രണ്ടു സൈനികരെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. എന്നാല്‍ ഒരാള്‍ ഭീകരരുടെ പിടിയില്‍നിന്നും രക്ഷപ്പെട്ടിരുന്നു
ശ്രീനഗര്‍: കാശ്മീരില്‍ സൈനികനെ ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. തെക്കന്‍ കശ്മീരിലെ കോക്കര്‍നാഗ് വനമേഖലയില്‍ തീവ്രവാദ വിരുദ്ധ ഓപ്പറേഷനിലിടെയാണ് ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. ഈ സൈനികനെ തീവ്രവാദികള്‍ വധിച്ചതായി സൈന്യം സ്ഥിരീകരിച്ചു. തെക്കന്‍ കശ്മീരിലെ അനന്ത്‌നാഗ് സ്വദേശിയായ 26 കാരനെയാണ് ഭീകരര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയത്.
വനമേഖലയില്‍നിന്ന് സൈനികന്റെ മൃതദേഹം കണ്ടെത്തി.”രഹസ്യാന്വേഷണ ഏജന്‍സികളുടെ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ജമ്മു കശ്മീര്‍ പൊലീസിനും മറ്റ് ഏജന്‍സികള്‍ക്കും ഒപ്പം ചേര്‍ന്നാണ് ഇന്ത്യന്‍ സൈന്യം സംയുക്ത ഓപ്പറേഷന്‍ കസ്വാന്‍ വനത്തില്‍ തുടങ്ങിയത്. ഓപ്പറേഷന്‍ രാത്രി മുഴുവനും നീണ്ടുനിന്നു. ഇതിനിടയിലാണ് ടെറിട്ടോറിയല്‍ ആര്‍മിയിലെ ഒരു സൈനികനെ കാണാതായത്,” സൈന്യം എക്സിലെ ഒരു പോസ്റ്റില്‍ കുറിച്ചു.
വനമേഖലയില്‍ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് സൈന്യം രണ്ട് ടെറിട്ടോറിയല്‍ സൈനികരെ അയച്ചത്. ഭീകരര്‍ ഇവരെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഓഫീസര്‍ പറഞ്ഞു. രണ്ടു സൈനികരില്‍ ഒരാള്‍ ഭീകരരുടെ പിടിയില്‍നിന്നും രക്ഷപ്പെട്ടിരുന്നുവെന്ന് സൈന്യം പറഞ്ഞു.
സൈനികനെ ഭീകരര്‍ വെടിവച്ചെങ്കിലും തോളിനാണ് വെടിയേറ്റത്. പക്ഷേ, ഓടി രക്ഷപ്പെട്ടു. പരുക്കേറ്റ സൈനികനെ ചികിത്സയ്ക്കായി സൈന്യത്തിന്റെ 439 ഫീല്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരും പ്രദേശവാസികള്‍ തന്നെയാണ്. കൂടാതെ ടെറിട്ടോറിയല്‍ ആര്‍മിയുടെ 162 ബറ്റാലിയനില്‍ ഉള്‍പ്പെട്ടവരുമാണ്. സൈനികന്‍രെ വീരമൃത്യുവില്‍ അനുശോചനം അറിയിക്കുന്നുവെന്നും ആര്‍മി അറിയിച്ചു.