
പോക്‌സോ കേസിൽ 19 കാരന് 123 വർഷം തടവ്
സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സഹോദരനെ 123 വര്‍ഷം കഠിന തടവിനും ഏഴു ലക്ഷം രൂപ പിഴ അടക്കുന്നതിനും ശിക്ഷിച്ചു. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിധിക്ക് പിന്നാലെ പ്രതി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. സ്വന്തം സഹോദരിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയതിന് 19 വയസുകാരനായ യുവാവിനെയാണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് അഷ്‌റഫ് എ എം ശിക്ഷിച്ചത്.
2019-ലാണ് അരീക്കോട് പൊലീസ് പ്രതിക്കെതിരെ കേസെടുത്തത്. വൈദ്യ പരിശോധനയിലൂടെയാണ് പെൺകുട്ടി ഗർഭിണിയാണെന്നത് കണ്ടെത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെൺകുട്ടി ഗർഭിണിയായപ്പോൾ ചികിൽസ തേടിയ വിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാത്തതിനാൽ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർക്കും കേസിൽ പങ്കുണ്ട്. ഇയാൾക്കെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് ഒന്നാം പ്രതിക്കെതിരെ വിചാരണ നടത്തിയത്.
പ്രതിക്കെതിരെ പോക്സോ നിയമത്തിലെ വിവിധ വകുപ്പുകൾ ചുമത്തി. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 376, ജുവൈനൽ ജസ്റ്റിസ് ആക്ട് എന്നിവ പ്രകാരം ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ 11 മാസം കൂടെ സാധാരണ തടവും അനുഭവിക്കണം.
അരീക്കോട് പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർമാരായ എൻ വി ദാസൻ, ബിനു തോമസ്, ഉമേഷ് എ എന്നിവരാണ് കേസിന്റെ അന്വേഷണം നടത്തിയതും, പ്രോസിക്യൂഷനുവേണ്ടി അഡ്വ. എ സോമസുന്ദരൻ ഹാജരായതും. കേസിൽ 23 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകൾ ഹാജരാക്കുകയും ചെയ്തു.
ശിക്ഷാ വിധിക്ക് ശേഷം പ്രതിയെ കോടതിയുടെ ഓഫീസിലേക്ക് കൊണ്ടുപോയപ്പോഴാണ് ഇയാൾ കൈ ഞരമ്പ് മുറിക്കാൻ ശ്രമിച്ചത്. ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച പ്രതി പോലീസ് നിരീക്ഷണത്തിലാണ്.