ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ നിന്ന് പുറത്ത് വരുന്ന വാര്‍ത്തകള്‍ എപ്പോഴും തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടല്‍ ആണ്. എന്നാല്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ ഒരു തൊഴിലാളി മരണപ്പെട്ടുവെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്ത. ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലാണ് വെള്ളിയാഴ്ച തീവ്രവാദികളുടെ വെടിയേറ്റ് അശോക് കുമാര്‍ ചവാന്‍ എന്ന കുടിയേറ്റ തൊഴിലാളി കൊല്ലപ്പെട്ടത്.
ബീഹാറിലെ ബങ്ക ജില്ലക്കാരനായ അശോകിന്റെ മരണം വലിയ ഞെട്ടല്‍ തന്നെയാണ് പ്രദേശത്ത് ഉണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് കേന്ദ്ര ഭരണ പ്രദേശത്ത് ഒമര്‍ അബ്ദുള്ളയുടെ പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. അതിന് ശേഷം നടക്കുന്ന ആദ്യ കൊലപാതകമാണിത്. ഷോപിയാനിലെ സൈന്‍പോറയിലെ വാച്ചി മേഖലയില്‍ നിന്നാണ് വെടിയുണ്ടകള്‍ പതിഞ്ഞ മൃതദേഹം കണ്ടെത്തിയത്.
ചവാന്റെ ശരീരത്തില്‍ 4 വരെ വെടിയുണ്ടകള്‍ ഉണ്ടായിരുന്നു. മൃതദേഹം കണ്ട നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയും പോലീസുകാര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയക്കുകയും ചെയ്തു.