സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ പ്രമുഖരുടെയും ഫോൺ സംഭാഷണങ്ങൾ താൻ ചോർത്തിയെന്ന് അവകാശപ്പെട്ടാണ് ഭരണപക്ഷ എം എൽ എ ആയ പി വി അൻവർ ആഭ്യന്തര വകുപ്പിനെതിരെയും മുഖ്യമന്ത്രി പിണറായി വിജയൻറെ പൊളിറ്റിക്കൽ സെക്രട്ടറി പി വി ശശിക്കുമെതിരെ ആരോപണങ്ങളും ആക്ഷേപങ്ങളും ഉന്നയിച്ചത്. ഫോൺ ചോർത്തിയെന്ന് ഒരാൾ പരസ്യമായി അംഗരീകരിച്ചിട്ടും കേരള പൊലീസോ മുഖ്യമന്ത്രിയോ അത് കേട്ട ഭാവം ഇതുവരെ നടിച്ചിട്ടല്ല. എന്നാൽ നമ്മുടെ രാജ്യത്തെ നിയമം പറയുന്നത് ഫോൺ ചോർത്തിയെന്ന് സമ്മതിച്ച പി വി അൻവർ ശിക്ഷയ്ക്ക് വിധേയനാകണം എന്നാണ്. നിയമ വിദഗ്‌നായ സുരേഷ് വണ്ടന്നൂർ ഇതേക്കുറിച്ച് വിശദമാക്കുന്നത് ഇങ്ങനെയാണ്..
ഭാരതീയ സാക്ഷി അതിനിയം-2023 സെക്ഷൻ 21 പ്രകാരം ഒരാൾ താൻ ഫോൺ ടാപ്പിംഗ് നടത്തി എന്ന് ഏതെങ്കിലും സാഹചര്യത്തിൽ നേരത്തേ സമ്മതിച്ചിട്ടുണ്ടെങ്കിൽ അക്കാര്യം പിന്നീട് കോടതിക്ക് മുന്നിൽ തെളിയിക്കേണ്ട കാര്യമില്ല. അയാൾ നിയമം അനുശാസിക്കുന്ന ശിക്ഷയ്ക്ക് വിധേയനാകും എന്നാണ് നിയമം പറയുന്നത്. ഒരു മനുഷ്യന്റെ സ്വകാര്യ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് അയാളുടെ ടെലിഫോൺ ഉപയോഗവു, അതിനുള്ള സുരക്ഷയും. ആകയാൽ ഇന്ത്യൻ ഭരണഘടനയുടെആർട്ടിക്കിൾ 21 പ്രകാരം ഫോൺ ടാപ്പിംഗ് സ്വകാര്യതാലംഘനവും ശിക്ഷാർഹവുമാണ്.
സംസ്ഥാന രാഷ്ട്രീയത്തിൽ ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഫോൺ ടാപ്പിംഗ്. ആർക്കൊക്കെ ഏതെല്ലാം സാഹചര്യത്തിലാണ് ഫോൺ ടാപ്പിംഗ് അനുവദനീയമായത് ? വിപരീതമായി അത് ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകൾ എന്തൊക്കെയാണ് ? ഇതേക്കുറിച്ച് ഒരു പരിശോധന ഇപ്പോൾ അന്ത്യന്തം അനിവാര്യമാണെന്ന് തന്നെ കരുതുന്നു. 1885-ലെ ടെലഗ്രാഫിക് ആക്ട് ഇല്ലാതാക്കിയിട്ടാണ് പകരം 2023, ഡിസംബർ 20-ന് ടെലിക്കമ്മ്യൂണിക്കേഷൻ ബിൽ ലോക് സഭ പാസ്സാക്കി. പിറ്റേ ദിവസം തന്നെ രാജ്യസഭയും അത് പാസ്സാക്കിയെടുത്തു. ടെലികോം മേഖലയ്ക്ക് തന്നെ സമഗ്രമായ ഒരു ചട്ടക്കൂടാണ് പ്രസ്തുത ബിൽ എന്നു പറയാതെ വയ്യ.
ടാപ്പിംഗിന് ആർക്കാണ് അധികാരം
ഇന്ത്യാ ഗവൺമെന്റിന്റെ ആഭ്യന്തര സെക്രട്ടറിയുടെയോ,ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റിന്റെ ആഭ്യന്തര സെക്രട്ടറിയുടെയോ അംഗീകൃത ഉത്തരവില്ലാതെ ടെലിഫോണുകൾ ടാപ്പ് ചെയ്യുന്നത് കുറ്റകരമാണ്. അംഗീകൃത ഏജൻസികൾക്കും രണ്ട് മാസത്തേക്ക് മാത്രമാണ് അനുമതി പറയുന്നത്. പുതുക്കിയില്ലെങ്കിൽ അധികാരം ഇല്ലാതാകുന്നതാണ്.
ഫോൺ ടാപ്പിംഗ് പ്രവർത്തിക്കുന്നത്
പ്രത്യേക ഇലക്ട്രോണിക്സ് ഉപകരണങ്ങൾ ഉപയോഗിച്ച് ഒരാളുടെ ഫോൺ സംഭാഷണം നിയമവിരുദ്ധമായി, രഹസ്യമായി കേൾക്കുന്ന പ്രവർത്തനമാണ് ഫോൺ ടാപ്പിംഗ്. ഒരു ഫോണിൽ നിന്ന് മറ്റൊന്നിലേക്ക് സംഭാഷണം വയർ ടാപ്പ് ചെയ്യും. വയറിൽ ടാപ്പ് ചെയ്യുന്നതിലൂടെ ഏജന്റുമാർക്ക് വ്യത്യസ്ത ടെലിഫോണുകളിൽ രണ്ട് ആളുകൾ തമ്മിലുള്ള സംഭാഷണം നിരീക്ഷിക്കാൻ കഴിയുന്നു.
ഏത് സാഹചര്യത്തിൽ ഫോൺ ടാപ്പ് ചെയ്യാം
ടെലികമ്മ്യൂണിക്കേഷൻ ആക്ട്-2023 സെക്ഷൻ 22(2) പ്രകാരം ഏതെങ്കിലും പൊതു അടിയന്തര സാഹചര്യം ഉണ്ടായാൽ അല്ലെങ്കിൽ പൊതു സുരക്ഷയെ മുൻനിർത്തി, കേന്ദ്ര ഗവൺമെന്റിനോ, സംസ്ഥാന സർക്കാരിനോ, അല്ലെങ്കിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനായി പ്രത്യേകം അധികാരപ്പെടുത്തിയ ഏതെങ്കിലും ഉദ്യോഗസ്ഥനോ, അത് ആവശ്യമാണെന്ന് ബോധ്യപ്പെട്ടാൽ അല്ലെങ്കിൽ ഇന്ത്യയുടെ പരമാധികാരവും അഖണ്ഡതയും, സംസ്ഥാനത്തിന്റെ പ്രതിരോധവും സുരക്ഷയും, വിദേശ രാജ്യങ്ങളുമായുള്ള സൗഹൃദബന്ധം, പൊതുക്രമം,അല്ലെങ്കിൽ അത്തരം നടപടിക്രമങ്ങൾക്കും സുരക്ഷകൾക്കും വിധേയമായി ഏതെങ്കിലും കുറ്റകൃത്യം ചെയ്യാനുള്ള പ്രേരണ തടയുന്നതിന് വേണ്ടി ഫോൺ ടാപ്പ് ചെയ്യാവുന്നതാണ്.
അനധികൃത ഫോൺ ടാപ്പിംഗിനുള്ള ശിക്ഷ
ടെലിമ്മ്യൂണിക്കേഷൻ ആക്ട്-2023 സെക്ഷൻ 42(2)ബി പ്രകാരം അനുമതിയില്ലാതെ ഫോൺ ടാപ്പ് ചെയ്യുന്ന ഒരാൾക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കും. രണ്ട് കോടി രൂപ വരെ വർധിച്ചേക്കാവുന്ന പിഴ, അല്ലെങ്കിൽ രണ്ടും കൂടിയാണ് ശിക്ഷ. ഒരു മെട്രോപോളിറ്റൻ മജിസ്ട്രേറ്റിനോ,ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനോ ആണ് കുറ്റക്കാരനെ വിചാരണ നടത്തി ശിക്ഷിക്കാനുള്ള അധികാരമുള്ളത്.
1997-ലെ പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസ് വേഴ്സസ് യൂണിയൻ ഓഫ് ഇന്ത്യ എന്ന കേസിൽ, നിയമപരമായ നടപടികളോ ശരിയായ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ ഫോൺ ചോർത്തുന്നത് ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ലംഘിക്കുന്നതായി സുപ്രീം കോടതി വിധിച്ചിട്ടുണ്ട്.