിലയ്ക്ക് അടുത്തേക്ക് നീങ്ങുമോ എന്ന ഭയവും നിക്ഷേപകർക്ക് ഇടയിലുണ്ട്.
സാലറീഡ് വിഭാഗത്തിലുള്ള നിരവധി പേരാണ് എസ്ഐപി മുഖേന മാർക്കറ്റിലേക്ക് നിക്ഷേപിക്കുന്നത്. ക്രമമായ നിക്ഷേപ പദ്ധതികൾ വഴി മാസം തോറും കോടിക്കണക്കിന് രൂപയാണ് വിപണിയിലേക്ക് ഒഴുകി എത്തുന്നത്. ബാങ്ക് നിക്ഷേപങ്ങൾക്ക് പകരം നിരവധിപേർ വിപണി നിക്ഷേപത്തിലേക്ക് മാറിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ട് തന്നെ വിപണിയിൽ നിക്ഷേപിക്കുന്നത് മിഡിൽ ക്ലാസ് അല്ലെന്ന കേന്ദ്ര ധനമന്ത്രിയുടെ നിരീക്ഷണത്തിന് വിപരീതമായി വിപണിയുടെ ചാഞ്ചാട്ടം, രാജ്യത്തെ മധ്യവർഗ്ഗത്തെ ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്.