ഐഎസ്എൽ സീസണിലെ തങ്ങളുടെ രണ്ടാം മത്സരത്തിനായി കേരളാ ബ്ലാസ്റ്റേഴ്സ് തയാറെടുപ്പിലാണ്. ആദ്യമത്സരത്തിൽ പഞ്ചാബിനോട് തോറ്റ ബ്ലാസ്റ്റേഴ്സിന് കൊച്ചിയിലെ ആരാധകർക്ക് മുന്നിൽ ജയിച്ചേ മതിയാകൂ.
ഈസ്റ്റ് ബംഗാളിനെ നേരിടാൻ ബ്ലാസ്റ്റേഴ്സ് ഒരുങ്ങുമ്പോൾ നായകൻ അഡ്രിയാൻ ലൂണ ആദ്യ ഇലവനിൽ തിരിച്ചെത്തുമെന്നത് ആരാധകർക്ക് ആവേശമാകും.ലൂണക്കൊപ്പം ജീസസ്, വിബിൻ എന്നിവരും ആദ്യ ഇലവനിൽ എത്താനുള്ള സാധ്യതയുണ്ട്.എന്നാൽ ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാകാൻ സാധ്യതയുള്ള മാറ്റങ്ങളാണ് ഈസ്റ്റ് ബംഗാൾ ക്യാമ്പിൽ നിന്നും പുറത്തുവരുന്നത്.
വിലക്കുമാറി, അൻവർ അലി തിരിച്ചെത്തും
2024 – 2025 സീസണിൽ ഈസ്റ്റ് ബംഗാൾ ക്ലബ്ബും തോൽവിയോടെയാണ് തുടങ്ങിയത്, സീസണിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ഈസ്റ്റ് ബംഗാൾ 0 – 1 നു ബംഗളൂരു എഫ് സിക്കു മുന്നിൽ പരാജയപ്പട്ടു. ഇത്തവണ മോഹൻ ബഗാനിൽ നിന്നും വമ്പൻ വിലയ്ക്ക് ടീമിലെത്തിച്ച അൻവർ അലി, ബ്ലാസ്റ്റേഴ്സിനെതിരായ അടുത്ത മത്സരത്തിൽ ഇറങ്ങുമെന്നാണ് റിപ്പോർട്ട്.
അൻവർ അലിയുടെ സാന്നിധ്യത്തേക്കാൾ ബ്ലാസ്റ്റേഴ്സിന് ആശങ്ക നൽകുന്നത് അൻവർ ടീമിലേക്ക് വരുമ്പോൾ മുന്നേറ്റ നിരയിലേക്ക് ഈസ്റ്റ് ബംഗാളിൻ്റെ വിദേശതാരം ക്ലെറ്റൻ സിൽവയോയും ആദ്യ ഇലവനിൽ എത്തുമെന്നാണ്.
നേരത്തെ മോഹൻ ബഗാനുമായുള്ള ട്രാൻസ്ഫർ വിവാദത്തിൽ അൻവർ അലിക്ക് എഐഎഫ്എഫിൻ്റെ പിഎസ്സി കമ്മിറ്റി നാല് മാസത്തെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതോടെ ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ അൻവർ അലി ഇറങ്ങിയിരുന്നില്ല. എന്നാൽ ഈ 4 മാസത്തെ വിലക്ക് പിഎസ്സി കമ്മിറ്റി താൽകാലികമായി റദ്ദാക്കിയതോടെ അൻവർ അലിക്ക് അടുത്ത മത്സരം കളിക്കാനാവും.
മാറ്റങ്ങളോടെ ബ്ലാസ്റ്റേഴ്സ്
പഞ്ചാബ് എഫ് സിക്ക് എതിരേ ഇറങ്ങിയതിൽ നിന്ന് വ്യത്യസ്തമായ സ്റ്റാർട്ടിങ് ഇലവൻ ആയിരിക്കും ഈസ്റ്റ് ബംഗാൾ ക്ലബ്ബിന് എതിരേ ബ്ലാസ്റ്റേഴ്സ് ഇറക്കുക. ഈസ്റ്റ് ബംഗാളിനെതിരേ കേരള ബ്ലാസ്റ്റേഴ്സ് സ്റ്റാർട്ടിങ് ഇലവനിൽ രണ്ടു പ്രധാന മാറ്റങ്ങൾ ഉണ്ടാകും.
വിശ്രമത്തിലായിരുന്ന അഡ്രിയാൻ ലൂണ സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടും. അതുപോലെ പഞ്ചാബ് എഫ് സിക്ക് എതിരെ പകരക്കാരനായി ഇറങ്ങി ടീമിൻ്റെ ഏക ഗോൾ നേടിയ ജെസ്യൂസ് ജിമെനെസും സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെടാനാണ് സാധ്യത.
കേരള ബ്ലാസ്റ്റേഴ്സ് സാധ്യതാ സ്റ്റാർട്ടിങ് ഇലവൻ : സച്ചിൻ സുരേഷ്.( ഗോൾകീപ്പർ), സന്ദീപ് സിങ്, പ്രീതം കോട്ടാൽ, മിലോസ് ഡ്രിൻസിച്ച് / റൂയിവ ഹോർമിപാം, മുഹമ്മദ് സഹീഫ്. ഫ്രെഡ്ഡി ലാലമ്മാവ, അലക്സാന്ദ്രെ കോഫ് / ഡാനിഷ് ഫറൂഖ്, രാഹുൽ കെപി, അഡ്രിയാൻ ലൂണ, നോഹ സദൗയി, മുഹമ്മദ് ഐമൻ, ജെസ്യൂസ് ജിമെനെസ്.