രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത നിഷേധിച്ച് ടാറ്റ സൺസിൻ്റെ മുൻ ചെയർമാൻ രത്തൻ ടാറ്റ (86). തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന അവകാശവാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം പറഞ്ഞു.
“എൻ്റെ ആരോഗ്യവുമായി ബന്ധപ്പെട്ട് അടുത്തിടെ പ്രചരിക്കുന്ന കിംവദന്തികളെക്കുറിച്ച് എനിക്കറിയാം, ഈ പ്രചരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എല്ലാവർക്കും ഞാൻ ഉറപ്പ് നൽകുന്നുതായി രത്തൻ ടാറ്റ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ അറിയിച്ചു. തൻ്റെ പ്രായം അനുബന്ധ രോഗാവസ്ഥകളും കാരണം ഞാൻ ഇപ്പോൾ വൈദ്യപരിശോധനയ്ക്ക് വിധേയനാണ്. ആശങ്കപ്പെടേണ്ട കാര്യമൊന്നും തന്നെയില്ല.
ഞാൻ നല്ല മാനസികാവസ്ഥയിൽ തുടരുന്നു. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്ന് പൊതുജനങ്ങളും മാധ്യമങ്ങളും വിട്ടുനിൽകണമെന്ന് ഞാൻ താഴ്മയായി അഭ്യർത്ഥിക്കുന്നുവെന്ന് ടാറ്റ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
തിങ്കളാഴ്ച പുലർച്ചെ 12.30 നും 1 നും ഇടയിൽ രക്തസമ്മർദ്ദത്തിൽ ഗണ്യമായ കുറവ് അനുഭവപ്പെട്ടതിനെ തുടർന്ന് ടാറ്റയെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി മാധ്യമ റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. ഹൃദ്രോഗ വിദഗ്ധൻ ഡോ. ഷാരൂഖ് ആസ്പി ഗോൾവല്ലയുടെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കൽ സംഘത്തിൻ്റെ മേൽനോട്ടത്തിൽ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ അദ്ദേഹത്തെ കൊണ്ടുവന്നതായാണ് റിപ്പോർട്ടുകൾ പ്രചരിച്ചത്. ഇതേ തുടർന്ന് സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.