ശ്രീനഗർ: ജമ്മുകശ്മീരിലെ പുൽവാമ ഭീകരാക്രമണക്കേസിലെ പ്രതിയായ 32കാരൻ മരിച്ചു. ജമ്മുവിലെ മെഡിക്കൽകോളേജ് ആശുപത്രിയിൽ വെച്ചാണ് മരണം. ഹൃദയാഘാതമാണ് മരണകാരണം. പുൽവാമ ജില്ലയിലെ ഹജ്ബൽ കാകപോറയിലെ ഗുലാം നബി കുച്ചായിയുടെ മകൻ ബിലാൽ അഹമ്മദ് കുച്ചായ് (32) ആണ് മരിച്ചത്. ഈ കേസിൽ ബിലാൽ അഹമ്മദ് കുച്ചായ് ഉൾപ്പെടെ 19 പ്രതികളാണുണ്ടായിരുന്നത്.
സ്‌ഫോടകവസ്തുക്കൾ നിറച്ച കാർ സിആർപിഎഫ് വാഹന വ്യൂഹത്തിലേക്ക് ഓടിച്ച് കയറ്റിയ ആദിൽ അഹ്മദ് ദർ എന്ന പ്രതിക്ക് താമസിക്കാൻ ഒളിയിടം ഒരുക്കി നൽകിയെന്നതാണ് ഇയാൾക്കെതിരെ ചുമത്തിയിരുന്ന കുറ്റം. എൻഐ നിയമം സെക്ഷൻ 302, ആർപിസി ചട്ടം സെക്ഷൻ 307-120-ബി, 121-എ/122, യുഎപിഎ നിയമത്തിലെ 16, 18, 19, 38, 39 സെക്ഷനുകൾ പ്രകാരവും കേസെടുത്തിരുന്നു. 2020 ജൂലൈ അഞ്ചിനാണ് ഇയാളെ എൻഐഎ കസ്റ്റഡിയിലെടുത്തത്. അന്ന് മുതൽ ജമ്മുവിലെ കിഷ്ത്വാർ ജയിലിൽ കഴിയുകയായിരുന്നു.
2019 ഫെബ്രുവരി 14നാണ് ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലെ അവന്തിപോറയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിനു നേരെ നടന്ന ആക്രമണം. ആക്രമണത്തിൽ 40 ജവാന്മാർ വീരമൃത്യുവരിച്ചത്. കേന്ദ്ര റിസർവ് പോലീസ് സേനയിലെ 2500ഓളം സൈനികർ 78 ബസുകളിലായി ജമ്മുവിൽ നിന്നു ശ്രീനഗറിലേക്ക് സഞ്ചരിക്കുകയായിരുന്നു.