തൃശ്ശൂർ : പൂരം കഴിഞ്ഞിട്ട് മാസങ്ങളായി എങ്കിൽ പോലും പൂരത്തിന്റെ പേരിൽ ഉടലെടുത്ത വിവാദപൂരം ഇതുവരെ അവസാനിച്ചിട്ടില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പാണ് ഇത്തവണത്തെ തൃശ്ശൂർ പൂരം നടന്നത്. പൂരത്തിനിടെ പോലീസ് ഏമാന്മാരുടെ ചീപ്പ് ഷോ ഉൾപ്പെടെ പല തരം പ്രശ്നങ്ങൾ ഒരിമിച്ച് വന്നതോടെ പൂരം അലങ്കോലപ്പെട്ടു. ഇതിന് പിന്നാലെ തൃശ്ശൂരെടുക്കുമെന്ന് പറഞ്ഞ സുരേഷ് ഗോപി തൃശ്ശൂരിൽ എംപിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഒരു സാധാരണക്കാരൻ ഇതൊക്കെ തികച്ചും സ്വാഭാവികമാണ് എന്ന് കരുതിയിരിക്കുമ്പോഴാണ് അടുത്ത അമിട്ട് പൊട്ടിച്ച് നിലമ്പൂർ എംഎൽഎ പിവി അൻവർ രംഗത്ത് എത്തിയത്. തൃശ്ശൂരിൽ ഇത്തവണ നടന്നത് രാഷ്ട്രീയ പൂരമാണെന്ന വാദം വിശ്വാസികളെയും രാഷ്ട്രീയ നേതാക്കളെയും ഒരു പോലെ ഞെട്ടിപ്പിക്കുന്നതായിരുന്നു.
ബിജെപി – സിപിഎം കൂട്ടുകെട്ടാണ് തൃശ്ശൂരിൽ ബിജെപിയ്ക്ക് ഒരു സീറ്റ് നേടിക്കൊടുക്കാൻ കാരണമായതെന്നും കേന്ദ്ര സഹമന്ത്രിയാകാൻ സുരേഷ് ഗോപിയ്ക്ക് പൂരം കലങ്ങളിയത് ഒരു സഹായമായെന്നുമുളള വാദങ്ങളാണ് പിന്നീട് ഉയർന്ന് കേട്ടത്. അങ്ങനെ ഓർക്കാപുറത്ത് പിണറായി സർക്കാരിന് ഒരു മുട്ടൻ പണിതന്നെ ഇത് വഴി കിട്ടിയെന്നത് സത്യം.
സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന പിവി അൻവറിന്റെ വിവാദാരോപണങ്ങൾ ഭരണസിരാകേന്ദ്രത്തിന് ഒരു തലവേദനയായതോട് കൂടെ പൂരം കലക്കിയതാരെന്ന് കണ്ട് പിടിക്കാനുള്ള ഉത്തരവ് ഇറക്കേണ്ടി വന്നു. പക്ഷേ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ അജിത്ത് കുമാറിനെയടക്കം സംശയ നിഴലിലാക്കികൊണ്ടുള്ള അന്വേഷണം എന്തായി എന്ന് ചോദിച്ചാൽ ഇതുവരെ ഒന്നുമായില്ല എന്നുള്ളതാണ് വസ്തുത.
പൂരം കഴിഞ്ഞിട്ട് മാസങ്ങളായി. അന്വേഷണം പ്രഖ്യാപിച്ചിട്ടും മാസങ്ങളായി. എന്തിനേറെ പറയുന്നു എംഎൽഎ പിവി അൻവർ വോദികളിൽ നിന്ന് വേദികളിലേക്ക് എത്തി മുഖ്യമന്ത്രി പിണറായി വിജയനെതിരെയും ബിജെപി- സിപിഎം കൂട്ട്കെട്ടിനെതിരേയും എഡിജിപി- മുഖ്യൻ അന്തർധാരയെകുറിച്ചുമെല്ലാം വിവാദാരോപണങ്ങൾ ഉന്നയിക്കുന്നത് തുടർന്ന് കൊണ്ടിരിക്കുന്നു.
അപ്പോഴും പൂരം കലക്കിയതാരെന്ന് കണ്ട് പിടിക്കാനുള്ള അന്വേഷണം ഇതുവരെ ആരംഭിച്ചിട്ടില്ല എന്നുള്ളതാണ്. ഈ മാസം 5ന് മന്ത്രിസഭാ തീരുമാനപ്രകാരമുള്ള ഉത്തരവിറങ്ങിയെങ്കിലും പ്രത്യേക സംഘത്തെ ഇതുവരെ തീരുമാനിച്ചില്ല. അന്വേഷണ സംഘത്തിലുള്ളവരെ തീരുമാനിക്കുന്നതിൽ ആശയക്കുഴപ്പമുണ്ടെന്നാണ് സൂചന.
സർക്കാർ തന്നെ ചില ഉദ്യോഗസ്ഥരെ നിർദ്ദേശിച്ചതായും വിവരമുണ്ട്. പൂരം അട്ടിമറിയിൽ കേസെടുത്ത് അന്വേഷിക്കുന്നതിലും ആശയക്കുഴപ്പം തുടരുകയാണ്. പൂരം കലക്കലിൽ തൃതല അന്വേഷണത്തിനായിരുന്നു സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നത്. എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ ഉയർന്ന ആരോപണങ്ങൾ ഡിജിപി അന്വേഷിക്കുമെന്നായിരുന്നു.
പൂരം അലങ്കോലപ്പെട്ടതിലെ ഗൂഢാലോചന ക്രൈംബ്രാഞ്ച് മേധാവി അന്വേഷിക്കുമെന്നും മറ്റ് വകുപ്പുകളുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്നത് ഇൻ്റലിജൻസ് എഡിജിപി അന്വേഷിക്കുമെന്നുമായിരുന്നു സര്‍ക്കാര്‍ അറിയിച്ചിരുന്നത്. മന്ത്രിസഭാ തീരുമാന പ്രകാരം ആഭ്യന്തര സെക്രട്ടറിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
പ്രത്യേക അന്വേഷണ സംഘങ്ങളിലെ അംഗങ്ങൾ ആരൊക്കെയെന്ന കാര്യത്തില്‍ തീരുമാനിക്കാൻ ഡിജിപിയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍, അന്വേഷണ സംഘത്തിലുള്ളവരെ തീരുമാനിക്കുന്നതിൽ ആശയക്കുഴപ്പമാണെന്നാണ് പുറത്ത് വരുന്ന വിവരം.