മുംബൈ: മഹാരാഷ്ട്രയിലെ ബദ്ലാപൂര് പട്ടണത്തില്‍ രണ്ട് സ്കൂള്‍ കുട്ടികളെ പീഡിപ്പിച്ച പ്രതി പോലീസ് വെടിവെയ്പ്പില്‍ മരിച്ചു. സ്കൂളില്‍ ക്ലീനറായി ജോലി ചെയ്തിരുന്ന അക്ഷയ് ഷിന്‍ഡെ ആണ് ആഗസ്ത് 12ന് സ്കൂളിലെ ശുചിമുറിയില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെ പീഡനത്തിനിരയാക്കി.
പ്രതിയുടെ ആദ്യ ഭാര്യ നല്കിയ പുതിയ കേസുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്യാനായിട്ടാണ് പ്രതിയെ കൊണ്ടുപോയത്. വിവാഹം കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷം ഇയാളെ ഉപേക്ഷിച്ച് പോയ യുവതി ഇയാള്‍ക്കെതിരെ ബലാത്സംഗത്തിനും ആക്രമണത്തിനും കേസെടുത്തിരുന്നു.
വൈകിട്ട് ആറരയോടെ പോലീസ് സംഘം മുമ്പ്ര ബൈപ്പാസിന് സമീപം എത്തിയപ്പോള്‍ ഷിന്‍ഡെ ഒരു കോണ്‍സ്റ്റബിളിന്റെ തോക്ക് തട്ടിയെടുക്കുകയും നിരവധി തവണ പോലീസിനെതിരെ വെടിയുതിര്‍ക്കുകയും ചെയ്തു. ഇതിനെതിരെ മറ്റൊരു ഉദ്യോഗസ്ഥന് ഷിന്‍ഡയെ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിന്‍ഡയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.