News

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്ക് തിരിച്ചടി; മുൻ മന്ത്രി കരൺദേവ് കാംബോജ് കോൺഗ്രസിൽ ചേർന്നു

നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ ബി ജെ പിക്ക് തിരിച്ചടി നൽകി മുൻ മന്ത്രി കരൺദേവ് കാംബോജ് കോൺഗ്രസിൽ ചേർന്നു. ഒ ബി സി മോർച്ച മുൻ അധ്യക്ഷനും മുൻ മന്ത്രിയുമായ കരൺദേവ്, നിയമസഭാ സീറ്റ് ലഭിക്കാത്തതിനെ തുടർന്നുള്ള അതൃപ്തിയിലാണ് പാർട്ടി വിട്ടത്.

രഡൗർ, ഇന്ദ്രി മണ്ഡലങ്ങളിൽ നിന്ന് മത്സരിക്കാനുള്ള പ്രതീക്ഷക്കൊപ്പം പാർട്ടിയിൽ സീറ്റ് ലഭിക്കാത്തതും, മുൻ എം എൽ എ ശ്യാം സിംഗ് റാണയെയും സിറ്റിംഗ് എം എൽ എ രാം കുമാർ കശ്യപിനെയും ബി ജെ പി പരിഗണിച്ചതുമാണ് കരൺദേവിന്റെ അതൃപ്തിക്ക് കാരണമായത്. “ചതിയനെ പരിഗണിച്ചിരിക്കുകയാണ് പാർട്ടി,” എന്ന് കരൺ വിമർശിച്ചു.

പാർട്ടി വിടാനുള്ള പ്രഖ്യാപനത്തിന് പിന്നാലെ, ബി ജെ പി നേതാക്കൾ കരൺദേവിനെ അനുനയിപ്പിക്കാൻ ശ്രമം നടത്തി, എന്നാൽ നീക്കം പരാജയപ്പെട്ടു. തുടർന്ന് ഡൽഹിയിലേക്കും നേതൃത്വം അദ്ദേഹത്തെ വിളിപ്പിച്ചു. എന്നാൽ ദേശീയ നേതൃത്വത്തിന് മുൻപിലും അദ്ദേഹം അതൃപ്തി പരസ്യമാക്കി.

ഭൂപേന്ദർ ഹൂഡയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, കരൺദേവ് കോൺഗ്രസിൽ ചേർന്ന് ഇന്ദ്രി മണ്ഡലത്തിലെ സ്ഥാനാർത്ഥി രാകേഷ് കംബോജിന് വേണ്ടി പ്രവർത്തിക്കുമെന്ന് അറിയിച്ചു. ഒ ബി സി വിഭാഗങ്ങൾക്കിടയിൽ കരൺദേവിന്റെ ശക്തമായ സ്വാധീനം കോൺഗ്രസിന് അനുകൂലമായേക്കുമെന്നാണ് പ്രതീക്ഷ.

ഒക്ടോബർ 5 ന് ഹരിയാനയിൽ നിയമസഭ തിരഞ്ഞെടുപ്പാണ് നടക്കുന്നത്. രാജ്യത്തെ പ്രീ പോൾ സർവേകൾ കോൺഗ്രസിന് മുന്നിൽ ശുഭ സൂചന നൽകുന്ന സാഹചര്യത്തിലാണ് കരൺദേവിന്റെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *