ഗര്‍ഭിണിയായിരുന്ന സ്ത്രീയുടെ ഗര്‍ഭം നായ കാരണം അലസിയതിനാല്‍ നായയുടെ ഉടമ യുവതിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി.ചൈനയിലെ ഷാങ്ഹായ് കോടതിയാണ് ഇങ്ങനെ ഉത്തരവിട്ടത്. യാന്‍ എന്ന സ്ത്രീയ്ക്കാണ് നായയുടെ ഉടമയായ ലി( 90,000 യുവാന്‍) പന്ത്രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കേണ്ടത്. 41 കാരിയായ യാന്‍ തന്റെ താമസസ്ഥലത്തിനടുത്തായി നടക്കുമ്പോഴാണ് ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പ്പെട്ട നായ പെട്ടെന്ന് ഒരു കെട്ടിടത്തില്‍ നിന്ന് പുറത്തേക്ക് ചാടിയത്. പേടിച്ചുപോയ യാന്‍ പിന്നിലേയ്ക്ക് വീഴുകയും സ്ത്രീയുടെ മുതുകിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മാത്രമല്ല വീഴ്ച്ചയില്‍ അരക്കെട്ടിലും അടിവയറ്റിലും അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.
ആശുപത്രിയില്‍ ചെന്നപ്പോള്‍ തന്നെ കുട്ടിയുടെ ഹൃദയമിടിപ്പ് പരിശോധിച്ചുവെന്നും എന്നാല്‍ അത് കണ്ടെത്താനായില്ലെന്നും കൂടുതല്‍ പരിശോധിച്ചപ്പോഴാണ് കുട്ടി മരിച്ചെന്ന് കണ്ടെത്തിയതെന്നും യാനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു. യാന്‍ നാലുമാസം ഗര്‍ഭിണി ആയിരുന്നു. സാധാരണ ഗര്‍ഭം തനിക്ക് സാധ്യമല്ലാത്തതിനാല്‍ തന്നെ മൂന്ന് വര്‍ഷമായി പലതവണ ഐവിഎഫ് ചികിത്സ നടത്തിയാണ് താന്‍ ഗര്‍ഭിണി ആയതെന്നും ആ കുട്ടിയാണ് ഇപ്പോള്‍ നഷ്ടമായതെന്നും ഞാന്‍ ശരിക്കും തകര്‍ന്നുവെന്നും ഇനി തനിക്ക് ഗര്‍ഭിണി ആകാന്‍ സാധിക്കില്ലായെന്നും യാന്‍ ദുഖത്തോടെ പറഞ്ഞു. അതിനാലാണ് താന്‍ നായ ഉടമ ലിയ്ക്ക് എതിരെ പരാതി നല്‍കിയത്.
സംഭവ ദിവസം നായയെ അഴിച്ചു വിട്ടിരുന്നുവെന്നും എന്നാല്‍ തന്‍രെ നായ ആരെയും ഉപദ്രവിച്ചിട്ടില്ലെന്നും ലി അവകാശപ്പെട്ടു. മാത്രമല്ല, ഐവിഎഫ് പോലുള്ള ചികിത്സയില്‍ നിന്ന് ഗര്‍ഭിണി ആയതിനാല്‍ തന്നെ യാന്‍ അതിന്‍രെ ഉയര്‍ന്ന അപകടസാധ്യത കണക്കിലെടുത്ത് കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടതായിരുന്നുവെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. എന്നാല്‍, പൊതുസ്ഥലങ്ങളില്‍ നായ്ക്കളെ കെട്ടിയിട്ടാല്‍ മതിയെന്ന ചൈനയിലെ അനിമല്‍ എപ്പിഡെമിക് പ്രിവന്‍ഷന്‍ നിയമം ചൂണ്ടിക്കാട്ടി കോടതി യാന് അനുകൂലമായി കോടതി വിധി പ്രഖ്യാപിക്കുകയായിരുന്നു.