
‘ഇതെന്താ ചന്തയോ’; സഭയിൽ ഉത്തരം മുട്ടി ബഹളം വെച്ച ഭരണപക്ഷത്തെ വിമർശിച്ച് സതീശൻ
മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തര പ്രമേയത്തിൽ നിന്ന് വിട്ടുനിന്ന സാഹചര്യത്തിൽ സഭയിൽ വിയർത്ത് സിപിഎം നേതാക്കൾ. ആർഎസ്എസ് എഡിജിപി കൂടിക്കാഴ്ചയും മലപ്പുറത്തെ ആക്ഷേപിച്ച മുഖ്യമന്ത്രിയുടെ പേരിൽ പ്രസിദ്ധീകരിച്ച അഭിമുഖവും ചർച്ച ചെയ്യാൻ എടുത്തെങ്കിലും ഈ ചർച്ചയിൽ നിന്ന് തൊണ്ട വേദനയാണെന്ന് പറഞ്ഞ് മുഖ്യമന്ത്രി വിട്ടുനിന്നു. മുഹമ്മദ് റിയാസും സഭയിൽ ചോദ്യങ്ങൾ നേരിടാൻ തയ്യാറാകാതെ വിട്ടുനിന്നു.
പാർലമെൻററി കാര്യ മന്ത്രി എംബി രാജേഷാണ് പിണറായി വിജയൻ ഇല്ലാത്ത സാഹചര്യത്തിൽ അടിയന്തര പ്രമേയ ചോദ്യങ്ങൾക്ക് മറുപടി നൽകിയത്. പിന്നാലെ പ്രതിപക്ഷം ഉയർത്തിയ വിമർശനങ്ങൾക്കു മുന്നിൽ സിപിഎമ്മിലെ രണ്ടാം നിര നേതാക്കൾ സഭയിൽ നന്നേ വിയർത്തു.
കെടി ജലീൽ സഭയിൽ മലപ്പുറത്തെ കോൺഗ്രസ് ‘കുട്ടിപ്പാകിസ്താൻ’ എന്ന് പണ്ടെങ്ങോ വിളിച്ചു എന്നാരോപണം ഉന്നയിച്ചത് സഭയിലെ സാഹചര്യം കലുഷിതമാക്കി. ചോദ്യങ്ങൾക്ക് മറുപടി ഇല്ലാതെ ബഹളം വെച്ച ഇടത് എംഎൽഎമാരോട് ‘ഇതെന്താ ചന്ത’യാണോ എന്നായിരുന്നു പ്രതിപക്ഷ നേതാവ് ചോദിച്ചത്.
മലപ്പുറം കള്ളക്കടത്തും ഹവാല കടത്തും നടത്തുന്ന ജില്ലയാണെന്നും, ഇത് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നു എന്നുമായിരുന്നു മുഖ്യൻ പറഞ്ഞതായി ദി ഹിന്ദുവിൽ പ്രസിദ്ധീകരിച്ച വിവാദ പ്രസ്താവന. ഇത് പിന്നീട് നിക്ഷേധിച്ചു എങ്കിലും മലപ്പുറത്ത് നിന്ന് തന്നെയാണ് ഏറ്റവുമധികം ഹവാല പണം പിടിക്കുന്നതെന്ന് പിണറായി ആവർത്തിച്ചിരുന്നു. ഇത് ആർഎസ്എസ് അജണ്ട നടപ്പാക്കുന്ന നീക്കമാണെന്ന് പ്രതിപക്ഷം ആരോപണം ഉന്നയിച്ചിരുന്നു.