തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടര്‍ (സി.എം.ഡി)ബിജു പ്രഭാകരന്‍ അവധിയില്‍. ചികിത്സാര്‍ഥമാണ് സര്‍ക്കാരിന് അവധി അപേക്ഷ നല്കിയത്.
കാല്‍മുട്ടുവേദനയ്ക്ക് ചികിത്സിക്കുന്നതിനായി രണ്ടര മാസത്തെ അവധിയ്ക്കാണ് അപേക്ഷിച്ചത് എന്നറിയുന്നു. കഴിഞ്ഞ 19 മുതല്‍ 25 ദിവസത്തേയ്ക്കാണ് സര്‍ക്കാര്‍ അവധി അനുവദിച്ചിരിക്കുന്നത്.
കെ.എസ്.ആര്‍.ടി.സിയിലെ പ്രതിസന്ധികള്‍ ഒഴിവാകാത്തതും മന്ത്രിസഭ പുനഃസംഘടന ഉണ്ടാകുമെന്ന രാഷ്ട്രീയ സാഹചര്യങ്ങളും കണക്കിലെടുത്ത് കെ.എസ്.ആര്‍.ടി.സിയുടെ സി.എം.ഡി സ്ഥാനത്തുനിന്നും ഒഴിവാകാനാണ് ബിജു പ്രഭാകരന് താല്പര്യം എന്നറിയുന്നു. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന അവധി കൂടുതല്‍ കാലത്തേയ്ക്ക് നീട്ടി എടുക്കാനാണ് സാധ്യത.
ബിജുപ്രഭാകരന്‍ വഹിച്ചിരുന്ന ഗതാഗത കമ്മീഷണറുടെ ചുമതല അഡീഷണല്‍ ചീഫ് സെക്രട്ടറി (പൊതുഭരണ വകുപ്പ്) കെ.ആര്‍. ജ്യോതിലാലിന് നല്കിയിട്ടുണ്ട്.
ബിജു പ്രഭാകരന്‍ വഹിച്ചിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ സി.എം.ഡി, കെ – സ്വീഫ്റ്റിന്റെ മാനേജിംഗ് ഡയറക്ടര്‍ എന്നീ ചുമതലകള്‍ കെ.എസ്.ആര്‍.ടി.സി ജോയിന്റ് എം.ഡി പി.എസ്. പ്രമോദ് ശങ്കറിനാണ്. അധിക ചുമതലയായി വഹിച്ചിരുന്ന ഗുരുവായൂര്‍ ദേവസ്വം കമ്മീഷണര്‍, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം കമ്മീഷണര്‍ എന്നി ചുമതലകള്‍ ആര്‍ക്കും നല്കിയിട്ടില്ല.