Cinema

കാന്താര 2-ല്‍ മോഹൻലാൽ?

രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ച കന്നഡ ചിത്രമാണ് “കാന്താര”. ഈ ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ അവാര്‍ഡ് സ്വന്തമാക്കി ഋഷഭ് ഷെട്ടി. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകര്‍ കാത്തിരിക്കുകയാണ്. കാന്താര 2-ല്‍ ഒരു നിര്‍ണായകമായ കഥാപാത്രമായി മോഹൻലാൽ ഉണ്ടാകുമെന്നാണ് അനലിസ്റ്റുകള്‍ സൂചിപ്പിക്കുന്നത്. നായകൻ ഋഷഭ് ഷെട്ടിയുടെ അച്ഛൻ കഥാപാത്രമായിട്ടായിരിക്കും മോഹൻലാൽ എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു. പക്ഷേ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.

കാന്താരയുടെ രണ്ടാം ഭാഗം ഒരു പ്രീക്വലായിട്ടാണ് ഋഷഭ് ഷെട്ടി ഒരുക്കുന്നത്. ഇതോടൊപ്പം മലയാള സിനിമയില്‍ പ്രിയപ്പെട്ട നടൻ ജയറാമും കാന്താര 2-ലുണ്ടാകുമെന്ന റിപ്പോര്‍ട്ടുകളും വലിയ ചര്‍ച്ചയായിരിക്കുകയാണ്.

ബോളിവുഡില്‍ എത്തുമോ എന്ന ചോദ്യങ്ങള്‍ക്ക് ഋഷഭ് ഷെട്ടി നേരത്തെ പറഞ്ഞ മറുപടിയും ചര്‍ച്ചയായിരുന്നു. “ഹിന്ദി ചിത്രങ്ങളില്‍ നിന്നും ഓഫറുകള്‍ ലഭിച്ചിട്ടുണ്ട്, പക്ഷേ, കന്നഡ സിനിമകള്‍ക്ക് തന്നെ പ്രാധാന്യം നല്‍കാനാണ് ആഗ്രഹിക്കുന്നത്. കന്നഡ പ്രേക്ഷകരോട് നന്ദിയുണ്ട്. ഞാൻ കന്നഡയിലാണ് ചിത്രീകരിക്കുന്നത് എങ്കിലും ചിത്രത്തിന്റെ ലിപ് സിങ്ക് എനിക്ക് മറ്റ് ഭാഷകളിലും ചെയ്യാനാകും. എനിക്ക് ഹിന്ദി ശരിക്കും അറിയാം. മുംബൈയില്‍ പ്രൊഡക്ഷൻ ഹൗസില്‍ മുമ്പ് താൻ ജോലി ചെയ്‍തിരുന്നു എങ്കിലും ബോളിവുഡിലേക്ക് പോകാൻ ഇപ്പോള്‍ ആഗ്രഹിക്കുന്നില്ല എന്നുമായിരുന്നു ഋഷഭ് ഷെട്ടിയുടെ മറുപടി.

2022 സെപ്റ്റംബര്‍ മാസത്തിലാണ് “കാന്താര” പ്രദര്‍ശനത്തിനെത്തിയത്. ഒരു സാധാരണ കന്നഡ ചിത്രമായിട്ടായിരുന്നു റിലീസ്, പക്ഷേ പ്രേക്ഷകര്‍ക്കിടയില്‍ ലഭിച്ച മികച്ച പ്രതികരണവും മൗത്ത് പബ്ലിസിറ്റിയും വഴി ചിത്രം രാജ്യമൊട്ടാകെ ശ്രദ്ധ നേടി. “കെജിഎഫ്” സിനിമയുടെ നിര്‍മ്മാതാക്കളായ ഹൊംബാലെ ഫിലിംസാണ് കാന്താരയുടെയും നിര്‍മ്മാണം നിര്‍വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *