കാക്കിനട: തമിഴ് നാട്ടിലെ കാക്കിനടയില്‍ പിഞ്ചുകുഞ്ഞിനെ പിതാവ് കൊന്നു. വെറും 35 ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിന്റെ ജീവനാണ് പിതാവിന്‍രെ ക്രൂരതയില്‍ പൊലിഞ്ഞത്. സംഭവത്തില്‍ പിതാവായ ശിവ മണിയെ പോലീസ് അറസ്റ്റ് ചെയ്തു. അന്വേഷണത്തില്‍ കൊല്ലുന്നതിന് മുന്‍പ് കുട്ടിയെ ഇയാള്‍ വില്‍ക്കാന്‍ ശ്രമിച്ചിരുന്നുവെന്നും അത് തടഞ്ഞപ്പോഴാണ് കൊന്നതെന്നും കുട്ടിയുടെ മാതാവായ ചെക്ക ഭവാനി പറഞ്ഞു. ഭവാനിയുടെ രണ്ടാം ഭര്‍ത്താവാണ് ശിവ മണി. ആദ്യ ഭര്‍ത്താവ് നാല് വര്‍ഷം മുമ്പ് മരിച്ചു. പിന്നീട് ഭവാനി ശിവമണിക്കൊപ്പമാണ് താമസിച്ചിരുന്നത്.
രണ്ട് വര്‍ഷം മുമ്പ് ദമ്പതികള്‍ക്ക് ഒരു മകനുണ്ടായി. എന്നാല്‍ ശിവമണി ആ കുട്ടിയെ വിശാഖപട്ടണം സ്വദേശികള്‍ക്ക് വിറ്റിരുന്നു. പിന്നീട് പെണ്‍കുഞ്ഞ് ജനിച്ചപ്പോള്‍ മകളെയും വില്‍ക്കണമെന്ന് മണി നിര്‍ബന്ധിച്ചെങ്കിലും ഭവാനി സമ്മതിച്ചില്ല. ഭവാനി ബാത്‌റൂമില്‍ പോയ തക്കത്തിനാണ് ശിവ മണി കുട്ടിയെ ചുമരില്‍ ഇടിക്കുകയും ദേഷ്യത്തില്‍ കഴുത്ത് ഞെരിച്ച് കൊല്ലുകയുമായിരുന്നു.
പിന്നീട് കുട്ടിയെ പായയില്‍ ഉപേക്ഷിച്ച് ഇയാള്‍ ഓടി രക്ഷപ്പെട്ടു. ഭവാനി കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവിടെ എത്തിയപ്പോഴേക്കും മരിച്ചിരുന്നു. ഗവണ്‍മെന്റ് ജനറല്‍ ഹോസ്പിറ്റല്‍ (ജിജിഎച്ച്) ഔട്ട്പോസ്റ്റില്‍ നിന്ന് മരണവിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞതെന്ന് കാക്കിനാഡ വണ്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ നാഗ ദുര്‍ഗാറാവു പറഞ്ഞു. ജില്ലാ എസ്പി വിക്രാന്ത് പാട്ടീല്‍ അന്വേഷണത്തിന് ഉത്തരവിടുകയും മണിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.