ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേടില്ല; അൻവറിനെ തള്ളി കെടി ജലീൽ

ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യതയെന്നും ജലീൽ അൻവറിന് മുന്നറിയിപ്പ് നൽകി.

KT Jaleel

അൻവറിനെ തള്ളി സിപിഎമ്മിനൊപ്പമെന്ന് പ്രഖ്യാപിച്ച് കെടി ജലീൽ എംഎൽഎ. തനിക്ക് ആരെയും പേടി ഇല്ലെന്നും ആരുടേയും കാൽചുവട്ടിലുമല്ല കിടക്കുന്നതെന്ന് കെടി ജലീൽ. മുസ്‌ലിം ലീഗിൽ ആയിരുന്നപ്പോൾ കുഞ്ഞാലിക്കുട്ടിയെ പോലും പേടിച്ചിട്ടില്ലെന്നും ആരുടേയും കാൽചുവട്ടിലല്ല തൻ്റെ സ്ഥാനമെന്നുമാണ് കെടി ജലീൽ സാമൂഹിക പോസ്റ്റിൽ വ്യക്തമാക്കിയത്. പിണറായി വിജയനൊപ്പം നിൽക്കുന്ന ചിത്രവും പങ്കുവെച്ചാണ് ജലീൽ പോസ്റ്റ് പങ്കുവെച്ചത്.

ആരാൻ്റെ കാലില്‍ നില്‍ക്കേണ്ട ഗതികേട് തനിക്കില്ലെന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂവെന്നും ജലീല്‍ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു. 2006-ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി തന്റെ തൊട്ട അടുത്ത മണ്ഡലമായ മങ്കടയിലാണ് മല്‍സരിച്ചതെന്നും ഒരു ‘വാള്‍പോസ്റ്റര്‍’ പോലും അദ്ദേഹത്തോട് സംഭാവന ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നു. താങ്കള്‍ക്ക് ശരിയെന്ന് തോന്നിയത് താങ്കള്‍ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാന്‍ പറഞ്ഞു. സമ്പത്തിന്റെൻ്റെ കാര്യത്തില്‍ മാത്രമേ താങ്കളെക്കാള്‍ ഞാന്‍ പിറകിലുള്ളൂവെന്നും ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യതയെന്നും ജലീൽ അൻവറിന് മുന്നറിയിപ്പ് നൽകി.

കെ.ടി ജലീല്‍ മറ്റാരുടേയോ കാലില്‍ ആണ് നില്‍ക്കുന്നതെന്നാണ് അന്‍വര്‍ വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തിന് അത്രയേ പറ്റൂവെന്നും കാര്യങ്ങള്‍ ധീരമായി ഏറ്റെടുക്കാനുള്ള ശേഷിയില്ലായെന്നും അന്‍വര്‍ വിമർശിച്ചിരുന്നു. അൻവറിനൊപ്പം കെടി ജലീലും ഉണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെയാണ് ജലീൽ തന്നെ പരസ്യമായി അൻവറിനെ തള്ളി സിപിഎമ്മിന് ഒപ്പമെന്ന് പ്രഖ്യാപിച്ചിരുക്കുന്നത്.

കെടി ജലീൽ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം;

മിസ്റ്റർ പി.വി അൻവർ, ആരാൻ്റെ കാലിൽ നിൽക്കേണ്ട ഗതികേട് എനിക്കില്ല.

കെ.ടി ജലീൽ ഒരാളുടെയും കാലിലല്ല നിൽക്കുന്നത്. എന്നും സ്വന്തം കാലിലേ നിന്നിട്ടുള്ളൂ. 2006-ലെ തെരഞ്ഞെടുപ്പ് കാലത്ത് അതിസമ്പന്നനായ മഞ്ഞളാംകുഴി അലി എൻ്റെ തൊട്ട അടുത്ത മണ്ഡലമായ മങ്കടയിലാണ് മൽസരിച്ചത്. ഒരു “വാൾപോസ്റ്റർ” പോലും അദ്ദേഹത്തോട് സംഭാവന ചെയ്യണമെന്ന് ഞാൻ ആവശ്യപ്പെട്ടിട്ടില്ല. 2016-ൽ അബ്ദുറഹിമാനും അൻവറും മൽസരിച്ച ഘട്ടത്തിലും ഒരു സാമ്പത്തിക സഹായം അവരോടും അഭ്യർത്ഥിച്ചിട്ടില്ല. അബ്ദുറഹ്മാനും അൻവറും ലോകസഭയിലേക്ക് പൊന്നാനിയിൽ നിന്ന് മൽസരിച്ച ഘട്ടങ്ങളിൽ, നിരവധി പൊതുയോഗങ്ങളിൽ ഞാൻ തൊണ്ടകീറി പ്രസംഗിച്ചിട്ടുണ്ട്. ആ സന്ദർഭത്തിലും സ്ഥാനാർത്ഥികളിൽ നിന്നോ തെരഞ്ഞെടുപ്പ് കമ്മിറ്റികളിൽ നിന്നോ കാറിന് എണ്ണയടിക്കാനോ വഴിച്ചെലവിനോ ഒരു രൂപ പോലും കൈപ്പറ്റിയിട്ടില്ല. സ്വന്തം കീശയിൽ നിന്ന് ഇല്ലാത്ത കാശെടുത്താണ് യോഗസ്ഥലങ്ങളിൽ ഓടിയെത്തിയത്. ഒരു പ്രമാണിയുടെയും ഊരമ്മേൽ, ഇന്നോളം ജലീൽ കൂരകെട്ടി താമസിച്ചിട്ടില്ല.

സ്വന്തം കുടുംബ സ്വത്ത് പോലും വേണ്ടെന്ന് നേരത്തെ പ്രഖ്യാപിച്ച ഒരാൾക്ക് ആരെപ്പേടിക്കാൻ. ഇനി ഒരു തെരഞ്ഞെടുപ്പ് അങ്കത്തിനില്ലെന്ന് അർത്ഥശങ്കക്കിടയില്ലാത്ത വിധം വെക്തമാക്കിയ ഒരാൾക്ക് നിൽക്കാൻ അപരൻ്റെ കാലുകൾ എന്തിന്? ലീഗിലായിരുന്ന കാലത്ത് സാക്ഷാൽ കുഞ്ഞാലിക്കുട്ടിയെ പേടിച്ചിട്ടില്ല. എന്നിട്ടല്ലേ ഇപ്പോൾ! പിണറായി വിജയനെ പിതൃതുല്യനായി കണ്ടിട്ടുണ്ട്. ഇപ്പോഴും കാണുന്നു. മരണം വരെ അങ്ങിനെത്തന്നെയാകും. അത് ഭയം കൊണ്ടല്ല. സ്നേഹം കൊണ്ടാണ്. വമ്പൻമാരായ നാല് കേന്ദ്ര അന്വേഷണ ഏജൻസികൾ കൊമ്പുകുലുക്കി വേട്ടക്കിറങ്ങി പരിശോധിച്ചിട്ടും എൻ്റെ രോമത്തിൽ തൊടാൻ പറ്റിയിട്ടില്ല. മേൽപ്പോട്ട് നോക്കിയാൽ ആകാശവും കീഴ്പോട്ട് നോക്കിയാൽ ഭൂമിയും മാത്രമുള്ള എനിക്ക് പടച്ച തമ്പുരാനെയും എൻ്റെ ഉപ്പാനെയും ഉമ്മനെയുമല്ലാതെ മറ്റാരെയും ഭയപ്പെടേണ്ട കാര്യമില്ല. തെറ്റ് ചെയ്യുന്നവർക്കല്ലേ നാട്ടുകാരെപ്പോലും പേടിക്കേണ്ടതുള്ളൂ.

താങ്കൾക്ക് ശരിയെന്ന് തോന്നിയത് താങ്കൾ പറഞ്ഞു. എനിക്ക് ശരിയെന്ന് തോന്നിയത് ഞാൻ പറഞ്ഞു. സമ്പത്തിൻ്റെ കാര്യത്തിൽ മാത്രമേ താങ്കളെക്കാൾ ഞാൻ പിറകിലുള്ളൂ. ഇങ്ങോട്ട് മാന്യതയാണെങ്കിൽ അങ്ങോട്ടും മാന്യത. മറിച്ചാണെങ്കിൽ അങ്ങിനെ….
സ്നേഹത്തോടെ
ഡോ:കെ.ടി.ജലീൽ

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments