നടൻ സിദ്ധാർഥും നടി അദിതി റാവു ഹൈദരിയും വിവാഹിതരായി. അദിതിയാണ് വിവാഹച്ചടങ്ങുകളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് സന്തോഷ വാർത്ത അറിയിച്ചത്. ‘‘നീയാണ് എന്റെ സൂര്യൻ, എന്റെ ചന്ദ്രൻ, എന്റെ എല്ലാ നക്ഷത്രങ്ങളും. മിസിസ് ആൻഡ് മിസ്റ്റർ അദു-സിദ്ധു.’’–വിവാഹച്ചിത്രങ്ങൾ പങ്കുവച്ച് അദിതി കുറിച്ചു.
സിദ്ധാർഥും അദിതി റാവുവും 2021 ൽ ‘മഹാസമുദ്രം’ എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിക്കുമ്പോഴാണ് പ്രണയത്തിലാകുന്നത്. ഇരുവരും ഏറെക്കാലമായി ലിവിങ് ടുഗെദര്‍ ബന്ധത്തിൽ ആയിരുന്നു.
ഹൈദരാബാദിലെ പ്രശസ്തമായ ഹൈദരികുടുംബത്തിൽ ജനിച്ച അദിതി റാവു രാജകീയ പാരമ്പര്യമുള്ള താരമാണ്. എം പി മുഹമ്മദ് സലേ അക്ബർ ഹൈദരിയുടെയും ജെ. രാമേശ്വർ റാവുവിന്റെയും കൊച്ചുമകളാണ് താരം. തെലങ്കാനയിലെ വാനപർത്തി നാട്ടുരാജ്യത്തിലെ അവസാനത്തെ ഭരണാധികാരി അദിതി റാവുവിന്റെ അമ്മയുടെ മുത്തച്ഛനായിരുന്നു.
ഇരുവരുടെയും രണ്ടാം വിവാഹമാണിത്. 2003ൽ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാർഥ് ഡൽഹിയിൽ നിന്നുള്ള തന്റെ ബാല്യകാല സുഹൃത്ത് മേഘ്നയുമായി വിവാഹിതനായി. ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ ദാമ്പത്യ ജീവിതം അധികം നാൾ നീണ്ടുനിന്നില്ല. ഇവർ 2007ൽ വിവാഹമോചനം നേടി.
ബോളിവുഡ് നടൻ സത്യദീപ് മിശ്രയാണ് അദിതിയുടെ ആദ്യ ഭർത്താവ്. 2002ൽ വിവാഹിതരായ ഇവർ 2012ൽ വേർപിരിഞ്ഞു.
ശങ്കറിനൊപ്പമുള്ള കമൽഹാസന്റെ ഇന്ത്യൻ 2 ആണ് സിദ്ധാർഥിന്റേതായി റിലീസ് ചെയ്ത അവസാന ചിത്രം. താജ്: ഡിവൈഡഡ് ബൈ ബ്ലഡ് എന്ന രണ്ട് ഭാഗങ്ങളുള്ള വെബ് സീരീസിലാണ് അദിതി അവസാനമായി പ്രത്യക്ഷപ്പെട്ടത്.