CrimeKeralaNews

കാഞ്ഞിരപ്പള്ളിയിൽ സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടമായത് 1.86 കോടി

കാഞ്ഞിരപ്പള്ളി: സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ്. വീട്ടമ്മയ്ക്ക് നഷ്ടമായത് 1.86 കോടി രൂപ. കാഞ്ഞിരപ്പള്ളി സ്വദേശിനിയായ വീട്ടമ്മയാണ് തട്ടിപ്പിന് ഇരയായത്. സെപ്റ്റംബർ 1 ന് സി ബി ഐ ഓഫീസിൽ നിന്നും വിളിക്കുകയാണെന്നും വീഡിയോ കോളിൽ വരാൻ പറയുകയും വീഡിയോ കോളിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു. സിബിഐയുടെ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയ യൂണിഫോമിലുള്ള ഒരാൾ വീട്ടമ്മയെ ഭീഷണിപ്പെടുത്തിയാണ്‌ പണം തട്ടിയത്‌.

തട്ടിപ്പിനായി വിളിച്ചയാൾ വീട്ടമ്മയുടെ പേര് വിവരങ്ങളും ബാങ്കിനെ കുറിച്ചുള്ള വിവരങ്ങളും കൃത്യമായി പറഞ്ഞ ശേഷം ആണ് ഭീഷണിപ്പെടുത്തിയത് കൂടാതെ വീട്ടമ്മയുടെ മുംബൈയിലുള്ള അക്കൗണ്ടിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നതായി കണ്ടെത്തിയിട്ടുണ്ടെന്നും വാറണ്ട് ഉള്ളതിനാൽ ഉടൻ അറസ്റ്റ് ചെയ്യുമെന്നുമായിരുന്നു ഭീഷണി. വ്യാജമായി നിർമിച്ച അറസ്റ്റ് വാറണ്ട് കൂടി കാണിച്ചതോടെ ഇവർ പരിഭ്രാന്തയായി. കേസിൽ നിന്നും ഒഴിവാക്കണമെങ്കിൽ പണം നൽകണമെന്നും ആവശ്യപ്പെട്ടു. ഈ കാര്യങ്ങൾ പുറത്ത് പറഞ്ഞാൽ വിദേശത്തുള്ള മക്കളുടെ ജോലി കളയുമെന്നും ഭീഷണിമുഴക്കി.


പിന്നീട് പല തവണകളായി വീട്ടമ്മ 1,86,62,000 രൂപ ഇവർ പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയക്കുകയായിരുന്നു. പണം കൈമാറിയശേഷവും ഇവരെ ബന്ധപ്പെടാൻ കഴിയാതിരുന്നപ്പോഴാണ് തട്ടിപ്പാണെന്ന് വീട്ടമ്മ തിരിച്ചറിയുന്നത്. ഉടൻ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകി. പരാതിയിൽ വിശദമായ അന്വേഷണം നടക്കുകയാണ്. ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന്‌ ജില്ലാ പൊലീസ് മേധാവി ഷാഹുൽ ഹമീദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *