
അഴിമതി ആരോപണവും ഓഫീസ് ദുരുപയോഗവും, റിഗതി ഗച്ചാഗ്വയ്ക്ക് ഇംപീച്ച്മെൻ്റ്
നെയ്റോബി: കെനിയന്‍ വൈസ് പ്രസിഡന്റ് റിഗതി ഗച്ചാഗ്വ ഇംപീച്ച്മെൻ്റ് നേരിടുന്നു. വിചാരണ ബുധനാഴ്ച ആരംഭിച്ചു. അഴിമതിയും ഓഫീസ് ദുരുപയോഗവും ഉള്‍പ്പെടെ 11 ആരോപണങ്ങളാണ് ഗച്ചാഗ്വയെ ഇംപീച്ച് ചെയ്യുന്നതിലേയ്ക്ക് എത്തിച്ചത്. പാര്‍ലമെന്റിന്റെ നാഷണല്‍ അസംബ്ലി വന്‍ ഭൂരിപക്ഷത്തോടെ വോട്ട് ചെയ്താണ് ഇംപീച്ച്മെന്റ് ആരംഭിച്ചത്. ഇംപീച്ച്മെന്റ് അംഗീകരിക്കപ്പെട്ടാല്‍ പുറത്താക്കപ്പെടുന്ന ആദ്യത്തെ വൈസ് പ്രസിഡന്റാകും റിഗതി ഗച്ചാഗ്വ.
സെനറ്റ് തന്നെ നീക്കണമെന്ന് എന്ന് തീരുമാനിക്കുന്നുവോ അന്ന് വരെ തന്റെ ചുമതലയില്‍ താന്‍ തുടരുമെന്നും തന്റെ പേരിലുള്ള ആരോപണങ്ങളെല്ലാം വെറും വ്യാജമാണെന്നും ഗച്ചാഗ്വ ആരോപിച്ചിരുന്നു. ഒക്ടോബര്‍ 9-ന് 349 അംഗ ദേശീയ അസംബ്ലിയില്‍ മൊത്തം 282 എംപിമാര്‍ ഗച്ചാഗ്വയെ ഇംപീച്ച് ചെയ്യാന്‍ വോട്ടുചെയ്തു.
വ്യാഴാഴ്ച വൈകുന്നേരത്തോടെ ഇംപീച്ച്മെന്റ് കാര്യത്തില്‍ തീരുമാനമുണ്ടാകും.കെനിയയിലെ ഏറ്റവും വലിയ ഗോത്ര വിഭാഗമായ കികുയുവില് നിന്നാണ് ഗച്ചാഗ്വ രാഷ്ട്രീയത്തിലേയ്ക്ക് വന്നത്. വലിയ ബിസിനസുകാരനുമാണ് ഗച്ചാഗ്വ. 2022 ഓഗസ്റ്റില്‍ നടന്ന തിരഞ്ഞെടുപ്പിലാണ് ഗച്ചാഗ്വ ഡെപ്യൂട്ടി സ്ഥാനത്തേയ്ക്ക് എത്തുന്നത്.