ചെന്നൈ: സാംസങ് തൊഴിലാളികള്‍ക്ക് നേരെ പോലീസിന്‍രെ കയ്യേറ്റം. പ്രതിഷേദിച്ച 250ലധികം തൊഴിലാളികളെ കാഞ്ചീപുരം പോലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ സ്വകാര്യ ഭൂമി കയ്യേറിയതിനും അനുമതിയില്ലാതെ സമരം നടത്തിയതിനുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. തൊഴിലാളി സംഘടനയെ അംഗീകരിക്കുക, ശമ്പള പരിഷ്‌കരണം, എട്ട് മണിക്കൂര്‍ ജോലി സമയം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ ആവശ്യപ്പെട്ട് ഒരു മാസമായി തൊഴിലാളികള്‍ സമരത്തിലാണ്.
അയ്യായിരം രൂപയുടെ ഇന്‍ക്രിമെന്റ് ഉള്‍പ്പെടെയുള്ള പല ആവശ്യങ്ങളും കഴിഞ്ഞയാഴ്ച സാംസങ് അംഗീകരിച്ചെങ്കിലും യൂണിയനെ അംഗീകരിക്കാന്‍ വിസമ്മതിച്ചിരുന്നു. എല്ലാ തൊഴിലാളികളെയും കൊണ്ടുപോകാന്‍ എസി ബസുകള്‍ പ്രഖ്യാപിക്കുകയും ഒരു തൊഴിലാളി മരിച്ചാല്‍ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ അടിയന്തര സഹായം നല്‍കുകയും മറ്റ് ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സമ്മതിക്കുകയും ചെയ്തു.
ഇതോടെ തൊഴിലാളികളും മാനേജ്മെന്റും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രതിഷേധം പിന്‍വലിക്കാന്‍ തമിഴ്നാട് ധനമന്ത്രി തങ്കം തെന്നരസു സെന്റര്‍ ഓഫ് ഇന്ത്യന്‍ ട്രേഡ് യൂണിയന്‍സിന് (സിഐടിയു) അഭ്യര്‍ത്ഥിച്ചു. അറസ്റ്റിനെതിരെ തൊഴിലാളികള്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്, കോടതി പിന്നീട് വാദം കേള്‍ക്കും.