മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കുരുക്ക് മുറുകുന്നു. മാസപ്പടി വിവാദത്തിൽ വീണ വിജയനെതിരായ കുരുക്ക് മുറുകുകയാണ്. സിഎംആർഎൽ എക്‌സാലോജിക് ഇടപാടില്‍ വീണ വിജയനെതിരെ പ്രോസിക്യൂഷന്‍ നടപടിക്ക് സാധ്യത. എക്‌സാലോജിക് സൊലൂഷന്‍സും സിഎംആര്‍എലും തമ്മില്‍ നടന്ന വഞ്ചനാപരമായ പണമിടപാട്, കള്ളപ്പണം വെളുപ്പിക്കല്‍, അഴിമതി എന്നിവ അന്വേഷിക്കണമെന്ന ബെംഗളൂരു റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എസ്എഫ്‌ഐഒ അന്വേഷണം പ്രഖ്യാപിച്ചത്.
വീണ വിജയനെ എസ്എഫ്ഐഒ ചോദ്യം ചെയ്തതു യഥാര്‍ഥ അന്വേഷണ കാലാവധിയായ 8 മാസം പൂര്‍ത്തിയായശേഷമാണ്. സിഎംആര്‍എലില്‍ നിന്ന് പണം വാങ്ങിയതു സേവനത്തിനു പ്രതിഫലമെന്നു തെളിയിക്കാന്‍ രേഖയില്ലെന്നാണ് എസ്എഫ്ഐഒയുടേയും കണ്ടെത്തല്‍ എന്നാണ് സൂചന. എന്തായാലും നടന്നത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്റെയും അഴിമതി നിരോധന നിയമത്തിന്റെയും പരിധിയില്‍ വരുന്ന കുറ്റകൃത്യമെന്ന നിഗമനത്തില്‍ എസ്എഫ്ഐഒ എത്തിയാല്‍ വീണ കുടുങ്ങും. കമ്പനി നിയമപ്രകാരം പിഴയും തടവുശിക്ഷയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് ഇത്.
അതുകൊണ്ട് തന്നെ വീണയുടെ മൊഴി വിശദമായി പരിശോധിച്ചാകും അന്തിമ തീരുമാനം എടുക്കുക. കൂടാതെ കമ്പനിയുടെ പ്രവര്‍ത്തനം മരവിപ്പിക്കാന്‍ നല്‍കിയ അപേക്ഷയ്‌ക്കൊപ്പം വ്യാജ സത്യവാങ്മൂലം നല്‍കിയതും വീണയ്ക്ക് വിനയാകും. മുഖ്യമന്ത്രിക്കു നിയന്ത്രണമുള്ള KSIDC ഡയറക്ടറായ കമ്പനിയുമായി മകള്‍ നടത്തിയ ഇടപാട് തല്‍പര കക്ഷി എന്ന ഗണത്തില്‍ വരുന്നതെന്ന വിലയിരുത്തല്‍ എത്തിയാല്‍ അഴിമതിയും ചര്‍ച്ചയാകും. ഇത് വിജിലന്‍സ് കേസിലേക്കാകും എത്തിക്കുക.
കമ്പനിയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് 30 ദിവസത്തിനകം വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്തില്ലെന്നതും ഓഡിറ്റ് റിപ്പോര്‍ട്ട് നല്‍കിയത് ഓഡിറ്ററുടെ ഒപ്പില്ലാതെയെന്നുമുള്ള കണ്ടെത്തല്‍ താരതമ്യേനെ ചെറിയ കുറ്റമാണ്. റജിസ്ട്രാര്‍ ഓഫ് കമ്പനീസ് കണ്ടെത്തിയ ആരോപണമെല്ലാം എസ്എഫ്ഐഒ ശരിവച്ചാല്‍ അത് കേരളത്തില്‍ രാഷ്ട്രീയ ഭൂകമ്പങ്ങള്‍ക്ക് വഴിവയ്ക്കും. അതിനിടെ ഇത്തരമൊരു അന്വേഷണം നടത്താനുള്ള അധികാരം എസ്എഫ്ഐഒയ്ക്കില്ലെന്നാണ് സിപിഎം വാദിക്കുന്നത്. എന്നാല്‍ കര്‍ണ്ണാടക ഹൈക്കോടതിയുടെ കേസ് തള്ളല്‍ ഈ അരോപണങ്ങളെ അപ്രസക്തമാക്കും.
പ്രവര്‍ത്തനം നിലച്ച എക്‌സാലോജിക്കിന്റെ ഏക ഡയറക്ടറാണ് വീണ വിജയൻ. ഡല്‍ഹി ഹൈക്കോടതിയില്‍ സിഎംആര്‍എല്‍ നല്‍കിയ ഹര്‍ജി നവംബര്‍ 12നു പരിഗണിക്കുന്നതിനാല്‍ അതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കരുതെന്നു കോടതിയുടെ വാക്കാല്‍ നിര്‍ദേശമുള്ളതല്ലാതെ എസ്എഫ്‌ഐഒയ്ക്ക് ഇതുവരെ കേന്ദ്രം സമയപരിധി നീട്ടി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ കോടതി വിധിക്ക് ശേഷമാകും റിപ്പോര്‍ട്ട് നല്‍കുക. വീണയുടെ മൊഴികളില്‍ വൈരുദ്ധ്യം എസ്എഫ്ഐഒ കാണുന്നുണ്ട്. അതിനാൽ തന്നെ ബെംഗളൂരു റജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ടിലെ കുറ്റാരോപണമെല്ലാം നിലനില്‍ക്കുമെന്നാണ് സൂചന.
കേന്ദ്രം ആദ്യം പ്രഖ്യാപിച്ചതു 4 മാസത്തെ സമയപരിധി നിശ്ചയിച്ച് കോര്‍പറേറ്റ്കാര്യ മന്ത്രാലയത്തിന്റെ അന്വേഷണമായിരുന്നു. തുടര്‍ന്നാണു സെപ്റ്റംബര്‍ 30 കാലാവധി നിശ്ചയിച്ച് എസ്എഫ്‌ഐഒ അന്വേഷണം ജനുവരി 31നു പ്രഖ്യാപിച്ചത്. ഒരാഴ്ചയ്ക്കുള്ളില്‍ സിഎംആര്‍എല്‍ ഓഫിസിലും ഓഹരി പങ്കാളിയായ കെഎസ്‌ഐഡിസിയുടെ ഓഫിസിലുമെത്തിയ എസ്എഫ്‌ഐഒ സംഘം, അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുത്തിരുന്നു. രേഖകള്‍ ആവശ്യപ്പെട്ട് ഫെബ്രുവരി ആദ്യവാരം വീണയ്ക്കു സമന്‍സും നല്‍കി. അന്വേഷണത്തിനെതിരെ വീണ ബെംഗളൂരു ഹൈക്കോടതിയിലും കെഎസ്‌ഐഡിസി കേരള ഹൈക്കോടതിയിലും നല്‍കിയ ഹര്‍ജികള്‍ തള്ളിയിരുന്നു.