
തിരുവനന്തപുരം: മുഖ്യമന്ത്രി ഗവർണർ പോര് നാടകമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയും സര്‍ക്കാരും എപ്പോഴാണോ പ്രതിസന്ധിയിലാകുന്നത് അപ്പോഴൊക്കെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മില്‍ പോരാണെന്ന് പറയുമെന്നും മറ്റു വിഷയങ്ങളൊക്കെ മാറ്റി ഇതു തന്നെ ചര്‍ച്ചയാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരാഴ്ച കഴിയുമ്പോള്‍ ഇവർ തമ്മിൽ കോംപ്രമൈസ് ചെയ്യുമെന്നും സതീശൻ പറഞ്ഞു.
നിയമസഭ കൂടാൻ തീരുമാനമായ ശേഷം ഓർഡിനൻസ് പുറപ്പെടുവിക്കരുതെന്ന് നിയമം ഉണ്ടെന്നും എന്നാൽ ഇത് സർക്കാരും ഗവർണറും ലംഘിച്ചെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു. മറുപടി ഇല്ലാത്തപ്പോൾ മുഖ്യൻ മൗനത്തിൻ്റെ മാളത്തിൽ ഒളിക്കുന്നുവെന്നും സതീശൻ കുറ്റപ്പെടുത്തി.
ഈ ആരോപണങ്ങൾ ഉയരുമ്പോൾ മുഖ്യൻ്റെ ‘വിവാദ പ്രസ്താവന’ നൽകിയ പിആർ ഏജൻസിക്ക് എതിരെ എന്താണ് നടപടി ഇല്ലാത്തതെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദ്ദിക്കുന്നത് എല്ലാവരും കണ്ടെന്നും ഇത് കാണാത്തത് കേരളത്തിലെ പോലീസ് മാത്രമാണെന്നും സതീശൻ കുറ്റപ്പെടുത്തി. കേരള പോലീസ് അടിമക്കൂട്ടം ആണെന്നും സതീശൻ സൂചിപ്പിച്ചു. ഇത് നിയമപരമായി തന്നെ കൈകാര്യം ചെയ്യുമെന്നും സതീശൻ പറഞ്ഞു.
ദേശവിരുദ്ധ പ്രവർത്തനം നടക്കുന്നുവെന്ന മുഖ്യമന്ത്രിയുടെ ‘വിവാദ പ്രസ്താവന’യ്ക്ക് പിന്നാലെയാണ് ഗവർണർ റിപ്പോർട്ട് തേടിയത്. എന്നാൽ ഇത് സമർപ്പിക്കാൻ സർക്കാർ തയ്യാറായില്ല. പിന്നാലെ ഗവർണർ വെറും ‘കെയർ ടേക്കർ’ ആണെന്ന് പറഞ്ഞ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ രംഗത്ത് എത്തിയിരുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജനും ഗവർണർ ‘തറവേല’ കാണിക്കുന്നു എന്ന ആക്ഷേപ പരാമർശവുമായി രംഗത്തെത്തിയിരുന്നു.