ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കൊട്ടും ആരവവും അടങ്ങിയതോടെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളാണ് കേരള രാഷ്ട്രീയത്തിലെ പ്രധാന ചർച്ച വിഷയം. ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളം തൂത്ത് വാരിയ ആത്മവിശ്വാസത്തിൽ കോൺഗ്രസ് കളത്തിലിറങ്ങുമ്പോൾ കനൽ തരിയായി ഒടുങ്ങേണ്ടി വന്ന സിപിഎമ്മിന് തങ്ങളുടെ പ്രതിച്ഛായ വീണ്ടെടുത്തേ കഴിയൂ. അതേസമയം, സുരേഷ് ഗോപിയിലൂടെ നേടിയ മിന്നും വിജയം ഇനിയും ആവർത്തിക്കാമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി.
ഉപതിരഞ്ഞെടുപ്പ് സ്ഥാനാർത്ഥിത്വത്തെ ചൊല്ലി ബിജെപിയിൽ പൊരിഞ്ഞ അടി നടക്കുകയാണെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. ബിജെപിക്ക് ഏറ്റവും സാധ്യതയുള്ള പാലക്കാട് സീറ്റിൽ വിജയ സാധ്യത ഏറെയുള്ള സ്ഥാനാർത്ഥി എന്ന നിലയിൽ ശോഭ സുരേന്ദ്രൻ വരണമെന്നാണ് ഒരുപക്ഷത്തിന്റെ ആവശ്യം. എന്നാൽ പാർട്ടി ജനറൽ സെക്രട്ടറിയും ലോക്സഭ തിരഞ്ഞെടുപ്പിൽ പാലക്കാട് നിന്നുള്ള സ്ഥാനാർത്ഥിയുമായിരുന്ന സി കൃഷ്ണകുമാറിന് വേണ്ടിയാണ് മറുപക്ഷം സമ്മർദ്ദം ചെലുത്തുന്നത്.
കൂടാതെ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ മത്സരിക്കട്ടെയെന്ന ആവശ്യവും ശക്തമാണ്. പിടിവലി ശക്തമായതോടെ മൂന്ന് നേതാക്കളുടേയും പേരുകൾ കേന്ദ്ര നേതൃത്വത്തിന് ബിജെപി കൈമാറിയിരിക്കുകയാണ്. അന്തിമ തീരുമാനം ദേശീയ നേതൃത്വം കൈക്കൊണ്ടേക്കുമെന്നാണ് സൂചന. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ മണ്ഡലമാണ് പാലക്കാട്. കോൺഗ്രസ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിലിനെതിരെ അതിശക്തമായ മത്സരം കാഴ്ചവെയ്ക്കാൻ ശ്രീധരന് സാധിച്ചിരുന്നു.
ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ 3000ത്തോളം വോട്ടുകൾക്കായിരുന്നു ഷാഫിയുടെ വിജയം. അതുകൊണ്ട് തന്നെ ഇത്തവണ ഷാഫിയുടെ അഭാവത്തിൽ ബിജെപിക്ക് മണ്ഡലത്തിൽ സാധ്യത ഏറെയാണെന്നാണ് നേൃത്വതം വിലയിരുത്തുന്നത്. ഈ സാഹചര്യത്തിൽ ശക്തനായ മത്സരാർത്ഥി തന്നെ ഇറങ്ങട്ടെയെന്നാണ് പൊതുവികാരം. അതേസമയം, മത്സരിച്ച തിരഞ്ഞെടുപ്പുകളിലെല്ലാം വോട്ടുയർത്തിയ സ്ഥാനാർത്ഥിയാണ് ശോഭാ സുരേന്ദ്രൻ.
പാലക്കാട് ശോഭ സുരേന്ദ്രൻ മത്സരിക്കുന്നത് തീർച്ചയായും ഗുണം ചെയ്യുമെന്നാണ് ശോഭ പക്ഷം ചൂണ്ടിക്കാട്ടുന്നത്. നേരത്തേ പാർട്ടി നടത്തിയ ആഭ്യന്തര സർവ്വെയിലും ശോഭയ്ക്കായിരുന്നു മുൻതൂക്കം. എന്നാൽ ജില്ലാ നേതൃത്വത്തിന് ശോഭ മത്സരിക്കുന്നതിനോട് തീരെ താത്പര്യം ഇല്ല. ശോഭയ്ക്ക് വയനാട് സീറ്റ് നൽകാമെന്നും കൃഷ്ണകുമാർ പാലക്കാട്ട് മത്സരിക്കട്ടെയെന്നുമാണ് ഇവർ പറയുന്നത്. അതിനാൽ തന്നെ ഇനി ദേശീയ നേതൃത്വത്തിന്റെ നിലപാട് നിർണായകമാകും.
ഇതോടെ പാലക്കാട് വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ച് സമാന്തര യോഗങ്ങളുമായി മുന്നോട്ട് നീങ്ങുകയാണ് ബിജെപി. കഴിഞ്ഞ ദിലസം എറണകുളത്ത് നേതാക്കൾ യോഗം ചേർന്നിരുന്നു. മുതിർന്ന സംസ്ഥാന നേതാക്കൾ അടക്കം യോഗത്തിൽ പങ്കെടുത്തതായാണ് വിവരം. അതേസമയം തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഇനി കേന്ദ്രനേതൃത്വത്തിന്റെ നിലപാട് നിർണായകമാകും. കേന്ദ്ര നേതൃത്വത്തിന് ശോഭ സുരേന്ദ്രനോട് താത്പര്യം ഉണ്ടെന്നാണ് സൂചന. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ പ്രകടനവും ശോഭയെ തുണയ്ക്കുമെന്നാണ് ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്നവരുടെ പ്രതീക്ഷ.