ന്യു ഡൽഹി: മണിപ്പൂരിൽ കലാപം തുടരുന്നതുമായി ബന്ധപ്പെട്ട ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരോട് ക്ഷുഭിതനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിങ്ങൾ ‘ചോദ്യം ചോദിച്ചാൽ മതി തർക്കിക്കണ്ട’ എന്നായിരുന്നു അമിത് ഷായുടെ മറുപടി. മൂന്നാം മോദി സർക്കാരിൻ്റെ 100 ദിവസത്തെ നേട്ടങ്ങൾ വിശദീകരിക്കാൻ അമിത് ഷാ ഡൽഹിയിൽ വിളിച്ച വാർത്താ സമ്മേളനത്തിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
മണിപ്പൂർ മുഖ്യമന്ത്രി ബീരെൻ സിംഗ് തുടരുന്നത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനാണ് അമിത് ഷാ ക്ഷുഭിതനായത്. നിങ്ങൾക്ക് ചോദിക്കാം എന്നാൽ തർക്കിക്കേണ്ട എന്ന് അമിത് ഷായുടെ മറുപടി നൽകിയത്. മണിപ്പൂരിൽ രണ്ടു വിഭാഗവുമായും ചർച്ച തുടരുകയാണെന്നും, സംസ്ഥാനത്ത് ശാശ്വത സമാധാനത്തിനായി കേന്ദ്ര സർക്കാർ ശ്രമിക്കുകയാണെന്നും അമിത് ഷാ വ്യക്തമാക്കി.
പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുമോ എന്ന ചോദ്യത്തിന് എന്തെങ്കിലും തീരുമാനിച്ചാൽ നിങ്ങളറിയും എന്നായിരുന്നു അമിത് ഷായുടെ മറുപടി. അതേസമയം, വഖഫ് ബിൽ, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് തുടങ്ങിയ സുപ്രധാന വിഷങ്ങളിലും അമിത് ഷാ പ്രതികരിച്ചു. വഖഫ് ബില്ലിൽ നിന്ന് പിന്നോട്ടില്ലെന്നും വൈകാതെ ഇത് പാസാക്കുമെന്നും അമിത് ഷാ അറിയിച്ചു. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഈ സർക്കാരിൻ്റെ കാലത്ത് തന്നെ നടപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
തുടർച്ചയായി മൂന്നാം തവണ അധികാരത്തിലേറിയ എൻഡിഎ സർക്കാർ രാഷ്ട്രീയ സ്ഥിരതയ്ക്ക് ഉദാഹരണമാണെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 60 വർഷത്തിനിടെ ആദ്യമായാണ് ഇത് സംഭവിക്കുന്നത്. വിദേശ നയത്തിലും കരുത്തുറ്റ തീരുമാനങ്ങളാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മൂന്നാം മോദി മന്ത്രിസഭ ആദ്യ 100 ദിവസത്തിനുള്ളിൽ 15 ലക്ഷം കോടിയുടെ പദ്ധതികൾക്ക് അംഗീകാരം നൽകിയെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.