Crime

ഒന്ന് തുപ്പിയതാ തെളിഞ്ഞത് 36 വർഷം പഴക്കമുള്ള കൊലപാതക കേസ്

65-കാരന്‍ നടപ്പാതയില്‍ തുപ്പിയപ്പോള്‍ തെളിഞ്ഞത് 36 വര്‍ഷം പഴക്കമുള്ള കൊലപാതക കേസ്. മസാച്യുസെറ്റ്‌സിലെ ബോസ്റ്റണിൽ ജെയിംസ് ഹോളോമാനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. 1988-ലാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്.

മൂന്നുവയസുകാരിയുടെ അമ്മയായ കരെന്‍ ടെയ്‌ലര്‍ എന്ന 25-കാരിയാണ് കൊല്ലപ്പെട്ടത്. നെഞ്ചിലും കഴുത്തിലും തലയിലുമായി 15 കുത്തുകളേറ്റാണ് ടെയ്‌ലര്‍ ദാരുണമായി കൊല്ലപ്പെട്ടത് എന്നാണ് പോസ്റ്റുമോര്‍ട്ടം പരിശോധനയില്‍ തെളിഞ്ഞത്. ഹോളോമാനാണ് പ്രതിയെന്ന് പോലീസിന് അന്ന് തന്നെ സംശയം ഉണ്ടായിരുന്നുവെങ്കിലും അത് സാധൂകരിക്കാന്‍ ആവശ്യമായ തെളിവുകളൊന്നും ഉണ്ടായിരുന്നില്ല.

കഴിഞ്ഞ വര്‍ഷമാണ് ഹോളോമാന്‍ ബോസ്റ്റണിലെ തന്റെ വീടിന് പുറത്തെ നടപ്പാതയില്‍ തുപ്പിയത്. അധികൃതര്‍ ഹോളോമാന്റെ ഉമിനീരിന്റെ ഡി.എന്‍.എ. പരിശോധന നടത്തിയതോടെയാണ് ഈ കേസില്‍ വഴിത്തിരിവുണ്ടായത്. മൃതദേഹത്തിന്റെ നഖത്തിൽ നിന്ന് കിട്ടിയ ഡി എൻ എയും, സമീപം രക്തത്തില്‍ കുളിച്ച നിലയിലുണ്ടായിരുന്ന ഷര്‍ട്ടില്‍ കണ്ടെത്തിയ ഡി.എന്‍.എയും ജെയിംസ് ഹോളോമാന്റെ ഡി.എന്‍.എയുമായി പൊരുത്തപ്പെട്ടതായി പരിശോധനയില്‍ സ്ഥിരീകരിച്ചു. ഇതോടെ സെപ്റ്റംബര്‍ 19-ന് ഹോളോമാനെ അറസ്റ്റ് ചെയ്തത്.

1988 മേയ് 27-നാണ് കരെന്‍ ടെയ്‌ലറെ അവര്‍ താമസിച്ചിരുന്ന ബോസ്റ്റണിലെ റോക്‌സ്ബറിയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ടെയ്‌ലറിന്റെ ‘അമ്മ ഫോൺ വിളിച്ചപ്പോൾ 3 വയസുകാരി ഫോൺ എടുക്കുകയും അമ്മയെ തിരക്കിയപ്പോൾ ‘അമ്മ ഉറക്കമാണ് വിളിച്ചിട്ട് എഴുന്നേല്‍ക്കുന്നില്ല’ എന്ന് പറഞ്ഞു. സംശയത്തെ തുടർന്ന് അപ്പാർട്മെന്റിൽ ടെയ്‌ലറിന്റെ അമ്മ എത്തുകയും കിടപ്പുമുറിയുടെ ജനലിലൂടെ നോക്കിയപ്പോൾ രക്തത്തില്‍ കുളിച്ച നിലയില്‍ ടെയ്‌ലറുടെ മൃതദേഹം കാണുകയും ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *