നുവാപദ: മഹാരാഷ്ട്രയിലെ ലത്തോറില്‍ നിന്ന് ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോയ അഞ്ചുവയസുകാരനെ പോലീസ് രക്ഷപ്പെടുത്തി. സെപ്റ്റംബര്‍ 29 നാണ് ബലംഗീറിലെ ലത്തോര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു നാടോടി സ്ത്രീ കുട്ടിയെ തട്ടിക്കൊണ്ടുപോയത്. നുവാപദയിലെ കൊമ്‌നയിലെ സ്ഥലവാസിയായ കുട്ടിയാണ് തട്ടിക്കൊണ്ടുപോകലിന് ഇരയായത്. സംഭവത്തില്‍ യുവതി ഉള്‍പ്പെടെ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. പദ്മിനി മജ്ഹി (40), നുവാപാഡയിലെ ലഖാനയിലെ ദുര്യോധനന്‍ ബരിഹ (30) എന്നിവരാണ് അറസ്റ്റിലായത്. കുട്ടിയുടെ പിതാവ് അര്‍ജുന്‍ ബെമല്‍ തന്റെ മകനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ മുപ്പതിന് പോലീസില്‍ പരാതി നല്‍കി, തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ ഫലം കണ്ടത്.
കുട്ടിയെ തട്ടിയെടുത്ത പത്മിനി കുറച്ച് ദിവസം കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് താമസിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. വീട്ടുജോലിക്കെന്ന വ്യാജേന എത്തിയ പത്മിനി സംഭവം നടന്ന അന്ന് സാധനങ്ങള്‍ വാങ്ങാനായി ലത്തോറിലെ മാര്‍ക്കറ്റില്‍ കൊണ്ടുപോകാന്‍ ആവശ്യപ്പെട്ടു. അര്‍ജുന്‍ മകനെയും പത്മിനിയെയും കൂട്ടി മാര്‍ക്കറ്റില്‍ പോയി. വലിയ തിരക്കിനിടയില്‍ പത്മിനി കുട്ടിയുമായി ചന്തയില്‍ നിന്ന് കടന്നു കളഞ്ഞു. പത്മിനിയെയും മകനെയും കണ്ടെത്താനാകാതെ അര്‍ജുനും സഹോദരനും അടുത്ത ദിവസം കൊമ്‌ന പോലീസില്‍ പരാതി നല്‍കി.
ഒടുവില്‍ ആ അന്വേഷണം ഹൈദരാബാദിലെ റാമോജി ഫിലിം സിറ്റിക്കടുത്തുള്ള രാജ്കൊണ്ടയില്‍ ആണ് അവസാനിച്ചത്. മൊബൈല്‍ നമ്പര്‍ വഴി പത്മിനിയുടെ സ്ഥാനം കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞു. നുവാപഡ എസ്പിയുടെ നിര്‍ദേശപ്രകാരം എസ്‌ഐ ബിപി പ്രധാനന്റെ നേതൃത്വത്തില്‍ രാജ്കോണ്ടയിലേക്ക് പുറപ്പെട്ട സംഘം വ്യാഴാഴ്ച ലോക്കല്‍ പോലീസിന്റെ സഹായത്തോടെ കുട്ടിയെ രക്ഷപ്പെടുത്തുകയും പത്മിനിയെ പങ്കാളിയായ ദുര്യോധനനൊപ്പം പിടികൂടുകയുമായിരുന്നു. ഹൈദരാബാദ് നഗരത്തില്‍ ഭിക്ഷാടനത്തിനായിട്ടാണ് കുട്ടിയെ തട്ടിയെടുത്തതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.