
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തി. ഇന്ന് മാത്രം ഒരു പവൻ സ്വർണത്തിന് 1640 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 70,200 രൂപയായി കുറഞ്ഞു. ഗ്രാമിന്റെ കാര്യത്തിലും വില കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം സ്വർണത്തിന് 205 രൂപ കുറഞ്ഞ് 8775 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലും സ്വർണവില താഴോട്ട് പോവുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇപ്പോൾ ലോക വിപണിയിൽ സ്വർണം വ്യാപാരം ചെയ്യുന്നത്. അമേരിക്കയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങളിലെ പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയാണ് സ്വർണ്ണവില കുറയാനുള്ള പ്രധാന കാരണം.
ലോക വിപണിയിൽ സ്പോട്ട് ഗോൾഡിന്റെ വില 1.8 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,228.70 ഡോളറായി. യു.എസ് ഗോൾഡ് ഫ്യൂച്ചർ വിലയിലും കാര്യമായ കുറവുണ്ടായി. 2.5 ശതമാനം ഇടിഞ്ഞ് ഔൺസിന് 3,236.10 ഡോളറിലാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നേരത്തെ ഇന്ത്യ, ദക്ഷിണ കൊറിയ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുമായി വ്യാപാര കരാറുകൾ ഉണ്ടാക്കുന്നതിനുള്ള ചർച്ചകൾ അവസാന ഘട്ടത്തിലാണെന്ന് പ്രസ്താവിച്ചിരുന്നു. ഈ പ്രസ്താവനയും സ്വർണവില കുറയുന്നതിന് ഒരു കാരണമായി വിലയിരുത്തപ്പെടുന്നു.