അടുത്ത ഏതാനും വർഷങ്ങൾക്കുള്ളിൽ കൊച്ചിയിൽ 3000 ലധികം തൊഴിൽ അവസരങ്ങൾ ഒരുങ്ങുന്നു. യു എസ് ആസ്ഥാനമായ പ്രമുഖ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു. എസ്. ടി ഗ്ലോബലാണ് ഇത്തരമൊരു ലക്ഷ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. കൊച്ചിയിൽ മൂവായിരത്തിലധികം അവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾ വിപുലീകരിക്കാനാണ് ഉദ്ദേശമിടുന്നതെന്ന് റിപ്പോർട്ടുകൾ.
ഇതിന്റെ ആദ്യപടിയായി കൊച്ചിയിൽ സ്വന്തം ക്യാംപസ് സ്ഥാപിക്കാനൊരുങ്ങി യു.എസ്. ടി. 2027 ഡിസംബറോടെ – ഓടെ കൊച്ചി ഇൻഫോപാർക്കിൽ കമ്പനിയുടെ സ്വന്തം ക്യാംപസ് പ്രവർത്തനം ആരംഭിക്കും. ഇൻഫോ പാർക്ക് ഫേസ് – 2 ൽ 9 ഏക്കറിലാണ് പുതിയ ക്യാംപസ് ഉയരുന്നത്.
കമ്പനിയുടെ പുതിയ ക്യാംപസിനായുള്ള ശിലാസ്ഥാപനം യു എസ് ടി സി. ഇ. ഒ കൃഷ്ണ സുധീന്ദ്ര നിർവഹിച്ചു. പത്ത് നിലകളുള്ള കെട്ടിടം ഉൾപ്പെടുന്നതായിരിക്കും പുതിയ ക്യാംപസ്. ഇതിൽ 4400 ജീവനക്കാർക്ക് ജോലി ചെയ്യാനല്ല സൗകര്യങ്ങൾ സജ്ജീകരിക്കും. ഇതിനു പുറമേ ജീവനക്കാർക്കായി ജിം, 1400 പേർക്ക് ഇരിക്കാൻ കഴിയുന്ന ഓഡിറ്റോറിയം എന്നിവയും ഉൾപ്പെടുത്തും. ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമിക്കുന്ന ക്യാംപസിൽ ഹരിത ഊർജ മാർഗങ്ങളും ഉൾപ്പെടുന്നതായിരിക്കും.
നിലവിൽ സംസ്ഥാനത്ത് തിരുവനന്തപുരത്താണ് കമ്പനിയ്ക്ക് സ്വന്തമായി ക്യാംപസുള്ളത്. പുതിയ ക്യാംപസ് കൊച്ചിയിൽ പ്രവർത്തനമാരംഭിക്കുന്നതോടെ ഇന്ത്യയിലെ തന്നെ കമ്പനിയുടെ രണ്ടാമത്തെ സ്വന്തം ക്യാംപസായി മാറും. കൊച്ചിയിൽ അടുത്ത ഏതാനും വർഷത്തിനുള്ളിൽ ജീവനക്കാരുടെ എണ്ണം 6000 – ആയി ഉയർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ കമ്പനിയുടെ ഇൻഫോപാർക്ക് ഓഫീസിൽ 2800 ജീവനക്കാരാണുള്ളത്.
1999 -ലാണ് തിരുവനന്തപുരത്ത് തങ്ങളുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് കമ്പനി തുടക്കം കുറിച്ചത്. തുടർന്ന് ഇന്ന് ഇന്ത്യയിലെ ഹൈദരാബാദ്, ഹൊസൂർ, കൊച്ചി, ബംഗളൂരു, ചെന്നൈ, എൻ സി ആർ, പൂനെ, അഹമ്മദാബാദ്, കോയമ്പത്തൂർ, എന്നിവിടങ്ങളിലും ഓഫീസ് പ്രവർത്തനമുണ്ട്.