കെ ബി ഗണശ് കുമാറിനും തിരുവഞ്ചൂർ രാധാകൃഷ്ണനുമെതിരെ എസ്‌എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സ്ഥാനത്തിന് വേണ്ടി തിരുവഞ്ചൂർ കാണിച്ച തറ വേലയാണ് സോളാർ കേസ്. ഗണേശ് കുമാർ എംഎൽഎ വൃത്തികെട്ടവനാണെന്നും അയാൾക്ക് ആസക്തി പെണ്ണിനോടും പണത്തിനോടും മാത്രമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
‘സിബിഐ അന്വേഷണത്തിൽ സത്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അതിലെ കഥാ നായകന്മാർ ആരൊക്കെയാണെന്നതും പുറത്തായി. പഴയ ആഭ്യന്തര മന്ത്രിയായിരുന്ന ഒരാളുണ്ട്. ഉമ്മൻ ചാണ്ടിക്ക് ശേഷം മുഖ്യമന്ത്രിയാകണമെന്ന് ആഗ്രഹിച്ച, പുറം പോലെ തന്നെ അകവും കറുത്ത ഒരു മാന്യൻ. സ്ഥാനത്തിന് വേണ്ടി എന്തെല്ലാം തറ വേലകളാണ് അയാൾ കാണിച്ചത്.
ഉമ്മൻ ചാണ്ടിയുടെ ഒപ്പം നടന്ന് മന്ത്രിയായി, പിന്നീട് അദ്ദേഹത്തിന്റെ തന്നെ കാലുവാരി മുഖ്യമന്ത്രിയാകാൻ ആഗ്രഹിച്ച കുലംകുത്തികളുണ്ട്. അപ്പോൾ കാണുന്നവനെ അപ്പായെന്ന് വിളിക്കുന്നയാളാണ് തിരുവഞ്ചൂർ രാധാകൃഷ്ണൻ.’- വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
‘മറുഭാഗത്ത് നോക്കിയാൽ പത്തനംതിട്ടയിൽ തന്നെയുള്ള എംഎൽഎ. വിത്ത് ഗുണം പത്ത് ഗുണം എന്ന നിലയ്ക്കാണ് ഓരോന്ന് കാണിച്ച് കൂട്ടുന്നത്. തുണിയുടുക്കാതെ നടക്കുന്നവനെ തുണിപൊക്കി കാണിക്കുന്നതിനു തുല്യമാണു ഗണേഷ് കുമാറിന്റെ അവസ്ഥ. സമ്പത്തിനോട് മാത്രമാണ് അയാൾക്ക് ആസക്തി. അയാൾക്ക് ആസക്തി പണത്തോടും പെണ്ണിനോടുമാണ്. അച്ഛനെയും സഹോദരിയെയും ചതിച്ചവനാണ് അയാൾ.
ഈ പകൽമാന്യനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് ജനാധിപത്യത്തിന്റെ അപചയമാണ്. ഗണേശ് കുമാറിനെ ഒരുകാലത്തും മന്ത്രിയാക്കാൻ പാടില്ല. സിനിമാക്കാരനായാൽ എന്തുമാകാമെന്ന ധാരണ വേണ്ട.’- വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.