എഡിഎം നവീൻ ബാബുവിന്റെ സംസ്‌കാരം നാളെ. പരിയാരം മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നവീൻ ബാബുവിന്റെ മൃതദേഹം ഇന്നലെ രാത്രിയോടെ ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു. ഇന്ന് ഉച്ചയോടെ പത്തനംതിട്ടയിലെത്തിക്കുന്ന മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കും. നാളെ പത്തനംതിട്ട കലക്ടറേറ്റിൽ പൊതുദർശനത്തിനു വച്ച ശേഷം വീട്ടുവളപ്പിൽ സംസ്‌കാരം.
അതേസമയം, നവീൻ ബാബുവിന്റെ ആത്മഹത്യ സിപിഎമ്മിനെയും സർക്കാരിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതോടെ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ രാജിക്ക് സമ്മർദമേറുകയാണ്. പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധം ഉയരുന്നതിനൊപ്പം തന്നെ പത്തനംതിട്ടയിലെ സിപിഎമ്മിലും സംഭവത്തിൽ പ്രതിഷേധമുണ്ട്. സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തുന്ന കുടുംമാണ് നവീൻ ബാബുവിന്റേത്. സി.പി.എം അനുകൂല സർവീസ് സംഘടനയായ കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്റെ സഹയാത്രികനാണ് നവീൻബാബു.
പത്തനംതിട്ടയിലെ സിപിഎം മുതിർന്ന നേതാക്കൾ കൂടിയാലോചന നടത്തിയശേഷമാണ് പിപി ദിവ്യയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്ന വിലയിരുത്തൽ നടത്തി പത്രക്കുറിപ്പ് ഇറക്കിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുന്ന കാര്യം നിലവിൽ ആലോചനയിലില്ലെങ്കിലും വിവാദത്തിൽ നിന്ന് തടിയൂരാൻ മറ്റു മാർഗമില്ലെന്ന വിലയിരുത്തലും നേതാക്കൾക്കുണ്ട്.
ഉപതിരഞ്ഞെടുപ്പുകൾ പ്രഖ്യാപിച്ച സാഹചര്യത്തിൽ രാജി ആവശ്യപ്പെടാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. സാമൂഹികമാധ്യമങ്ങളിൽ ദിവ്യക്കെതിരേ പാർട്ടി അനുഭാവിഗ്രൂപ്പുകളിലും മറ്റും വലിയ വിമർശനമുയരുന്നുണ്ട്.
മലയാലപ്പുഴ പഞ്ചായത്തിൽ കോൺഗ്രസും ബിജെപിയും, കണ്ണൂർ കോർപറേഷൻ പരിധിയിൽ ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയുടെ വീട്ടിലേക്ക് കോൺഗ്രസും ബിജെപിയും ഇന്ന് മാർച്ച് നടത്തും. കൂടുതൽ പൊലീസിനെ ദിവ്യയുടെ വീടിനു സമീപം നിയോഗിച്ചിട്ടുണ്ട്. നവീന്റെ മരണത്തിനു ശേഷം ഇതുവരെ പരസ്യ പ്രതികരണത്തിന് ദിവ്യ തയാറായിട്ടില്ല.
ഇന്ന് സംസ്ഥാന വ്യാപകമായി അവധിയെടുത്ത് പ്രതിഷേധിക്കാനാണ് റവന്യു ഉദ്യോഗസ്ഥരുടെ തീരുമാനം. മരണത്തിൽ ഉത്തരവാദിയായവർക്കെതിരെ കർശന നടപടി വേണമെന്നാണ് ആവശ്യം. വില്ലേജ് ഓഫിസ് മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള റവന്യുവകുപ്പിലെ ഉദ്യോഗസ്ഥരാണ് അവധിയെടുക്കുന്നത്.
അതിനിടെ, എഡിഎമ്മിനെതിരെ കൈക്കൂലി പരാതി നൽകിയ പ്രശാന്തിനെ പരിയാരം മെഡിക്കൽ കോളജിലെ ജോലിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എൻജിഒ അസോസിയേഷൻ രംഗത്തെത്തി. സർക്കാർ ജീവനക്കാരൻ കച്ചവട സ്ഥാപനം തുടങ്ങിയെന്നതാണ് കാരണം. അഴിമതി നിരോധന നിയമപ്രകാരം പ്രശാന്തിനെതിരെ കേസെടുക്കണമെന്നാണ് എൻജിഒ അസോസിയേഷന്റെ ആവശ്യം.