
പാലക്കാട് : ലോക്‌സഭ തിരഞ്ഞെടുപ്പിന്‍റെ ആരവമടങ്ങിത്തുടങ്ങവെ മറ്റൊരു തിരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ് കേരളം. കോൺഗ്രസും സിപിഎമ്മും ബിജെപിയും രണ്ടും കല്പിച്ച് പ്രചാരണത്തിനിറങ്ങുമ്പോൾ ഇത്തവണ തീ പാറും. എന്നാൽ ഇത്തവണ എല്ലാവരും ഉറ്റുനോക്കുന്ന മണ്ഡലമാണ് പാലക്കാട്. ഷാഫി പറമ്പിൽ എംപിയായതോടെയാണ് പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
കോൺഗ്രസ് രാഹുൽ മാങ്കൂട്ടത്തിലിനെയും സിപിഎം സരിനെയും തിരഞ്ഞെടുപ്പ് ഗോദയിലിറക്കുമ്പോൾ ബിജെപിയെ അത്ര വില കുറച്ച് കാണാനാകില്ല. കാരണം സംസ്ഥാനത്ത് ബി ജെ പിക്ക് ഏറ്റവും കൂടുതൽ പ്രതീക്ഷയുള്ള മണ്ഡലമാണ് പാലക്കാട്. 2016 ലെ നിയമസഭ തിരഞ്ഞെടുപ്പ് മുതൽ മണ്ഡലത്തിൽ രണ്ടാം സ്ഥാനത്ത് എത്താൻ ബി ജെ പിക്ക് സാധിച്ചിട്ടുണ്ട്. പാർട്ടിയുടെ തീപ്പൊരി വനിത നേതാവ് ശോഭ സുരേന്ദ്രനിലൂടെയായിരുന്നു ആദ്യമായി ബി ജെ പി ഇവിടെ വോട്ടുയർത്തിയത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ മെട്രോമാൻ ഇ ശ്രീധരനിലൂടെ അതിശക്തമായ മത്സരവും ബി ജെ പി മണ്ഡലത്തിൽ കാഴ്ചവെച്ചു. 2021 ൽ കോൺഗ്രസിന്റെ ഷാഫി പറമ്പിലും ശ്രീധരനും തമ്മിൽ ഇഞ്ചോടിഞ്ചായിരുന്നു പോരാട്ടം. ഒടുവിൽ മൂവായിരത്തോളം വോട്ടുകൾക്ക് ഷാഫി വിജയിച്ചു. 54079 വോട്ടുകളാണ് ഷാഫിക്ക് ലഭിച്ചത്. 50220 വോട്ട് ശ്രീധരനും നേടി. അതായത് 35.34 ശതമാനം വോട്ട്. ഷാഫിക്ക് ലഭിച്ചത് 38.06 ശതമാനവും. ഈ കണക്ക് തന്നെയാണ് ഷാഫിയുടെ അഭാവത്തിൽ മണ്ഡലത്തിൽ ബിജെപിയുടെ പ്രതീക്ഷ ഉയർത്തുന്നത്.
ഉപതിരഞ്ഞെടുപ്പിൽ ബി ജെ പിയുടെ വിജയസാധ്യതയ്ക്ക് കനത്ത മങ്ങലേൽപ്പിക്കുകയാണ് പാർട്ടിക്കുള്ളിലെ വിഭാഗീയത. ശോഭ സുരേന്ദ്രൻ പക്ഷവും സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പക്ഷവും തമ്മിലുള്ള പോരാണ് പാർട്ടിക്ക് തലവേദന തീർക്കുന്നത്. ഷാഫിയെ രക്ഷിച്ച ന്യൂനപക്ഷ വോട്ടുകൾ ഇത്തവണ ആർക്കൊപ്പം – ഇതാണ് ഇപ്പോൾ രാഷ്ട്രീയ കേരളത്തിൽ ഉയരുന്ന ചോദ്യം.
മത്സരിച്ച മണ്ഡലങ്ങളിലെല്ലാം വോട്ടുയർത്തിയ നേതാവാണ് ശോഭ സുരേന്ദ്രൻ. അതുകൊണ്ട് തന്നെ പാലക്കാട് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയപ്പോൾ മുതൽ ശോഭയെ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന ആവശ്യം പാർട്ടിയിൽ ഒരു വിഭാഗം ഉയർത്തിയിരുന്നു. എന്നാൽ സുരേന്ദ്രൻ പക്ഷം ഇതിനെ അതിശക്തമായി എതിർത്തു. ജില്ലയിൽ തന്നെയുള്ള നേതാവായ സി കൃഷ്ണകുമാർ മത്സരിക്കണമെന്ന ആവശ്യം സുരേന്ദ്രൻ പക്ഷം മുന്നോട്ട് വെച്ചു.
ഒടുവിൽ സുരേന്ദ്രൻ പക്ഷത്തിന്റെ ആവശ്യം ദേശീയ നേതൃത്വം അംഗീകരിക്കുകയും സി കൃഷ്ണകുമാർ തന്നെ സ്ഥാനാർത്ഥിയായി എത്തുകയും ചെയ്തു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇരുവിഭാഗങ്ങളും തമ്മിലുള്ള പോര് ഇപ്പോൾ കൂടുതൽ പരസ്യമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശോഭയുടെ പേരിൽ മണ്ഡലത്തിൽ വെച്ചിരുന്ന ഫ്ലക്സ് തീയിട്ട സംഭവം ഉണ്ടായി. എതിർപക്ഷമാണ് ഇതിന് പിന്നിലെന്നാണ് ശോഭയെ അനുകൂലിക്കുന്നവർ പറയുന്നത്.
അതിനിടെ ഭിന്നത കൂടുതൽ പ്രകടമാക്കി കഴിഞ്ഞ ദിവസം പാലക്കാട് നടന്ന കൃഷ്ണകുമാറിന്റെ റോഡ് ഷോയിൽ നിന്നും സംസ്ഥാന ഭാരവാഹികളടക്കം വിട്ടുനിന്നിരുന്നു. ശോഭാ സുരേന്ദ്രൻ പക്ഷവും നഗരസഭയിലെ ഭൂരിഭാഗം കൗൺസിലർമാരുമാണ് പരിപാടിക്കെത്താതിരുന്നത്. മണ്ഡലം കമ്മിറ്റി യോഗവും ശോഭ പക്ഷം ബഹിഷ്കരിച്ചു. 70 ഓളം നേതാക്കൾ പങ്കെടുക്കേണ്ട യോഗത്തിൽ വെറും 20 പേർ മാത്രമായിരുന്നു പങ്കെടുത്തത്. ഇത്തരത്തിൽ പ്രചരണത്തിന്റെ തുടക്കത്തിൽ തന്നെ ഇരുവിഭാഗവും തമ്മിൽ കൊമ്പുകോർക്കുന്നത് പാർട്ടിക്ക് ഏറ്റവും പ്രതീക്ഷയുള്ള മണ്ഡലത്തിലെ വിജയസാധ്യതയ്ക്ക് മങ്ങലേൽപ്പിക്കുമോയെന്നാണ് ഒരു വിഭാഗം നേതാക്കൾ ആശങ്ക പ്രകടിപ്പിക്കുന്നത്.