ഹൃദയവാൽവ് മാറ്റിവച്ചവർ ഇലക്കറികൾ കഴിക്കരുത് എന്ന് ഡോക്ടർമാരും ഡയറ്റീഷൻമാരും നിർദേശിക്കാറുണ്ട്. ഇത്തരം ചികിത്സകൾ സ്വീകരിച്ച രോഗികൾക്ക് ചികിത്സയുടെ ഭാഗമായി രക്തം കട്ട പിടിക്കാതിരിക്കാനുള്ള വാർഫറിൻ പോലുള്ള ആന്റികൊയാഗുലന്റ് മരുന്നുകൾ തുടർച്ചയായി ഉപയോഗിക്കേണ്ടിവരും. അതിനാലാണ് ഇങ്ങനെ ഒരു നിർദ്ദേശം വയ്ക്കുന്നത്.
ഇത് വാൽവ് മാറ്റിവച്ചവരിൽ മാത്രമല്ല സ്ട്രോക്ക് പോലുള്ള രോഗാവസ്ഥകളിലടക്കം, ഇത്തരം മരുന്നുകൾ ഉപയോഗിക്കുന്നവർക്ക് നിർദ്ദേശം ബാധകമാണ്. കാരണം മരുന്ന്, രക്തം കട്ടപിടിക്കാൻ സഹായിക്കുന്ന വിറ്റാമിൻ കെയുടെ പ്രവർത്തനം കുറയ്ക്കുകയാണ് ചെയ്യുന്നത്. പച്ച ഇലക്കറികളിലൂടെ വിറ്റാമിൻ കെ കൂടുതലായി ശരീരത്തിലെത്തി മരുന്നിന്റെ പ്രവർത്തനം കുറയ്ക്കും എന്നതിനാലാണ് ഈ നിർദ്ദേശം.
മലയാളികളുടെ പതിവ് പച്ചക്കറികളിൽ ചീരയില (ഏതു നിറവും), മുരിങ്ങയില, കാബേജ് തുടങ്ങിയവയിലാണ് കൂടുതൽ കാണുന്നത്. ഇത് കേട്ട് ഇലക്കറികൾ കഴിക്കുന്നത് നിർത്തേണ്ട. കാരണം നമ്മൾ കഴിക്കുന്ന രണ്ടോ മൂന്നോ സ്‌പൂൺ ഇലക്കറികൾ വിറ്റാമിൻ കെ കാര്യമായി കൂട്ടി പ്രശ്നം സൃഷ്ടിക്കുന്നില്ല. മരുന്നിനൊപ്പം വളരെ കൂടിയ അളവിൽ പതിവായി ഇത്തരം ഇലക്കറികൾ കഴിക്കുന്നവർ മാത്രം അത് കുറയ്ക്കുക.